India

ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.

ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.

വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന്‍ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. മദ്യപിച്ച്‌ ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

പത്തനംതിട്ട തടിയൂരിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങള്‍.

തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും ഇലന്തൂര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്ച ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുന്‍പാണ് 32-കാരന്‍ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹദിവസം കൃത്യസമയത്ത് തന്നെ വരന്‍ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.

മദ്യപിച്ച് ലക്കുക്കെട്ടതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തനിലയിലായിരുന്നു വരന്‍. ഏതാനുംപേര്‍ ചേര്‍ന്ന് വരനെ പള്ളിയിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. സംഭവത്തില്‍ ഇടപെട്ട് സംസാരിക്കാനെത്തിയ പുരോഹിതന്മാരെ വരന്‍ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.

വരന്റെ പരാക്രമം കണ്ട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് ആക്ട് പ്രകാരം കേസെടുത്തു.

സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും പോലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരന്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്. ഇതോടെയാണ് ഇരുകൂട്ടരും പള്ളിയില്‍നിന്ന് പിരിഞ്ഞുപോയത്.

പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അന്ത്യം. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീതാസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സം​ഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളിൽ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്. ഈണം നൽകിയ ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ ആലപിച്ചത് പി. ലീല. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്.

ഇരുപതോളം സിനിമകൾക്ക് സം​ഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.

1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോ​ഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയൻ ഈണമിട്ട മയിൽപ്പീലി എന്ന കൃഷ്ണഭക്തി​ഗാന ആൽബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ​ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ​ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കൾ: ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.

2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വെസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറയുന്നു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടുനീങ്ങിയിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം. ട്രക്കില്‍ ഇടിച്ച കാറിന് തീപിടിച്ചാണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേരാണ് ജീവനോടെ വെന്തു മരിച്ചത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് കാർ യാത്രക്കാർ . രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു,.

കേന്ദ്രമന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിൻകരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഡാണാപ്പടി ജങ്ഷന് സമീപം വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്.

കുട്ടിയുടെ സഹോദരൻ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ സമീപത്തെ കടയില്‍ കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയത്ത് തന്നെയുണ്ടെന്നും താൻ നടത്തിയ സമാന്തര അന്വേഷണത്തിൽ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായെന്നും ജെസ് നയുടെ പിതാവ് അവകാശപ്പെടുന്നു.ആ ‘വ്യാഴാഴ്ച പ്രാർത്ഥനാലയം’ കണ്ടെത്തി; സമാന്തര അന്വേഷണം സത്യം തെളിയിച്ചെന്ന് ജെസ്നയുടെ അച്ഛൻ; 19ന് കൂടുതൽ തെളിവുകൾ പുറത്തു വിടും. മുക്കൂട്ടുതറയിലേത് ലൗവ് ജിഹാദ് അല്ല.മകളുടെ തിരോധന സത്യം അച്ഛന് അറിയാം. ഇക്കാര്യങ്ങൾ ജെസ്നയുടെ പിതാവ് കോടതിയെ അറിയിച്ചു.

വിവാദമായ ജെസ്ന തിരോധാന കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അച്ഛൻ ജെയിംസ് ജോസഫ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അച്ഛൻ താൻ സത്യം കണ്ടെത്തിയെന്നും വിശദീകരിക്കുന്നു.

ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവർ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മകൾ ഇപ്പോൾ ജീവനോടെയില്ലെന്നാണ് അച്ഛന്റെ നിലപാട്. സിബിഐയ്ക്കും പൊലീസിനും കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അച്ഛന്റെ വെളിപ്പെടുത്തലുകൾ.

ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവർ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്.

ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു. സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ
ഞങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ജെസ്നയുടെ അച്ഛൻ പറഞ്ഞു.

