ബ്രിട്ടീഷ് പെന്‍ഷനര്‍മാരുടെ വരുമാനത്തില്‍ സാരമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഒരു പെന്‍ഷനര്‍ ഫാമിലിയുടെ ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 27,283 പൗണ്ടായിരുന്നു. 2005-06 വര്‍ഷത്തേതിനേക്കാള്‍ 10,000 പൗണ്ട് കൂടുതലാണ് ഇത്. ഇതേ കാലയളവില്‍ വര്‍ക്കിംഗ് ഫാമിലികളുടെ വരുമാനത്തിലുണ്ടായത് 36 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമാണ്. 36,332 പൗണ്ട് മാത്രമാണ് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി വര്‍ദ്ധന. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ ശരാശരി വരുമാനം പെന്‍ഷന്‍കാരുടേതിനേക്കാള്‍ കൂടുതലാണെങ്കിലും ഈ അന്തരം കുറഞ്ഞു വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചെലവുകളുടെ കാര്യത്തിലും വര്‍ക്കിംഗ് ഫാമിലികള്‍ പെന്‍ഷന്‍കാരേക്കാള്‍ മുന്നിലാണ്. ചൈല്‍ഡ് കെയര്‍, മോര്‍ഗിജുകള്‍ തുടങ്ങിയവ ഇവരുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആകര്‍ഷകമായ വര്‍ക്ക്‌പ്ലേസ് പെന്‍ഷനാണ് ലഭിച്ചു വരുന്നത്. ഓരോ വര്‍ഷവും നാണ്യപ്പെരുപ്പ നിരക്ക് അനുസരിച്ച് ഇത് ഉയരുകയും ചെയ്യും. 2010ല്‍ സഖ്യസര്‍ക്കാര്‍ കൊണ്ടുവന്ന ട്രിപ്പിള്‍ ലോക്ക് സ്‌കീം അനുസരിച്ചുള്ള ആനുകൂല്യങ്ങളും പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഫ്‌ളേഷന്‍, ശരാശരി ശമ്പളം, 2.5 ശതമാനം എന്നിവയില്‍ ഏതാണോ ഉയര്‍ന്നത്, അതനുസരിച്ചുള്ള വര്‍ദ്ധനവ് ഓരോ വര്‍ഷവും പെന്‍ഷനില്‍ വരുത്തുന്ന പദ്ധതിയാണ് ഇത്.

ഇത് പെന്‍ഷന്‍കാരുടെ ശരാശരി വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ബ്രിട്ടനിലെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ച കാലഘട്ടം കൂടിയാണ് ഇത്. ബാങ്കിംഗ് തകര്‍ച്ചയും ഉത്പാദന മേഖലയിലെ തകര്‍ച്ചയും മൂലം ജോലി നഷ്ടപ്പെടാതിരിക്കാന്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പോലും പലരും നിര്‍ബന്ധിതരായി. പെന്‍ഷന്‍കാര്‍ക്ക് നല്‍കി വരുന്ന സൗജന്യ ബസ് പാസ്, ടിവി ലൈസന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.