ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് താരങ്ങള്‍ പറയുന്നു. ജീവന്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഓപ്പണര്‍ തമീം ഇക്ബാല്‍ ട്വീറ്ററിൽ കുറിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നും ടീമംഗങ്ങള്‍ ഓടി കഷ്ടിച്ച് രക്ഷപ്പെടുകയായിരുവെന്ന് താരങ്ങൾ പറയുന്നു. ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിച്ചെന്നാണ് മുഷ്ഫിക്കര്‍ റഹീം പറഞ്ഞത്. വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അതേസമയം താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ പ്രത്യേക കൗണ്‍സിലിംഗ് നല്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. ഉടനെ തന്നെ താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോഴാണ് പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഇതോടെ ബംഗ്ലദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

അതേസമയം വെടിവയ്പ്പിൽ 40 മരണം ആയി. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20ൽ അധികം പേർക്കു പരുക്കേറ്റു. അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.