5 വർഷം മുൻപാണ് കോളജ് വിദ്യാർത്ഥിനി മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിനെ കാണാതായത്. തിരോധാനത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന പ്രതീക്ഷയിലാണ് മുക്കൂട്ടുതറയിലെ കുടുംബം. സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നു കോടതി ഉത്തരവ് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിലാണു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം.
ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. 6 മാസം കൂടി സിബിഐ അന്വേഷണം നീട്ടണമെന്നാണ് പിതാവ് കോടതിയിൽ ആവശ്യപ്പെട്ടത്.

സംശയമുള്ള ആളുകളെക്കുറിച്ചുള്ള തെളിവുകൾ സിബിഐക്കു കൈമാറിയിരുന്നു. ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജെസ്ന വീട്ടിൽ നിന്നു പോകുന്ന ദിവസവും കടുത്ത രക്തസ്രാവമുണ്ടായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയതെന്നാണ് അച്ഛൻ പറയുന്നത്.

ക്രൈംഞ്ചാഞ്ച് ഡിവൈഎസ്പി ഈ വസ്ത്രങ്ങൾ വീട്ടിൽ നിന്നു ശേഖരിച്ചിരുന്നു. വസ്ത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ഏതു തരം രക്തമാണു വസ്ത്രത്തിലുള്ളതെന്നു മനസിലാക്കാം. സംശയിക്കുന്ന ആളുടെ
ചിത്രം ഉൾപ്പെടെ നൽകി കുടുംബം അന്വേഷണത്തെ സഹായിക്കാൻ തയാറാണ്. ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നു സിബിഐ വ്യക്തമാക്കുന്നു.

19ന് ഉദ്യോഗസ്ഥൻ ഹാജരാകണം. ആ ദിവസം കൂടുതൽ തെളിവ് നൽകുമെന്നാണ് അച്ഛൻ പറയുന്നത്. ജെസ്നയുടെ അച്ഛൻ കോടതിയിൽ കഴിഞ്ഞദിവസം പറഞ്ഞതും നിർണ്ണായക വിവരങ്ങളാണ്. അതായത് മകളുടെ തിരോധാനത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ താൻ കണ്ടെത്തിയെന്ന തരത്തിലാണ് അച്ഛന്റെ വിശദീകരണം.

ഇതെല്ലാം കോടതിയുടെ നിർദ്ദേശത്തോടെ സിബിഐയ്ക്ക് നൽകിയാൽ അന്വേഷിക്കേണ്ട ബാധ്യത അവർക്കുണ്ടാകും. ഇത് ജെസ്നാ കേസിൽ നിർണ്ണായകമായി മാറുകയും ചെയ്യും. പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്ന് സിബിഐ മറുപടി നൽകി. തുടരന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല.

അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിക്ക് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞതോടെയാണ് ഹാജരാകാൻ ഉത്തരവിട്ടത്. ജെസ്ന ജീവനോടെയില്ലെന്ന സംശവും വിലയിരുത്തലുമാണ് കുടുംബം മുമ്പോട്ട് വയ്ക്കുന്നത്. ഇതും കേസിൽ ഇനി നിർണ്ണായകമാകും.

രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല നെല്ലാച്ചേരിയിലെ തോട്ടോളിമീത്തൽ ഷീബ. ഷീബയുടെ മകൻ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുപേരിൽ ഒരാൾ.

രാത്രി മുഴുവൻ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പിൽ വെറുതേ നോക്കാൻ പോയതാണ്. അപ്പോഴാണ് അക്ഷയും രൺദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയിൽ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്.

