കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വൈകിട്ട് ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങിയപ്പോള്‍ നാല് സര്‍വേകള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. അതേസമയം കേരളത്തില്‍ ഇക്കുറി യുഡിഎഫ് തരംഗമാണെന്നും ദേശീയമാധ്യമങ്ങള്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

14 മുതല്‍ 16 സീറ്റുകളാണ് യുഡിഎഫിന് ഇതുവരെ വന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. മൂന്ന് മുതല്‍ അ‍ഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും. ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.

15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്‍റെ പ്രവചനം.

ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.