യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മഴ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും തുടരുമെന്നാണ് കരുതുന്നത്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. വെസ്റ്റ് കണ്‍ട്രിയിലെ ചില പ്രദേശങ്ങളിലും ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ഏതാണ്ട് ഉച്ചയോടെ ആരംഭിച്ച മഴ ചില സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടര ഇഞ്ച് വരെ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിലായിരുന്നു പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലിങ്കണ്‍ഷെയര്‍ തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ലഭിക്കുകയാണെങ്കില്‍ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചില ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദമാണ് മഴ ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം. വില്‍റ്റ്‌ഷെയറിലെ കെന്നറ്റ് നദിക്കും ലോവര്‍ ആവോണിനും അടുത്ത് താമസിക്കുന്നവര്‍ വെള്ളപ്പൊക്കം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും കൂടുതല്‍ തെളിച്ചമുള്ള ദിനങ്ങളാണ് ഈ വര്‍ഷം ഏപ്രിലില്‍ യുകെയില്‍ ലഭ്യമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ബുധനാഴ്ച്ചയോടെ മഴ മാറി തെളിഞ്ഞ ആകാശം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ ലഭിക്കുന്നതോടെ താപനില 8 മുതല്‍ 9 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന താപനില 29.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.