ഷീബയുടെ ഭർത്താവ് ബാബുവും മൂത്തമകൻ അർജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകൻ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. ഭർത്താവും മൂത്തമകനും ഖത്തറിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വേനൽച്ചൂടിന് ശക്തി കൂടുംമുമ്പേത്തന്നെ വെള്ളിയാഴ്ച കുന്നുമ്മക്കരയുടെയും നെല്ലാച്ചേരിയുടെയും ഗ്രാമീണമനസ്സിന് തീപിടിച്ചിരുന്നു. രണ്ടു യുവാക്കൾ കുനിക്കുളങ്ങര പറമ്പിൽ മരിച്ചുകിടക്കുന്നു, ഒരാൾ അവശനിലയിൽ. രാവിലെ എട്ടുമണിയോടെത്തന്നെ വാർത്ത കാട്ടുതീപോലെ പടർന്നു. എന്തുപറ്റിയെന്ന ചോദ്യങ്ങൾക്കൊടുവിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സൂചനകൾ പുറത്തുവന്നു. സിറിഞ്ച് കണ്ടെത്തിയതോടെ പലരും നടുങ്ങി. തീർത്തും ഗ്രാമീണമേഖലയായ നെല്ലാച്ചേരിയിലും മയക്കുമരുന്ന് നീരാളി എത്തിയോ എന്ന ആശങ്കയും നടുക്കവുമെല്ലാം നാട്ടുകാരിൽ നിറഞ്ഞു. അമ്മമാർ നെടുവീർപ്പിട്ടു.

ഏറാമല പഞ്ചായത്ത് നെല്ലാച്ചേരി 16-ാം വാർഡിലെ കുനികുളങ്ങര പറമ്പ് മുമ്പ് ആരും അടുക്കാത്ത കാടുകയറിയ പ്രദേശമായിരുന്നു. പഴകിയ ഒരു തറവാട് വീട്, വാഹനങ്ങൾ എത്തിപ്പെടില്ല, ഒരുഭാഗം പള്ളിപ്പറമ്പ്, മറുഭാഗം കാടുനിറഞ്ഞ നാഗക്ഷേത്രം. എന്നാൽ, അടുത്തകാലത്തായി പല കൈമാറ്റങ്ങൾ കാരണം പ്രദേശം മാറിത്തുടങ്ങി. കാടുകൾ വെട്ടിത്തെളിച്ചു, പഴയവീട് പൊളിച്ചുമാറ്റി. മൂന്നുഭാഗത്തും വഴികൾ തെളിഞ്ഞു. ടർഫ് പണിയാനുള്ള സ്ഥലമൊരുങ്ങി. അടുത്ത പറമ്പിൽ മൊബൈൽ ടവർ വന്നു. മൊയിലോത്ത് നാഗഭഗവതിക്ഷേത്രം പുനരുദ്ധാരണം നടത്തി ആൾപ്പെരുമാറ്റമുള്ള ക്ഷേത്രമായി മാറി.

പൊതുവേ നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുമ്പോഴും വെള്ളിയാഴ്ച നാടിനെയാകെ നടുക്കിയ വാർത്തയ്ക്കാണ് ഈ പറമ്പ് സാക്ഷ്യംവഹിച്ചത്. ഇൗ സ്ഥലം മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന് പലരും ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരമായി ആരും വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുകയും ഒട്ടേറെപ്പേരെ ഇതിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന ഓർക്കാട്ടേരി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ 11 പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒരു സ്ഥലത്തും ഇവർ സ്ഥിരം കേന്ദ്രമാക്കില്ല.

ഒന്നോ രണ്ടോ ദിവസംകൊണ്ട് സ്ഥലം മാറുന്നതാണ് രീതി. സ്ഥലത്തുനിന്ന് ഉപയോഗിക്കാത്തതായി അഞ്ച് സിറിഞ്ചുകളാണ് കിട്ടിയത്. ഉപയോഗിച്ചതായി മൂന്നെണ്ണവും. അവശനിലയിൽ കണ്ടെത്തിയ യുവാവിനോട് പോലീസ് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നത്. അവർക്ക് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്നായിരുന്നു മറുപടി.

