പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്‌പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്‍റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധിക്കിടെ ലൈംഗികാരോപണ പ്രതിസന്ധിയെ നേരിട്ട് ബോറിസ് ജോൺസൺ

ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻ‌കോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻ‌കോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.

അതേസമയം, ബ്രെക്‌സിറ്റ്‌ വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക്‌ സസ്‌പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.