Latest News

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് യുവതാരത്തിന്റെ മരണം. യുവ നടൻ ശരത് ചന്ദ്രനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത് ചന്ദ്രൻ. ശ്യാംചന്ദ്രനാണ് സഹോദരൻ.കൂടെ, മെക്‌സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

അതേസമയം, യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും സിനിമാലോകവും.അങ്കമാലി ഡയറീസിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ അമ്മയെ ചുട്ടുകൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ പെൺമക്കൾ. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിലാണ് രണ്ട് പെൺമക്കൾ തങ്ങളുടെ അമ്മയ്ക്ക് നീതി നേടികൊടുത്തത്. ഉത്തർപ്രദേശ് സ്വദേശി മനോജ് ബൻസാലിനെയാണ് ഭാര്യ അനു ബൻസാലിനെ ദാരുണമായി കൊലപ്പെടുത്തിയത്.

2016 ജൂൺ 14നാണ് മനോജും സംഘവും അനുവിനെ ജീവനോടെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 20ന് മരണപ്പെട്ടു. ആറു വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മക്കളായ ടാനിയ ബൻസാലും (18) ലതിക ബൻസാലും (20) പറഞ്ഞു.

2000 ലാണ് മനോജ് ബൻസാൽ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെൺമക്കൾ ജനിച്ച ശേഷം ആൺകുട്ടിക്കായി ആഗ്രഹിച്ച് അനു ബൻസാൽ അഞ്ചു തവണ കൂടി ഗർഭിണിയായി. ലിംഗനിർണയ പരിശോധനയിൽ പെൺകുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. തുടർന്ന് അനു നിരന്തരം മർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു.

അനുവിന്റെ അമ്മയാണ് മനോജിനെതിരെ കേസ് ഫയൽ ചെയ്തത്. ”ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നിട്ടും അച്ഛൻ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങൾക്ക് അയാൾ വെറും ചെകുത്താൻ മാത്രമാണ്. ആറു വർഷം നിയമപോരാട്ടം വേണ്ടിവന്നെങ്കിലും അയാൾക്കു ശിക്ഷ കിട്ടിയത് അൽപം ആശ്വാസം നൽകുന്നു. അച്ഛനും മറ്റാളുകളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോൾ ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവർ കൊല്ലുന്നതിന് ഞങ്ങൾ സാക്ഷികളാണ്” ടാനിയയും ലതികയും പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായും ദിലീപ് ആരോപിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് വിമര്‍ശിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ എങ്ങനെ അഭിമുഖം നല്‍കാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.

ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച “നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ ” ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്ത അധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്ക് പ്രോത്സാഹനവും, ഊർജവും നൽകാൻ മറ്റ് കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും “അരങ്ങേറ്റം 2022” ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Time and Venue

22 October 2022, 2pm -8pm.

Wooladle center for learning,
Wooldale road,
Northampton,
NN4 6TP.

 

യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ഷുക്കൂര്‍ വ്‌ലോഗിങ് നടത്തിയിരുന്നത്.

കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയതായി കത്തില്‍ പറയുന്നു. മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ഷുക്കൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശക്കാരനെ ചോദ്യം ചെയ്യും. ഭാര്യ: റഷീദ. മകന്‍: ഫഹദ് (ഭാരത് മാതാ കോളേജ് ഡിഗ്രി വിദ്യാര്‍ഥി).

ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളാണ് സന്തോഷകരമായ ദാമ്പത്യ ജീവിതം തകർത്തത്. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീണ.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയും മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരിപാടിയിലെ കൊകില എന്ന കഥാപാത്രമായി ഒക്കെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് വീണ. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ വ്യക്തിയാണ് വീണ. മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ വീണ സിനിമയിലും തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പ്രസിഡന്റ് എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. അതോടൊപ്പം തന്നെ നിരവധി ഹെറ്റർസിന് സ്വന്തമാക്കാനും വീണയ്ക്ക് സാധിച്ചിരുന്നു.