എടച്ചേരി ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്.ഐ. വി.കെ. കിരൺ, എ.എസ്.ഐ. വി.വി. ഷാജി, ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരായ നീതു, എ.കെ. ജിജീഷ് പ്രസാദ്, എക്സൈസ് പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, കെ. വിനോദ്, കെ.എം. സോമസുന്ദരൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കെ.കെ. രമ എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക, സി.പി.എം. ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, എം.കെ. രാഘവൻ, കെ.എം. ദാമോദരൻ, പി. രാജൻ, ആർ.എം.പി.ഐ. സംസ്ഥാനസെക്രട്ടറി എൻ. വേണു, കോട്ടയിൽ രാധാകൃഷ്ണൻ, കുളങ്ങര ചന്ദ്രൻ പി.പി. ജാഫർ, പി.കെ. ജമാൽ, ടി.എൻ. റഫീക്ക്, ജി. രതീഷ്, വി.കെ. ജസീല, നുസൈബ മൊട്ടമ്മൽ, ടി.കെ. രാമകൃഷ്ണൻ, ഒ. മഹേഷ് കുമാർ, കെ.പി. ബാലൻ തുടങ്ങിയവർ സ്ഥലത്തെത്തി.

വടകര: മയക്കുമരുന്ന് യുവത്വത്തിന് മരണക്കുരുക്കായി മാറുന്ന സംഭവങ്ങൾ നാൾക്കുനാൾ വർധിക്കുന്നു. വടകര മേഖലയിൽമാത്രം ഒരുവർഷത്തിനിടെ ആറു യുവാക്കൾ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണെന്നാണ് സംശയം. കൊയിലാണ്ടിയിലും അടുത്തിടെ ഒരു യുവാവ് മരിച്ചു. വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പിൽ രണ്ടു യുവാക്കൾ മരിച്ച സംഭവത്തോടെ ഇത്തരത്തിലുള്ള മരണങ്ങൾ സംബന്ധിച്ചും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ചും പോലീസ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ കൈനാട്ടി മേൽപ്പാലത്തിന്റെ അടിവശത്ത് പ്രവാസിയായ യുവാവിനെ മരിച്ചനിലയിൽ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കംമുതൽ ഉയർന്നു. ഏതോ വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവെച്ചെന്നും അവശനായതോടെ രണ്ടുപേർ ചേർന്ന് മോട്ടോർസൈക്കിളിൽ ഇരുത്തി പാലത്തിനടിയിൽ ഉപേക്ഷിച്ചെന്നുമായിരുന്നു സംശയം. ഒടുവിൽ ഇത് തെളിയുന്നത് ജനുവരിയിലാണ്. തുടർന്ന് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മൂന്നാളുകളുടെപേരിൽ കേസെടുത്തു. ഇതിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.

ഏറാമലയിൽത്തന്നെ മൂന്നുമാസംമുമ്പ് ഒരു യുാവിനെ ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വില്ലനായത് മയക്കുമരുന്നുതന്നെയെന്നാണ് സംശയം. കൊയിലാണ്ടിയിൽ കഴിഞ്ഞമാസം ഒരു യുവാവിനെ മരിച്ചനിലയിലും മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. ഇതിലും സംശയം നീണ്ടത് മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ്.

ആറുമാസംമുമ്പ് ഓർക്കാട്ടേരി ടൗണിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലും വടകര ടൗണിലെ ലോഡ്ജിൽ യുവാവ് മരിച്ച സംഭവത്തിലുമെല്ലാം പ്രതിസ്ഥാനത്ത് മയക്കുമരുന്നുതന്നെയെന്നാണ് പോലീസ് സംശയം. പക്ഷേ, പല മരണങ്ങളിലും വ്യക്തമായ ഉത്തരം കിട്ടുന്നില്ല. മരണത്തോടെ അന്വേഷണങ്ങളും അവസാനിക്കുകയാണ്. മയക്കുമരുന്ന് മാഫിയകൾ താവളമാക്കുന്ന ഒട്ടേറെ ഇടങ്ങൾ ഓരോ ടൗണുകളിലുമുണ്ട്. നാട്ടിൻപുറങ്ങളിൽപ്പോലും ഇത്തരം കേന്ദ്രങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ, ഇവിടങ്ങളിൽ തുടരെ പരിശോധന നടത്തി നടപടികൾ ശക്തമാക്കുന്നതിൽ പോലീസും എക്സൈസുമെല്ലാം പരാജയമാണെന്ന് ആക്ഷേപമുണ്ട്.

വിവിധ യുവജനസംഘടനകളും ഇതിൽ നിസ്സംഗമാണെന്നാണ് കുന്നുമ്മക്കര സംഭവം ഉൾപ്പെടെ തെളിയിക്കുന്നത്. കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പ് പോലെയുള്ള ഇടങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർക്ക് നാടൊട്ടാകെയുണ്ട്. ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി പോലീസിന് വിവരം കൈമാറാൻ സാധിക്കുക യുവജനസംഘടനകൾക്കും മറ്റുമാണ്.

മയക്കുമരുന്നുപയോഗമാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഇവിടെനിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സിറിഞ്ചുകളും മരണപ്പെട്ട ഒരാളുടെ പോക്കറ്റിൽനിന്ന് വെളുത്ത പൊടിയും കണ്ടെത്തി. ഇത് പരിശോധനയ്ക്കായി അയച്ചു. പൊടി ചൂടാക്കിയതെന്ന് സംശയിക്കുന്ന കുപ്പിയുടെ മൂടിയും കണ്ടെത്തി.

കുന്നുമ്മക്കര തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. കുന്നുമ്മക്കരയിലെ ചെറുതുരുത്തി ശ്രീരാഗിനെ (23) അവശനിലയിൽ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്കുമാറ്റി. കുനിക്കുളങ്ങര പറമ്പിലെ മൊബൈൽ ടവറിന് സമീപത്താണ് രണ്ടുപേരുടെയും മൃതദേഹം കണ്ടത്. മരിച്ച അക്ഷയിന്റെ വീട് ഇതിനു സമീപത്തായാണ്.

രാത്രിയിൽ അക്ഷയ് വീട്ടിൽ വരാത്തതിനെത്തുടർന്ന് അമ്മ ഷീബ രാവിലെ ഈ പറമ്പിലെത്തി നോക്കിയപ്പോഴാണ് മൂന്നുപേർ കിടക്കുന്നതുകണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. എടച്ചേരി പോലീസും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവുശേഖരിച്ചു. വടകര ഡിവൈ.എസ്.പി. കെ. വിനോദ്കുമാർ, എടച്ചേരി ഇൻസ്‌പെക്ടർ സുധീർ കല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മയക്കുമരുന്നിന്റെ അളവ് കൂടിയതോ ഉപയോഗിച്ചതിലെ അപാകമോ ആണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമായ വിവരം ലഭിക്കും.

മരണപ്പെട്ട രൺദീപിന്റെ പേരിൽ കഞ്ചാവ് പിടികൂടിയതിന് ഉൾപ്പെടെ എടച്ചേരി, വടകര സ്റ്റേഷനുകളിലും വടകര എക്‌സൈസിലും കേസുണ്ട്.

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെയും കമലയുടെയും മകനാണ് രൺദീപ്. സഹോദരങ്ങൾ: രജിലേഷ്, രഗിലേഷ്. തോട്ടോളിമീത്തൽ ബാബു(ഖത്തർ)വിന്റെയും ഷീബയുടെയും മകനാണ് അക്ഷയ്. സഹോദരൻ: അർജുൻ (ഖത്തർ).

പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സി.ബി.ഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണം.

സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.

സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാൻ തയ്യാറായാൽ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.

ജസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല. ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ജസ്‌നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ല.

ജെയിംസ് ജോസഫ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സി.ബി.ഐ. പ്രോസിക്യൂട്ടർക്കായിരുന്നില്ല. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved