Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട പ്രൈമറി സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 50 കാരിയായ ഫിയോണ ബീൽ ആണ് തൻ്റെ 42 കാരനായ കാമുകൻ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് . നിക്കോളാസ് മരിച്ചു കഴിഞ്ഞ് 4 മാസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.


2021-ലാണ് 52 കാരിയായ ഫിയോണ 42 കാരനായ കാമുകനെ കൊലപ്പെടുത്തിയത് . ആദ്യം നിഷേധിച്ച അവൾ പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കൊലപാതകം ഇവർ ഒറ്റയ്ക്ക് നടത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.


കൊലപാതകത്തിനായി വളരെ തന്ത്രപരമായ ആസൂത്രണമാണ് പ്രതി നടത്തിയത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. കൈയുറയും കത്തിയും കൊലയ്ക്ക് ഉപയോഗിച്ച മറ്റ് സാധനങ്ങളും നേരത്തെ ഇവർ കരുതിയിരുന്നു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ സ്വയരക്ഷക്കോ അല്ല അവൾ ഈ കൃത്യം ചെയ്തതെന്നതിനുള്ള ഈ ആസൂത്രണത്തെയാണ് തെളിവായി പോലീസ് എടുത്തു പറഞ്ഞത് . കേസിന്റെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സ്കിൻ ക്യാൻസറിനെതിരായ ലോകത്തിലെ ആദ്യത്തെ “വ്യക്തിഗത” mRNA വാക്സിൻ – മെലനോമ – യുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. കുത്തിവയ്പ് സ്വീകരിച്ചവരിൽ ഹെർട്‌സിലെ സ്റ്റീവനേജിൽ നിന്നുള്ള 52 കാരനായ സ്റ്റീവ് യങ്ങും ഉണ്ട്. സ്റ്റീവിന് കഴിഞ്ഞ ഓഗസ്റ്റിൽ തലയോട്ടിയിൽ നിന്ന് മെലനോമയുടെ വളർച്ച സ്ഥിരീകരിച്ചിരുന്നു. ഇത് രോഗികളുടെ ശരീരത്തിലെ ശേഷിക്കുന്ന ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും തുടച്ചുനീക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനായാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌. പിന്നീട് ക്യാൻസർ രോഗബാധിതനാകാനുള്ള സാധ്യതയും ഇത് തുടച്ചു മാറ്റുന്നു.

mRNA-4157 (V940) എന്ന കുത്തിവയ്പ്പ് നിലവിൽ കോവിഡ് വാക്‌സിനുകളുടെ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നിലവിൽ വാക്‌സിനിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് (UCLH) ഡോക്ടർമാർ ഇത് പെംബ്രോലിസുമാബ് അല്ലെങ്കിൽ കീട്രൂഡയ്‌ക്ക് തുടങ്ങിയ മരുന്നുകൾക്കൊപ്പം നൽകാറുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

മോഡേണ, മെർക്ക് ഷാർപ്പ്, ഡോം (MSD) എന്നീ രണ്ട് കമ്പനികൾ ചേർന്ന് തയാറാക്കിയ വാക്സിൻ എൻഎച്ച്എസിൽ വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ വിദഗ്ധരും ഇത് രോഗികളിൽ പരീക്ഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. വൈകാതെ ഇവ വ്യാപകമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. ഈ വാക്‌സിനുകളിൽ ഓരോ രോഗികൾക്കനുസരിച്ച് ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ വാക്‌സിൻ ക്യാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന മാർക്കറുകളെയോ ആൻ്റിജനുകളെയോ ആക്രമിക്കുന്ന പ്രോട്ടീനുകളോ ആൻ്റിബോഡികളോ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) ഒരാളെ ഒരാളെ അറസ്റ്റ് ചെയ്തു. യുകെയിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ഉന്ദർ പാൻസിംഗ് ഗാബയാണ് അറസ്റ്റിലായത്. ഇയാളെ ഡൽഹിയിൽ നിന്നാണ് എൻഐഎ പിടികൂടിയത്.