പുറത്തിറങ്ങിയപ്പോൾ വലിയ സൈബർ ആക്രമണം തന്നെയാണ് വീണ നേരിട്ടിരുന്നത്. എന്നാൽ അതിനെയെല്ലാം തന്റെടത്തോട് തന്നെയാണ് നേരിട്ടത്. ഈ സാഹചര്യങ്ങളിലെല്ലാം വീണയ്ക്ക് ശക്തി നൽകിയത് ഭർത്താവായിരുന്നു. ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ ബിഗ് ബോസ് വീട്ടിൽ വച്ച് വാചാലയായിട്ടുണ്ട് വീണ. അടുത്തകാലത്തായി സൈബർ ഇടങ്ങളിൽ എല്ലാം പ്രചരിക്കുന്ന ഒരു വാർത്ത വീണ വിവാഹമോചിതയാകുന്നുവെന്ന് രീതിയിലാണ്. ഇൻസ്റ്റഗ്രാമിൽ വീണയും ഭർത്താവും പരസ്പരം അൺഫോളോ ചെയ്തു എന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ് എന്നുമുള്ള വാർത്തകൾ ഒരുപാട് പ്രചരിച്ചപ്പോഴും വീണ മൗനം പാലിക്കുകയായിരുന്നു.

എന്നാലിപ്പോൾ വീണ ഇതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ്. ഒരു ചാനൽ പരിപാടിക്കിടയിൽ ആണ് അവതാരകൻ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ വീണ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്. വീണ പറയുന്നത് ഇങ്ങനെയാണ്.. ബിഗ്ബോസ് വീട്ടിലെ ചില പ്രശ്നങ്ങളാണ് സന്തോഷകരമായ ദാമ്പത്യ ജീവിതം തകർത്തത്. അതോടെ വീണയുടെ വിവാഹജീവിതം തകർന്നു എന്ന് പറയുന്നത് സത്യമാണെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്നേഹമാണെങ്കിൽ സ്നേഹമാണ് ദേഷ്യം ആണെങ്കിൽ ദേഷ്യമാണ്. അങ്ങനെ തന്നെയാണ് നിലനിൽക്കുന്നത് എന്നും വീണ പറയുന്നുണ്ടായിരുന്നു. എന്നാൽ എന്ത് കാരണം കൊണ്ടാണ് വിവാഹമോചനം നേടിയത് എന്ന് വീണ പറഞ്ഞില്ല.

സോഷ്യൽ മാധ്യമങ്ങളിൽ പോലും ഇതിനെ കുറിച്ച് പറയാൻ തനിക്ക് സാധിക്കില്ലെന്നും അത് തന്റെ സ്വകാര്യത മാനിച്ചു കൊണ്ടാണെന്നാണ് വീണ പറഞ്ഞിരുന്നത്. വീണയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സാധിക്കുമെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിക്കും എന്നാണ് ഇത് കേട്ട് പ്രേക്ഷകർ പോലും പറയുന്നത്. അത്രത്തോളം വീണയെ പ്രേക്ഷകരെ ഇഷ്ടപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. റിസര്‍വ് ബാങ്ക് ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. 2022 ജൂലൈ ഒന്നുമുതലാണ് ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ക്രഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനകരമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ചട്ടങ്ങളിലെ മാറ്റങ്ങള്‍.

പുതിയ ക്രഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് ബാങ്കുകള്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇടപാടുകാരുമായി ഏകപക്ഷീയമായി ഇടപെടാന്‍ കഴിയില്ലയെന്നതാണ് പുതിയ ക്രഡിറ്റ് കാര്‍ഡ് നിയമങ്ങളുടെ പ്രത്യേകത. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇവയാണ്.

1. അനുമതിയില്ലാതെ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതോ പുതുക്കുന്നതോ പുതിയ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുകയോ സ്വീകര്‍ത്താവിന്റെ അനുമതിയില്ലാതെ നിലവിലെ കാര്‍ഡ് പുതുക്കുകയോ ആക്ടിവേറ്റ് ചെയ്യുകയോ അതിന് പണമീടാക്കുകയും ചെയ്താല്‍ കാര്‍ഡ് നല്‍കിയ സ്ഥാപനം സ്വീകര്‍ത്താവിന് കാലതാമസമില്ലാതെ പണം തിരികെ നല്‍കണം. റീഫണ്ട് ചെയ്ത തുകയുടെ മൂല്യത്തിന്റെ ഇരട്ടി പിഴയായി നല്‍കേണ്ടിയും വരും.

2. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് ആ വ്യക്തിക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംപുട്സ്മാനെ സമീപിക്കാവുന്നതാണ്. പദ്ധതിയുടെ ചട്ടപ്രകാരം എത്ര രൂപ പിഴയായി ഈടാക്കണമെന്നത് ഓംപുട്സ്മാന് തീരുമാനിക്കാവുന്നതാണ്.

