കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തെരേസ മേയുടെ നേതൃത്വത്തിനെതിരായ കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തെരേസ മേയുടെ നേതൃത്വത്തിനെതിരായ കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍
December 10 05:45 2018 Print This Article

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ഉയരുന്ന കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ജോണ്‍സണ്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. അതേസമയം തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റില്‍ ടോറികള്‍ക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ചൊവ്വാഴ്ച കോമണ്‍സില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ വ്യക്തിപരമായി തനിക്കുള്ള ഉത്തരവാദിത്തവും സംഭവിച്ച കാര്യങ്ങളും ഇകഴ്ത്തി കാണരുത്. നിരവധി കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന് അപ്രമാദിത്വമുണ്ടാക്കുന്ന ധാരണയില്‍ ഏര്‍പ്പെടേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അത്തരമൊരു സാഹചര്യത്തെ അസംബന്ധമെന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് കരട് ധാരണ പ്രധാനമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ഈ ധാരണയനുസരിച്ച് യുകെ ഒരു കോളനിയായി മാറുമെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഐറിഷ് ബോര്‍ഡര്‍ ബാക്ക്‌സ്‌റ്റോപ്പ് ബ്രിട്ടനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുമെന്നും പിന്‍മാറ്റ ബില്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന 39 ബില്യന്‍ പൗണ്ടിന്റെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

ഭാവി വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ബ്രസല്‍സിനും ബ്രിട്ടനെ ഭീഷണിപ്പെടുത്താനുള്ള അവസരമാണ് ബാക്ക്‌സ്റ്റോപ്പ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രിക്കെതിരെ നില്‍ക്കുമോ എന്ന ചോദ്യത്തിന് ഏറ്റവും യുക്തമെന്ന് തോന്നുന്ന കാര്യത്തിന് താന്‍ മുന്നിലുണ്ടാകും എന്ന മറുപടിയാണ് ജോണ്‍സണ്‍ നല്‍കിയത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles