ഫാ. ബിജു കുന്നയ്ക്കാട്ട്, നോട്ടിംഗ്ഹാം

നോട്ടിംഗ്ഹാം: യു കെ ജനതയെ നടുക്കിയ മോട്ടോര്‍വേ അപകടത്തിലില്‍ മരണപ്പെട്ട നോട്ടിംഗ്ഹാം സ്വദേശി കടൂക്കുന്നേല്‍ സിറിയക് ജോസഫിന് (ബെന്നി – 52) അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വച്ച് ഇന്ന് യാത്രാമൊിയേകും. (പള്ളിയുടെ അഡ്രസ്: 3, Thackeray’s Lane, NG 5 4HT, Nottingham). ഉച്ചകഴിഞ്ഞ് കൃത്യം 2 മണിക്ക് വി. കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. വി. കുര്‍ബാനയ്ക്കും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ബെന്നിയുടെ മൃതദേഹത്തില്‍ പൊതുദര്‍ശനത്തിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ബുധനാഴ്ചയോടുകൂടി ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനു കൈമാറിയ ബെന്നിയുടെ മൃതദേഹം നോട്ടിംഗ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. യു.കെ.യിലെ പ്രധാന വഴിയായ മോട്ടോര്‍വേയുടെ യാത്രാസുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ഈ ദാരുണ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പതിവിലും വേഗത്തിലാണ് പോലീസ് അധികാരികളും ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയത്. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.

നോട്ടിംഗ്ഹാമിലെ ഇന്നത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനുശേഷം ഞായറാഴ്ച രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ബെന്നിയുടെ മൃതദേഹം കടൂക്കുന്നേല്‍ കുടുംബക്കല്ലറയിലാണ് സംസ്‌കരിക്കുന്നത്. ബെന്നിയുടെ കുടുംബാംഗങ്ങളും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് പോകുന്നവരും ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കും.

ഞായറാഴ്ച ഉച്ചയോടുകൂടി ചേര്‍പ്പുങ്കലുള്ള കുടുംബവീട്ടില്‍ എത്തിക്കുന്ന ബെന്നിയുടെ മൃതദേഹം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലാരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളെത്തുടര്‍ന്ന് മൃതദേഹം ചേര്‍പ്പുങ്കല്‍ പള്ളിയിലേയ്ക്കും തുടര്‍ന്ന് അന്ത്യവിശ്രമം കൊള്ളാനുള്ള കുടുംബക്കല്ലറയിലേക്കും കൊണ്ടുപോകും. ബെന്നിയുടെ ഭാര്യ ആന്‍സി, മക്കളായ ബെന്‍സണ്‍, ബെനീറ്റ, കുടുംബാംഗങ്ങളായ പ്രിയന്‍, ജോളി, മിനി സ്റ്റീഫന്‍ എന്നിവരെക്കൂടാതെ നോട്ടിംഗ്ഹാമിലെ ബെന്നിയുടെ സുഹൃത്തുക്കളായിരുന്ന അഡ്വ. ജോബി പുതുക്കുളങ്ങര, സോയിമോന്‍ ജോസഫ്, സിന്ധു സോയിമോന്‍, നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കുചേരാനായി പോകുന്നുണ്ട്.

കഴിഞ്ഞമാസം 26-ാം തീയതി വെളുപ്പിന് മൂന്ന് മണിയോടു കൂടിയാണ് ബെന്നി ഉള്‍പ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം എം 1 മോട്ടോര്‍വേയില്‍ ഉണ്ടായത്. ബെന്നിയുള്‍പ്പെടെ 12 പേര്‍ നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ കമ്മിറ്റിയംഗം, വിവിധ സംഘടനകളിലെ സാരഥി, മികച്ച ഗായകന്‍, സംഘാടകന്‍ ഇങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബെന്നി എന്നറിയപ്പെട്ടിരുന്ന സിറിയക് ജോസഫിന്റേത്. തങ്ങളുടെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ തീരാദുഃഖത്തിലാണ് നോട്ടിംഗ്ഹാം നിവാസികള്‍.

തങ്ങളുടെ പ്രിയ ബെന്നിച്ചന് അന്ത്യയാത്ര പറയാന്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നോട്ടിംഗ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഒത്തുചേരും. ഇന്ന് നോട്ടിംഗ്ഹാമില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളുടെയും തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലും ക്‌നാനായ പത്രം ഫേസ്ബുക്ക് പേജിലും ലഭ്യമായിരിക്കും.