കഴിഞ്ഞവർഷം മാർച്ച് 19നും മാർച്ച് 22നും ഇടയിൽ ലണ്ടനിൽ വച്ച് നടന്ന സംഭവങ്ങളുടെ പിന്നിൽ വൻ ഗൂഢാലോചന നടന്നിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഹീനമായ ആക്രമണം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു . ഖാലിസ്ഥാൻ അനുകൂല വിഘടനവാദിയായ അമൃത് പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

500 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ക്രിമിനൽ അതിക്രമം, ഇന്ത്യയുടെ ദേശീയ പതാകയോട് അനാദരവ്, പൊതു സ്വത്ത് നശിപ്പിക്കൽ, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു . ഗുർചരൺ സിംഗ് എന്നയാളാണ് ആക്രമണം സംഘടിപ്പിച്ചതിന് നേതൃത്വം നൽകിയത് . ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിലെ അവതാർ സിംഗ് ഖണ്ഡ, ജസ്വീർ സിംഗ് അവരുടെ കൂട്ടാളികളായ ഇന്ത്യൻ പൗരന്മാരും വിദേശികളും ഉൾപ്പെടെയുള്ളവരെ നേരെത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ അവതാർ സിംഗ് ഖണ്ഡ 2023 ജൂൺ 15-ന് ബർമിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗുരുതരമായ ഹൃദയരോഗമുള്ള ഒരു മാസം മാത്രം പ്രായമുള്ള ആൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി റോമിലേയ്ക്ക് കൊണ്ടു പോയി. എൻഎച്ച്എസിൽ ചികിത്സ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തിപരമായി ഇടപെട്ടാണ് തുടർ ചികിത്സ ലഭ്യമാക്കിയത്. ബ്രിട്ടീഷുകാരനായ കുട്ടിയുടെ പിതാവ് ഇറ്റാലിയൻ വംശജനാണ്. ഇദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രിയോടെ നടത്തിയ സഹായഭ്യർത്ഥനയാണ് നടപടികൾ വേഗത്തിലാക്കിയത്.


ബ്രിസ്റ്റോൾ മേക്കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുട്ടിക്ക് അവിടെ തുടർ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്നാണ് ഇറ്റലിയിലേയ്ക്ക് പോകേണ്ടതായി വന്നത്. പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ ആരോഗ്യ വിദഗ്ധരുടൊപ്പമാണ് കുട്ടിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോയത്. ചൊവ്വാഴ്ചയോടെ കുടുംബം റോമിൽ എത്തി .

ഞാനും എൻറെ ഭാര്യയും വളരെ സന്തോഷത്തിലാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. ഇറ്റാലിയൻ സർക്കാരിന്റെ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടികൾക്ക് വേണ്ടിയുള്ള റോമിലെ പ്രത്യേക ആശുപത്രിയായ സാംബിനോ ഗെനുവിൽ കുട്ടിയ്ക്ക് ഇരട്ട ശസ്ത്രക്രിയകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരമ്പരാഗത ലാൻഡ്‌ലൈൻ ഫോണുകളുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇനി ഇൻറർനെറ്റ് അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേയ്ക്ക് ലാൻഡ് ഫോണുകൾ മാറ്റപ്പെടുകയാണ്. ഇതിൻറെ ഭാഗമായി പരമ്പരാഗത ടെലിഫോണുകൾ ഉപയോഗിച്ചിരുന്നവരെ എങ്ങനെയാണ് പുതിയ സംവിധാനം ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്കായി ബ്രിട്ടീഷ് ടെലി കമ്മ്യൂണിക്കേഷൻ പങ്കിട്ടു.


പരമ്പരാഗത ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സാങ്കേതികവിദ്യ മാറുമെങ്കിലും ഉപയോഗിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പാണ് ബി റ്റി നൽകുന്നത്. ഇതുകൂടാതെ നിലവിലെ നമ്പറിനും യാതൊരു മാറ്റവും സംഭവിക്കുകയില്ല . പക്ഷേ പവർകട്ട് ഉണ്ടാക്കുന്ന സമയത്തോ ബ്രോഡ്ബാൻഡ് തകരാറിലാകുന്ന സമയത്തോ ഫോൺ പ്രവർത്തനരഹിതമായിരിക്കും എന്ന പ്രശ്നം ഉണ്ടെന്ന് ബി റ്റി അറിയിച്ചു . മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ള സമയത്ത് ആൾക്കാർക്ക് അടിയന്തിര സേവനങ്ങൾ ലഭ്യമാക്കാനുള്ള 999 തുടങ്ങിയ നമ്പറുകളിലേക്ക് എങ്ങനെ വിളിക്കാൻ പറ്റും എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ മൊബൈൽ ഫോൺ സിഗ്നൽ മോശമായ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ കടുത്ത ആശങ്കയുണ്ടായിട്ടുണ്ട്.


നിലവിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത വീടുകൾക്ക് പുതിയ സാങ്കേതികവിദ്യ വരുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ബി റ്റി നൽകി കഴിഞ്ഞു. ഇവർക്ക് എങ്ങനെ ഫോൺ സംവിധാനം നടപ്പിലാക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് . രാജ്യത്ത് ഒരുഫോൺ സേവനവും ലഭ്യമല്ലാത്തവർ ഉണ്ടാവില്ലെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുമെന്നും ഇൻറർനെറ്റ് സൗകര്യം നിർബന്ധമാക്കിയതിന് കൂടുതൽ പണം അധികമായി ഈടാക്കില്ലെന്നും ബി റ്റി യുടെ ഭാഗത്തുനിന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതിനെ ഭാഗമായി മൊബൈൽ ഫോൺ ഇല്ലെങ്കിലോ സിഗ്നൽ ഇല്ലാത്ത സ്ഥലത്ത് ഉള്ളവരോ ആണെങ്കിൽ 03301234150 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമ്മൻഫോർഡ് സ്കൂളിലുണ്ടായ കത്തി കുത്തിൽ അറസ്റ്റിലായത് ഒരു പെൺകുട്ടിയാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇന്നലെ തെക്കൻ വെയിൽസിലെ അമ്മൻഫോർഡ് സ്കൂളിൽ നടന്ന കത്തി കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റത് രാജ്യത്തുടനീളം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അറസ്റ്റിലായ കൗമാരക്കാരിയായ പെൺകുട്ടിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ രണ്ട് അധ്യാപകർക്കും ഒരു കൗമാരക്കാരനായ ഒരു വിദ്യാർത്ഥിക്കുമാണ് കുത്തേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ബുധനാഴ്ച നടന്ന സംഭവത്തെ തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളെ 4 മണിക്കൂറോളം ക്ലാസ് മുറികളിൽ പൂട്ടിയിട്ടിരുന്നു. അറസ്റ്റിലായ പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തെ സഹായിക്കാനായി ഇന്ന് സ്കൂളിന് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കും. പോലീസ് അന്വേഷണം നടക്കുമ്പോൾ ആളുകൾ വാസ്തവ വിരുദ്ധമായ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടിയന്തിര സഹായമെത്തിച്ച പോലീസിനും എമർജൻസി സർവീസുകൾക്കും പ്രധാനമന്ത്രി ഋഷി സുനക് നന്ദി പറഞ്ഞു. തങ്ങളുടെ എല്ലാം പിന്തുണയും അപകടത്തിൽ പെട്ടവർക്കൊപ്പം ഉണ്ടന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമ്പോൾ റെയിൽവേയിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽവേ സംവിധാനം പൂർണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ കുറയുമെന്നതും പ്രഖ്യാപിത നയമാണ്.


സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോൺട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചർ റെയിൽവേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേയും ഉടമസ്ഥതയിൽ കൊണ്ടുവരാനാണ് ലേബർ പാർട്ടിയുടെ പദ്ധതി. റെയിൽവേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാൻ പാസഞ്ചർ സ്റ്റാൻഡേർഡ് അതോറിറ്റി രൂപവൽക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിൻ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ പണം തിരിച്ചു കിട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്ന് പാർട്ടി അറിയിച്ചു.


റെയിൽവേയുടെ നവീകരണത്തിന്റെ ഭാഗമായി ലേബർ പാർട്ടി നടത്തിയ വാഗ്ദാനങ്ങൾ വൻ ജന സ്വീകാര്യത നേടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രെയിനുകൾ റദ്ദാക്കുകയും ട്രെയിൻ യാത്രയിൽ ഇൻറർനെറ്റിന്റെ അഭാവം മൂലം ജോലി ചെയ്യാൻ സാധിക്കാത്തതിന്റെ പേരിലും ഒട്ടേറെ പേരാണ് നിലവിലെ സംവിധാനത്തിനെതിരെ പരാതികൾ ഉന്നയിക്കുന്നത്. റെയിൽവേ പരിഷ്കരണത്തിന് മുൻഗണന നൽകാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തിന് യൂണിയനുകളുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടും പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറയ്ക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉത്പാദന തോതിൽ ഒട്ടും കുറവില്ല. ഈ വർഷം 220 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല പ്രശസ്ത ബ്രാൻഡുകളുമാണ് പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നതെന്ന് ഒരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു.

ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നത് കൊക്കകോള കമ്പനിയാണ്. ബ്രാൻഡഡ് മാലിന്യങ്ങളുടെ 11 ശതമാനത്തിനും ഉത്തരവാദി കൊക്കകോള തന്നെ. ആഗോള ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണ ഡേറ്റ പരിശോധിക്കുമ്പോൾ പ്ലാസ്റ്റിക് മലിനീകരണത്തിന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ലോകത്തെ മുൻനിര നിർമ്മാതാക്കളാണെന്നുള്ള വസ്‌തുത മനസിലാക്കാൻ സാധിക്കുമെന്ന് പഠനത്തിൻ്റെ സഹ-രചയിതാവ് ഡോ. ടോണി വാക്കർ പറഞ്ഞു.

ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകൾ:

1. കൊക്കകോള കമ്പനി
2. പെപ്സികോ
3. നെസ്ലെ
4. ഡാനോൺ
5. ആൾട്രിയ
6. ബഖ്രെസ ഗ്രൂപ്പ്
7. വിങ്‌സ്
8.യൂണിലിവർ
9. മയോറ ഇന്ദാ
10. മൊണ്ടലെസ് ഇൻ്റർനാഷണൽ
11. മാർസ് ഇൻകോർപ്പറേറ്റഡ്
12. സലിം ഗ്രൂപ്പ്
13. ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ

84 രാജ്യങ്ങളിലായി 1,576 ഓഡിറ്റ് ഇവൻ്റുകളിൽ നിന്നുള്ള അഞ്ച് വർഷത്തെ ഡേറ്റ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്. പ്ലാസ്റ്റിക് ഉൽപ്പാദനവും മലിനീകരണവും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്തിയ ഗവേഷക സംഘം, ഉത്പാദനത്തിലെ ഒരു ശതമാനം വർദ്ധനവ് മലിനീകരണ തോതിലുള്ള ഒരു ശതമാനം വർദ്ധനവിന് കാരണമാകുന്നതായി കണ്ടെത്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പകുതിയിലേറെയും ഉത്തരവാദികളായ 56 ആഗോള കമ്പനികളെ ഗവേഷകർ തിരിച്ചറിഞ്ഞു. കൊക്കകോള കമ്പനി (11 ശതമാനം), പെപ്‌സികോ (അഞ്ച് ശതമാനം), നെസ്‌ലെ (മൂന്ന് ശതമാനം), ഡാനോൺ (മൂന്ന് ശതമാനം), ആൾട്രിയ/ഫിലിപ് മോറിസ് ഇൻ്റർനാഷണൽ (രണ്ട് ശതമാനം) എന്നിവയായിരുന്നു ആദ്യ അഞ്ച് നിർമ്മാതാക്കൾ.

ഡോ. വർഗീസ് കെ. ചെറിയാൻ , എം ജി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നാം അഭിമുഖികരിക്കാൻ പോകുന്നത്. പ്രധാനമായും ഒരു പക്ഷത്ത് ബി.ജെ.പി നയിക്കുന്ന എൻ. ഡി. എ മുന്നണിയും മറു പക്ഷത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ കേരളത്തിൽ കോൺഗ്രസിനെതിരെ പോരാടുമ്പോഴും വിശാലാടിസ്ഥാനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഭാഗമായിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പ്രാദേശിക തലത്തിലും ദേശിയ തലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും വിശദീകരിക്കാൻ പറ്റാത്ത തരത്തിലുള്ള വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കേണ്ട സാഹചര്യമാണ് അതുകൊണ്ട് തന്നെ സി. പി. എം, സി. പി. ഐ, കോൺഗ്രസ്‌ എന്നീ കക്ഷികൾക്ക് നേരിടേണ്ടി വരുന്നത്. കേരളത്തിൽ സുശക്തമായ ജനകീയ അടിത്തറ ഉണ്ടെങ്കിലും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടി വരുന്നതിന്റെ ജീവൻ മരണ പോരാട്ടം ആണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ പാർട്ടികളായസി. പി. എം, സി പി. ഐ എന്നീ പാർട്ടികൾ നേരിടുന്നത്.

ഭൂരിപക്ഷ ആളുകളും തൊഴിലാളികളായ നമ്മുടെ രാജ്യത്ത് ഒരു തൊഴിലാളി വർഗ പാർട്ടിയായ സി പി. എം ന് എന്തുകൊണ്ട് വേരോട്ടം ശക്തമാക്കാൻ സാധിച്ചില്ല എന്ന സാഹചര്യം നമ്മൾ പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ ജനതയുടെ സാംസ്കാരിക,ഭാഷ,പ്രാദേശിക വൈവിധ്യങ്ങൾ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നുവരുന്നതിന് വെല്ലുവിളി ഉയർത്തിയതായി കണക്കാക്കാം. ജന്മി കുടിയാൻ വ്യവസ്ഥയിൽ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളും തൊഴിലാളി പ്രസ്ഥാങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും അഭാവവും കമ്മ്യൂണിസത്തിനുള്ള അടിത്തറ രാജ്യത്ത് വേരോടുന്നതിന് തടസമായി നിന്നതായി കാണാം. മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്ന ഭിന്നമായ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരു ഏകികൃതമായ നേതൃത്വവും ഇല്ലാതിരുന്നതും മാർക്സിസ്റ്റ്‌ ആശയങ്ങൾ രാജ്യം ഒട്ടാകെ സ്വീകാര്യത ലഭിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്. കോൺഗ്രസ്‌ പാർട്ടിയുടെ സുവർണ കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വവും അവരുടെ സ്വാധീനവും മറ്റു പാർട്ടികൾ വളർന്നു വരുന്നതിന് ഒരു പരിധിവരെ തടസമായിട്ടുണ്ട്. കോൺഗ്രസ്‌ ദുർബലമായപ്പോൾ ഇടത് പക്ഷ പാർട്ടികൾ ശക്തി പ്രാപിക്കാതിരിക്കുവാൻ അത്തരം സ്ഥലങ്ങളിൽ വർഗീയ, പ്രാദേശിക കാഴ്ചപ്പാടുകളുള്ള പല പാർട്ടികളും ഉയർന്ന് വന്നതിന്റെ നേർ കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.

ഇ. എം. എസ് ഉൾപ്പെടെയുള്ള താത്വിക ആചാര്യന്മാർ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി പാർട്ടിയുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതിനു സമ്മതിച്ചിരുന്നില്ല. മറ്റുള്ള പാർട്ടികൾ പ്രാദേശിക സ്വാർത്ഥ വർഗീയ താല്പര്യങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചപ്പോൾ തത്വാധിഷ്ഠിത നിലപാടിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടി. ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെയും ജാതിമതങ്ങളുടെയും അഭിലാഷങ്ങളെയും ആശങ്കകളെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടത് പല സ്ഥലങ്ങളിലും അവരുടെ സ്വാധീനത്തെ ദുർബലപ്പെടുത്തി. ആഴത്തിൽ വേരോടിയ ജാതി വ്യവസ്ഥയും സാമൂഹിക വിഭജനവും വർഗസമരത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തി.

രണ്ട് പാർട്ടികളായി വേർപിരിഞ്ഞ സി. പി എം ഉം സി. പി. ഐ. ഉം ഒന്നാകാനുള്ള നിർദേശം പലപ്പോഴും ഉയർന്ന് വന്നിരുന്നു. ഈ നിർദ്ദേശം പതിറ്റാണ്ടുകളായി ഉണ്ടെങ്കിലും ആശയപരവും സംഘടനാപരവുമായ ഭിന്നതകൾ കാരണം യാഥാർത്ഥ്യമായില്ല. ഒരുപക്ഷേ ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഇടതുപക്ഷ മനോഭാവമുള്ള മറ്റു പാർട്ടികളും ഒന്നിക്കുന്ന സാഹചര്യം ഉണ്ടായാൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വർഗീയ പാർട്ടികളുടെയും ശക്തമായ സ്വാധീന വലയത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്രയിക്കാൻ പറ്റുന്ന ഒരു പാർട്ടിയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് ഉയരുവാൻ കഴിഞ്ഞേനെ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യം അർഹിക്കുന്നത് പല രീതിയിലാണ്. ഇടത് പക്ഷ പാർട്ടികളുടെ പരാജയം പലപ്പോഴും പ്രാദേശിക മത വർഗീയ കോഓപ്പറേറ്റ് സ്വാധീനമുള്ള പാർട്ടികളുട വളർച്ചയ്ക്ക് കാരണം ആയേക്കും. ഇത്‌ ഭൂരിപക്ഷ മധ്യവർഗ ജനതയുടെ താല്പര്യ സംരക്ഷണത്തിന് അനുകൂലമല്ലാത്ത ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുവാനുള്ള സാധ്യത ഒട്ടേറെയാണ്. അതുകൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം സങ്കുചിത മനോഭാവം ഇല്ലാത്ത സ്ഥാനാർഥികൾക്കായിവോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർന്ന് വരുന്നത്.

ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പലതും ഇടത് പക്ഷ പാർട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ നേടിയെടുക്കേണ്ടതുണ്ട്. 1964 ൽ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ് പാർട്ടിയോടുള്ള നിലപാടും കാരണമാണ് ഇടതുപക്ഷ പാർട്ടികളിൽ വിള്ളൽ സംഭവിച്ചത്. അതിനുശേഷം 1980-കളിൽ പുനരേകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഈ വിഷയത്തിൽ കൊണ്ടുവരാൻ ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി ആയി അംഗീകരിക്കണമെങ്കിൽ ഒരു സംസ്ഥാന പാർട്ടിയായി നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ മൊത്തം വോട്ടിൻ്റെ 6% എങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ നേടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് എംപിമാരെങ്കിലും വിജയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ലോക് സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സഖാവ് എ. കെ. ജി ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക കക്ഷി ആയിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തി ശോഷണത്തിന്റെ പ്രധാന കാരണം ഇടത് പക്ഷ ചിന്താഗതിയുള്ളവർ സി. പി. ഐ, സി. പി. എം., ആർ. എസ്. പി, ആർ. എസ്. പി (ലെനിനിസ്റ്റ് ), സി. പി. ഐ. (എം. എൽ ), തുടങ്ങിയ പാർട്ടികളായി വിഭജിച്ചതാണ്. ഒന്നിച്ചു നിന്നിരുന്നെങ്കിൽ വലതുപക്ഷ വർഗീയ മേൽകോയ്മയ്‌ക്കെതിരെ ഏറ്റവും ശക്തമായ ശബ്ദമാകാൻ കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ് അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നോക്കികാണുമ്പോൾ ഒരു ദേശീയ പാർട്ടിയായി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഏറി വരികയാണ്. സി. പി. എം പോലുള്ള ദേശീയ പാർട്ടികളുടെ ശോഷണം വഴി വയ്ക്കുന്നത് രാജ്യ താല്പര്യങ്ങൾക്കനുസരിച്ച് വികസനത്തിനുവേണ്ടിയും ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുവാനുമായുള്ള മുന്നേറ്റങ്ങളുടെ ശക്തിക്ഷയം ആണ്  . പ്രാദേശിക തലത്തിലുള്ള പാർട്ടികളുടെ വളർച്ചയും ഇതിന്റെ ഉപോൽപ്പന്നം ആണ്. പലപ്പോഴും പ്രാദേശിക സാമൂഹിക താല്പര്യങ്ങൾക്കപ്പുറം രാജ്യത്തിന്റെ പൊതു നിലപാടുകളെ വളർത്തി കൊണ്ടു വരാൻ പ്രാദേശിക പാർട്ടികൾക്കു കഴിയാറില്ല. ഈ സാഹചര്യമൊക്കെയാണ് ഒരു ദേശീയ പാർട്ടി ആയി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെക്കൻ വെയിൽസിലെ അമ്മൻഫോർഡ് സ്കൂളിൽ നടന്ന കത്തി കുത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ നടന്ന സംഭവം കടുത്ത ഞെട്ടലാണ് യുകെയിൽ ഉടനീളം ഉളവാക്കിയിരിക്കുന്നത്. 11 നും 18നും ഇടയിൽ പ്രായമുള്ള 1800 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാർത്തകളെ തുടർന്ന് ആശങ്കാകുലരായ രക്ഷിതാക്കൾ സ്കൂൾ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി ഋഷി സുനക് കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് അടിയന്തിര സേവനം നടത്തിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്കൂൾ നിലവിൽ കോഡ് റെഡ് വിഭാഗത്തിൽ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി എയർ ആംബുലൻസ് സ്കൂളിൽ എത്തിയിരുന്നു. അച്ചടക്കവും മികച്ച കുട്ടികൾ പഠിക്കുന്ന സ്കൂളും ആണ് ഇതെന്നും എന്നതാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved