ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്ത് വാഗ്ദാനം ചെയ്ത പ്രതിവാരം 350 മില്യന്‍ പൗണ്ട് ലഭ്യമാക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് ആവശ്യപ്പെടും. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പതിവില്ലാത്ത വിധത്തില്‍ ഇങ്ങനെയൊരു ആവശ്യം സ്റ്റീവന്‍സ് ഉന്നയിക്കുമെന്നാണ് വിവരം. ലീവ് ക്യാംപെയിന്‍ നയിച്ചവരുടെ വാഗ്ദാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സ്റ്റീവന്‍സ് ലക്ഷ്യമിടുന്നത്. ഈ തുക നല്‍കണമെന്ന് അദ്ദേഹം നേരിട്ട് ആവശ്യപ്പെടില്ല. പകരം എന്‍എച്ച്എസിന് പണം അനുവദിക്കാന്‍ ബ്രെക്‌സിറ്റ് മൂലമുണ്ടായ പ്രതിസന്ധികള്‍ മൂലം സാധിക്കുകയില്ലെന്ന് ചാന്‍സലര്‍ പറഞ്ഞാല്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ലെന്ന വാക്കുകളിലൂടെയുള്ള പരോക്ഷ ആക്രമണമായിരിക്കും നടത്തുകയെന്നാണ് അറിയുന്നത്.

എന്‍എച്ച്എസ് പ്രൊവൈഡര്‍മാരുടെ യോഗത്തിലായിരിക്കും സ്റ്റീവന്‍സിന്റെ പ്രസംഗം. ബാലറ്റ് പേപ്പറില്‍ എന്‍എച്ച്എസ് ഇല്ലായിരുന്നെങ്കിലും പ്രചാരണത്തില്‍ അതിന്റെ പേര് ഉപയോഗിച്ചിട്ടുണ്ട്. നല്ല രീതിയില്‍ ഫണ്ട് ലഭിക്കുന്ന എന്‍എച്ച്എസിനായി ലീവ് പക്ഷത്തിന് വോട്ട് ചെയ്യാനായിരുന്നു പ്രചാരണം. ആഴ്ചയില്‍ 350മില്യന്‍ പൗണ്ട് ലഭിക്കുമെന്ന വാഗ്ദാനവും ഇതിനൊപ്പം നല്‍കിയിരുന്നു. എന്‍എച്ച്എസ് ഫണ്ടിംഗിനേക്കുറിച്ചുളള വാഗ്ദാനം ഇല്ലായിരുന്നെങ്കില്‍ പലരും യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി വോട്ട് ചെയ്യുമായിരുന്നെന്ന് വോ്ട്ട് ലീവ് ക്യാംപെയിന്‍ ഡയറക്ടര്‍ ഡൊമിനിക് കുമ്മിംഗ്‌സ് നടത്തിയ വിശകലനവും സ്റ്റീവന്‍സ് ഉന്നയിക്കും.

സ്റ്റീവന്‍സിനു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടും യോഗത്തില്‍ പ്രസംഗിക്കുന്നുണ്ട്്്. എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ അടുത്തിടെ സ്റ്റീവന്‍സ് ഹണ്ടുമായി കൊമ്പ് കോര്‍ത്തിരുന്നു. ജീവനക്കാരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും അടുത്ത വര്‍ഷത്തോടെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയെന്ന് ഹണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.