3. ഇഷ്യൂ ചെയ്ത കാര്‍ഡിന്, കാര്‍ഡ് വഴി ലഭിക്കുന്ന മറ്റ് ഉല്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഉപഭോക്താവിന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. കൂടാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ഉപഭോക്താവിന്റെ സമ്മതത്തിനായി വിവിധ തരത്തിലുള്ള പ്രാമാണീകരണങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.

4. ഏത് വ്യക്തിക്കാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് അത് അയാള്‍ക്ക് കിട്ടാതിരിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ സംഭവിക്കുന്ന അത്തരം ദുരുപയോഗങ്ങള്‍ വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കും. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തിട്ടുളളത് അയാള്‍ ബാധ്യസ്ഥനായിരിക്കുന്നതല്ല.

5. കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് അത് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന് കാര്‍ഡ് ഉടമയുടെ സമ്മതത്തോടെ ഒ.ടി.പി ചോദിക്കാവുന്നതാണ്. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ സമ്മതം ലഭിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ സൗജന്യമായി ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. ഇതിനായി ഉപഭോക്താവിന്റെ സ്ഥിരീകരണം വാങ്ങി ഏഴു ദിവസത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കണം.

6. ക്രഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്കൊപ്പം ഒരു പേജുള്ള സുപ്രധാന പ്രസ്താവന കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം നല്‍കേണ്ടതുണ്ട്. ആ സ്റ്റേറ്റ്മെന്റില്‍ കാര്‍ഡുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍, അതായത് പലിശ നിരക്ക്, ചാര്‍ജുകള്‍ മറ്റ് വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ക്രഡിറ്റ് കാര്‍ഡ് അപേക്ഷ തള്ളിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപേക്ഷ തള്ളിയെന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം രേഖാമൂലം അറിയിക്കണം.

7. പ്രധാനപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും എടുത്തുപറയുകയും ഉപഭോക്താവിന് പ്രത്യേകമായി നല്‍കുകയും ചെയ്യണം.

8. കാര്‍ഡ് നഷ്ടമായതിന്റെ പേരില്‍ അല്ലെങ്കില്‍ തട്ടിപ്പുകള്‍ കാരണം ഉണ്ടാകുന്ന ബാധ്യതകള്‍ കവര്‍ ചെയ്യാന്‍ ഒരു ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് പരിഗണിക്കണിക്കാവുന്നതാണ്.

9. പുതിയ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ക്രഡിറ്റ് വിവരങ്ങള്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനു മുമ്പ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല.

10. തങ്ങള്‍ നിയമിച്ച ടെലിമാര്‍ക്കറ്റര്‍മാര്‍ അതത് സമയത്ത് ടെലികോം റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ പ്രതിനിധികള്‍ രാവിലെ പത്തിനും വൈകുന്നേരം ഏഴിനും ഇടയില്‍ മാത്രമേ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ പാടുള്ളൂ.

സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്തെത്തിയ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്.

ഒരാഴ്ച മുമ്പേ അനുമതി തേടിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല. വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്നാണ് മറുപടി ലഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാരും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടക്കാത്തതിരുന്നതിനെ തുടര്‍ന്ന് സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവയെക്കുറിച്ച് റെയില്‍വേ സഹമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

നേമം പദ്ധതി ഉപേക്ഷിച്ചാല്‍ ഭൂമി വിട്ടുനല്‍കിയവരുള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ അടക്കം മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് 2005 സെപ്റ്റബര്‍ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മുന്‌പേ തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കല്‍ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലില്‍ കഴിഞ്ഞതിനാല്‍ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയില്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

ഡോക്ടർമാരുടെ അനാസ്ഥയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ആശുപത്രികളിൽ ഉണ്ടായ അനാസ്ഥയിൽ മകളുടെ ജീവൻ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛൻ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോൾ മരിച്ച സംഭവത്തിലാണ് പിതാവ് സിആർ രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ കടുത്ത തലവേദനയെത്തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. ഉച്ചയ്ക്ക് 1.45ന് മെഡിക്കൽ കോളജിൽ എത്തിയിരുന്നെങ്കിലും ഡാക്ടർമാർ പരിശോധിക്കാൻ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താൻ പോലും തയാറായത്. ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി.

അതേസമയം, ഒട്ടേറെ തവണ ആവശ്യപ്പെട്ടപ്പോൾ തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലിഷയെ മാറ്റുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് ലിഷമോൾ അരമണിക്കൂർ മുൻപ് മരിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്. ലിഷമോളുടെ മരണത്തിൽ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved