Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയിൽ വൻ പുരോഗതി നേടിയതിനെ തുടർന്ന് ഉടൻതന്നെ ചാൾസ് രാജാവ് തൻറെ ഔദ്യോഗിക കൃത്യ നിർവഹണത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഔദ്യോഗിക കാര്യങ്ങൾ പൂർണ്ണമായും അദ്ദേഹം പുനരാരംഭിച്ചില്ലെങ്കിലും രാഷ്ട്രതലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ പുനരാരംഭിക്കും.


ഉടൻതന്നെ അദ്ദേഹത്തിൻറെ വേനൽക്കാല യാത്രയുടെ ഭാഗമായി ജപ്പാനിലെ ചക്രവർത്തിക്ക് ആതിഥേയത്വം വഹിക്കും. കൂടുതൽ പൊതു പരിപാടികളിലേയ്ക്ക് മടങ്ങിവരാൻ രാജാവിന് ആഗ്രഹമുണ്ടെന്നാണ് കൊട്ടാര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫെബ്രുവരിയിൽ ആരംഭിച്ച രാജാവിൻറെ ചികിത്സ ഇപ്പോഴും തുടരുകയാണ്. ബക്കിംഗ്ഹാം കൊട്ടാരം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ രാജാവിൻറെ പൊതു ചുമതലകളെയും മടങ്ങിവരവിനെ കുറിച്ചും നിലവിലെ രോഗാവസ്ഥയെ കുറിച്ചും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.


അദ്ദേഹത്തിൻറെ ചികിത്സ എത്രകാലം തുടരും എന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് കൊട്ടാരം അറിയിച്ചിരിക്കുന്നത്. രാജാവിന് ക്യാൻസർ രോഗമാണെങ്കിലും ഏതുതരം ക്യാൻസർ ആണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രൂപ്പിംഗ് ദി കളർ, ഡി-ഡേ അനുസ്മരണങ്ങൾ, സമ്മർ ഗാർഡൻ പാർട്ടികൾ, റോയൽ അസ്കോട്ട്, ശരത്കാല വിദേശ യാത്രകൾ എന്നിങ്ങനെ കലണ്ടറിൽ വരുന്ന ചില വലിയ ഇവൻ്റുകളിൽ അദ്ദേഹം പങ്കെടുക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കംബോഡിയൻ തലസ്ഥാനമായ നോംപെന്നിൽ 60 കാരനായ സോണി സുബേരുവിനെ മാർച്ച് 26 ന് ഹോട്ടലിൻ്റെ 22-ാം നിലയിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ നിലനിൽക്കുന്ന ദുരൂഹത നീക്കണമെന്ന ആവശ്യവുമായി പരേതന്റെ മകൾ രംഗത്ത് വന്നു . ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് തൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് അവർ അറിയിച്ചു.


സോണി സുബേരു ലണ്ടനിൽ ഐടി കൺസൾട്ടന്റായി വിരമിച്ചയാളാണ്. അതു കൂടാതെ അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്നു. ലോകമെമ്പാടും തനിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന വിനോദം.

സുബേരുവിൻ്റെ മരണം ആത്മഹത്യയാണെന്നാണ് കംബോഡിയൻ അധികൃതർ അറിയിച്ചത്. എന്നാൽ അത് ഉൾക്കൊള്ളാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അവരുടെ അച്ഛൻ മരണമടയുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരാൾ അതേ ഹോട്ടലിൽ നിന്ന് വീണു മരിച്ചതായി അവർ ചൂണ്ടി കാട്ടി. എന്നാൽ കംബോഡിയൻ അധികാരികൾ സുബേരു മേൽക്കൂരയിൽ നിന്ന് വീണുവെന്നാണ് പറയുന്നത്. എന്നാൽ തനിക്ക് ലഭിച്ച അച്ഛൻ്റെ ഫോട്ടോകളിൽ, അദ്ദേഹത്തന്റെ മുഖത്ത് ഒരു ചതവും പോലുമില്ല. ഇത്രയും ഉയരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിൽ ശരീരത്തിൽ പരിക്കുകൾ കാണണ്ടേ എന്നതാണ് സംശയം ഉണർത്തുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജോലിയും കുടുംബവുമായി കഴിഞ്ഞാൽ തങ്ങളുടെ ബഹുമുഖമായ മറ്റ് കഴിവുകളെ മറന്ന് പ്രൊഫഷനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ തിരക്കുള്ള ഡോക്ടർ ആയി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ സർഗാത്മക കഴിവുകളെ പോഷിപ്പിക്കാനായി സമയം കണ്ടെത്തുന്ന ഡോക്ടർ ഷെറിൻ യുകെ മലയാളികളുടെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുകയാണ്. യു.കെയിൽ ഹിസ്‌തോ പതോളജിയിൽ സ്പെഷ്യലിസ്റ്റും അനുഗൃഹീത ഗായികയുമായ ഡോ. ഷെറിൻ നൃത്തം, ചിത്രകല, പാചകം തുടങ്ങിയ മേഖലകളിലും തൻെറ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

