റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് വലിയ പ്രതീക്ഷ വയ്ക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. മികച്ച കളിക്കാരുണ്ടായിട്ടും സമീപകാലത്ത് നടന്ന ലോകകപ്പുകളിലൊന്നും ക്വര്‍ട്ടറിനപ്പുറം മുന്നേറാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ആ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ഗാരി സൗത്ത് ഗേറ്റിന്റെ പരിശീലനത്തില്‍ ടീം ഇറങ്ങുന്നത്.

എന്നാല്‍ ഇംഗ്ലണ്ട് ഇപ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധിയിലാണ്. ലോകകപ്പ് ബഹിഷ്‌കരക്കാന്‍ ഇംഗ്ലണ്ടിലെ എംപി മാരും മറ്റും ആവശ്യപ്പട്ടതാണ് ഇതിന് കാരണം. മുന്‍പ് ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ചരുന്ന റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌കരിപലിനേയും മകളേയും അബോധാവസ്ഥയില്‍ വഴിയരികില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിഷവാതകമേറ്റാണ് ഇരുവരും ഗുരുതരാവസ്ഥയിലായത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ റഷ്യയില്‍ നിന്ന് മടങ്ങിവരുന്നവഴിയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് മറ്റ് 21 പേരും ചികിത്സ തേടിയിരുന്നു.

റഷ്യയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായാല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരം ഇംഗ്ലണ്ട് ബഹിഷ്‌കരിക്കണമെന്നാണ് ഒട്ടേറെ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പിന്‍മാറിയാല്‍ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ടിനെ ഫിഫ വിലക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.