സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുളള 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുതിയ തലത്തിലേയ്ക്ക്. ബിനോയി കോടിയേരിക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. ദുബായ് ജാസ് ടൂറിസം എംടി ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി തിങ്കളാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് പണമടച്ചു.ബിനോയ് കോടിയേരി 13 കോടി രൂപ വെട്ടിച്ചു എന്നാണ് മര്‍സൂഖിയുടെ പരാതി

ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിചിരുന്നു. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് പരാതി.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
ബിനോയ് ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. ബിനോയ് നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടികളിലേയ്ക്ക് കടന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.