ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വെള്ളം കുറഞ്ഞതോടെ മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം. മീൻപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെ രാവിലെ നെയ്യങ്കയം പുഴ ആളുകളെക്കൊണ്ട് നിറഞ്ഞു. ക്വിന്റൽ കണക്കിനു മീനാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കൊണ്ടുപോയത്. മീനുകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നിർദേശപ്രകാരം പൊലീസ് ഇടപെട്ട് മീൻപിടിത്തം തടഞ്ഞു.

കഴിഞ്ഞ രാത്രി മീൻപിടിക്കാനെത്തിയവർ വെള്ളം കലക്കിയതാണ് അടിത്തട്ടിലെ മീനുകൾ മുകളിലെത്താൻ കാരണം. ശ്വാസം കിട്ടാതെ പൊങ്ങിയ മീനുകളെ നാട്ടുകാർ പിടിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതു പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ഒട്ടേറെ പേർ നെയ്യങ്കയത്ത് എത്താൻ തുടങ്ങി. വറ്റിവരണ്ട പുഴ മണിക്കൂറുകൾക്കകം ആളുകളെക്കൊണ്ട് നിറഞ്ഞു. 50 അടിയിലേറെ ആഴമുള്ള നെയ്യങ്കയത്തിൽ ഒരാൾ പൊക്കത്തിൽ മാത്രമേ ഇപ്പോൾ വെള്ളമുള്ളൂ. വെള്ളത്തിൽ ഇറങ്ങി ആളുകൾ അപൂർവയിനം മീനുകളെയടക്കം പിടിച്ചുക്കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ച സംസ്ഥാന ജൈവ വൈവിധ്യബോർഡ് അടിയന്തിര നടപടിക്ക് പൊലീസിനു നിർദേശം നൽകി

രാവിലെ 11ന് ആദൂർ എസ്ഐ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോഴേക്കും ഭൂരിഭാഗം മീനുകളും ആളുകൾ കൊണ്ടുപോയിരുന്നു. മീൻ പിടിക്കുകയായിരുന്നവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേർത്ത് മീൻപിടിത്തം തടയാൻ തീരുമാനിച്ചു. 3 ദിവസത്തേക്ക് പുഴയിൽ പൊലീസ് കാവലും ഏർപ്പെടുത്തി. ഇവിടെ നിന്നു മോട്ടോർ ഉപയോഗിച്ചു വെള്ളം എടുക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വയ്ക്കാനും തീരുമാനിച്ചു.

മീനുകൾക്ക് ഓക്സിജൻ ലഭിക്കാനായി സമീപത്തെ കുളങ്ങളിൽ നിന്നു വെള്ളം കയത്തിലേക്ക് പമ്പ് ചെയ്തുവിട്ടു. പഞ്ചായത്ത് അംഗങ്ങളായ ശോഭ പയോലം,ടി.ഗോപാലൻ എന്നിവർ രക്ഷാധികാരികളും എം.രാഘവൻ നായർ നെയ്യങ്കയം ചെയർമാനും എം.സരിത് കുമാർ കൺവീനറുമായി നാട്ടുകാരുടെ സമിതിയും രൂപീകരിച്ചു. വെള്ളം കലങ്ങിയതിനാൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ഭീഷണിയായിട്ടുണ്ട്

വംശനാശഭീഷണി നേരിടുന്നവയടക്കം ഒട്ടേറെ അപൂർവങ്ങളായ മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണിത്. കേരളത്തിൽ കണ്ടുവരുന്ന 160 ഓളം തദ്ദേശീയ മത്സ്യങ്ങളിൽ ഭൂരിപക്ഷവും ഇവിടെയുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കേരളത്തിൽ വളരെക്കുറച്ച് മാത്രം കണ്ടുവരുന്ന പാലാമ എന്ന ഭീമൻ ആമ, ഏരി, കരിമീൻ, തേൻമീൻ, കൊത്യൻ, കൊഞ്ച്, പുല്ലൻ അടക്കം ഒട്ടേറെ ഇനം മീനുകൾ ഇവിടെയുണ്ട്.

100 ഗ്രാം മുതൽ 10 കിലോ വരെ ഭാരമുള്ള മീനുകളുണ്ട് .ഇവയുടെ നിലനിൽപിനു തന്നെ ഇന്നലത്തെ കൂട്ടക്കുരുതി ഭീഷണിയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലവും ആവാസവ്യവസ്ഥയുടെ നാശവും കാരണം മത്സ്യങ്ങൾ കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ അതിക്രമം.‌