2005 ലാണ് ഡോ. ഷെറിൻ യു.കെ.യിലേക്കു വരുന്നത്. ജീവിത തിരക്കുകളിൽ പെട്ട് സംഗീതമേഖലയിൽ നിന്ന് കുറച്ച് കാലം വിട്ടുനിൽക്കേണ്ടതായി വന്നെങ്കിലും കോവിഡ് കാലയളവിൽ സംഗീതത്തിന് കൂടുതൽ ശ്രദ്ധ നൽകാൻ ഡോ . ഷെറിന് സാധിച്ചു. പിന്നാലെ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള പള്ളിയിൽ ക്വയറിൽ പാടാനും അവിടെയുള്ള കുട്ടികളെ ക്ലാസിക്കൽ മ്യൂസിക്ക് പഠിപ്പിക്കാനും ആരംഭിച്ചു. ലോക്ക് ഡൗൺ വന്നതോടെ എല്ലാം ഓൺലൈനിൽ ആയതിന് പിന്നാലെയാണ് ഡോ . ഷെറിൻെറ പാട്ടും ശബ്ദവും പുറംലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ജോലിയും സംഗീതവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല. ഡോ . ഷെറിൻെറ നിശ്ചയ ധാർട്യത്തിൻെറ ഫലമായി ക്രിസ്ത്യൻ ഗാനരംഗത്തേയ്ക്ക് അനേകരെ കൈപിടിച്ചു കൊണ്ടുവന്ന ഫാ. മാത്യു പയ്യപ്പിള്ളി എം.സി.ബി.എസിന്റെ സംഗീതത്തിൽ പിറന്ന ‘നിണമൊഴുകീടുന്ന നിൻ വീഥിയിൽ…’ എന്ന ക്രിസ്തീയ ഭക്തിഗാനം പാടാൻ ഡോ . ഷെറിന് അവസരം ലഭിച്ചു. നിലവിൽ ഡോ. ഷെറിൻ പന്ത്രണ്ടോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വർഗീയ ഗായകൻ കെസ്റ്ററിനോടൊപ്പം ഡോ.ഷെറിൻ ആലപിച്ച ഡെല്ലിഷ് വാമറ്റം മ്യൂസിക്കൽസ് ഒരുക്കിയ വെണ്മണി ഗോതമ്പിൻ എന്ന ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ട വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ബേണി ഇഗ്നേഷ്യസിൻെറ “ജപമണികളിൽ അമ്മേ” ആണ് ഏറ്റവും ഒടുവിൽ റിലീസ് ആയ ആൽബം. ഇതിൻെറ നിർമാണം യുകെ മലയാളിയും ബിർമിങ്ഹാം സൊലിഹളിൽ  നിന്നുള്ള രാജു ജേക്കബ് ആണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ട്രാൻസ് ജൻഡർ നായികയായുള്ള ആദ്യ ക്രിസ്ത്യൻ ഗാനമായ “ചേർത്തണയ്ക്കാം” എന്ന ആൽബത്തിലും പാടാൻ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഡോ.ഷെറിൻ മലയാളം യുകെയോട് പറഞ്ഞു.

കേരളത്തിൽ കൊച്ചി സ്വദേശിയാണ് ഷെറിൻ. എൻജിനീയറും നെടുമ്പാശേരി സ്വദേശിയുമായ പി ഡി ജോസഫ് ആണ് ഡോ. ഷെറിൻെറ പിതാവ്. അമ്മ ചിന്നമ്മ ജോസഫ് അധ്യാപികയായിരുന്നു. ജോലി സംബന്ധമായി ഇരുവരും തിരുവനന്തപുരത്ത് ആയിരുന്നത് കൊണ്ട് ഡോ. ഷെറിൻെറ വിദ്യാഭ്യാസം അവിടെ വച്ചായായിരുന്നു. മൂന്നു മക്കളിൽ ഇളയ ആളായ ഡോ . ഷെറിൻ ചെറുപ്പത്തിൽ തന്നെ നൃത്തവും കർണാടക സംഗീതവും പരിശീലിച്ചിരുന്നു. പതിനേഴു വർഷം തുടർച്ചയായി ഡോ . ഷെറിൻ സംഗീതം പഠിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനത്തിനായി പോകുമ്പോഴും പാട്ടിനെ കൂടെക്കൂട്ടിയ ഡോ . ഷെറിന് ഏഷ്യാനെറ്റിലും ദൂരദർശനിലും പാട്ട് പാടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിൽ ആദ്യ സീസൺ ക്വാട്ടർ ഫൈനലിസ്റ് കൂടിയാണ് ഡോ. ഷെറിൻ. സ്‌കൂൾ യുവജനോത്സവ വേദിയിൽ നിറ സാന്നിധ്യമായിരുന്ന ഡോ . ഷെറിൻ കർണാടക സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ ഡോ . ഷെറിൻെറ ഗുരു ശ്രീമതി ശോഭന കൃഷ്‌ണമൂർത്തിയായിരുന്നു. ഇപ്പോൾ സംഗീത പഠനം തുടരുന്നത് തിരുവനന്തപുരം സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിലെ പ്രൊഫസർ ധർമജൻെറ കീഴിലാണ്.

ഹിസ്‌തോ പതോളജിയിലാണ് ഡോ. ഷെറിൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഡോ .ഷെറിൻ യു.കെയിലെ മെഡിക്കൽ കോളേജിലെ പാതോളജി വിഭാഗം ഹെഡ് ആണ്. പാചകത്തോടും വലിയ താല്പര്യം പുലർത്തുന്ന ഡോ . ഷെറിൻ ‘kuks kitchen’ എന്നപേരിൽ ഒരു കുക്കിങ് വ്ളോഗും നടത്തുന്നുണ്ട്. പാചകവും സംഗീതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ഭർത്താവും സോഫ്റ്റ് വെയർ എൻജിനീയറുമായ നിഷാന്ത് തോമസാണ് ഏറ്റവും വലിയ പിന്തുണയെന്ന് ഡോ. ഷെറിൻ മലയാളം യുകെയോട് പറയുന്നു. മാത്യുവും രാഹുലും ആണ് ഡോ. ഷെറിൻ – നിഷാന്ത് ദമ്പതികളുടെ മക്കൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട പ്രൈമറി സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 50 കാരിയായ ഫിയോണ ബീൽ ആണ് തൻ്റെ 42 കാരനായ കാമുകൻ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് . നിക്കോളാസ് മരിച്ചു കഴിഞ്ഞ് 4 മാസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.


2021-ലാണ് 52 കാരിയായ ഫിയോണ 42 കാരനായ കാമുകനെ കൊലപ്പെടുത്തിയത് . ആദ്യം നിഷേധിച്ച അവൾ പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കൊലപാതകം ഇവർ ഒറ്റയ്ക്ക് നടത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.


കൊലപാതകത്തിനായി വളരെ തന്ത്രപരമായ ആസൂത്രണമാണ് പ്രതി നടത്തിയത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. കൈയുറയും കത്തിയും കൊലയ്ക്ക് ഉപയോഗിച്ച മറ്റ് സാധനങ്ങളും നേരത്തെ ഇവർ കരുതിയിരുന്നു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ സ്വയരക്ഷക്കോ അല്ല അവൾ ഈ കൃത്യം ചെയ്തതെന്നതിനുള്ള ഈ ആസൂത്രണത്തെയാണ് തെളിവായി പോലീസ് എടുത്തു പറഞ്ഞത് . കേസിന്റെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സ്കിൻ ക്യാൻസറിനെതിരായ ലോകത്തിലെ ആദ്യത്തെ “വ്യക്തിഗത” mRNA വാക്സിൻ – മെലനോമ – യുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. കുത്തിവയ്പ് സ്വീകരിച്ചവരിൽ ഹെർട്‌സിലെ സ്റ്റീവനേജിൽ നിന്നുള്ള 52 കാരനായ സ്റ്റീവ് യങ്ങും ഉണ്ട്. സ്റ്റീവിന് കഴിഞ്ഞ ഓഗസ്റ്റിൽ തലയോട്ടിയിൽ നിന്ന് മെലനോമയുടെ വളർച്ച സ്ഥിരീകരിച്ചിരുന്നു. ഇത് രോഗികളുടെ ശരീരത്തിലെ ശേഷിക്കുന്ന ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും തുടച്ചുനീക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനായാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌. പിന്നീട് ക്യാൻസർ രോഗബാധിതനാകാനുള്ള സാധ്യതയും ഇത് തുടച്ചു മാറ്റുന്നു.

mRNA-4157 (V940) എന്ന കുത്തിവയ്പ്പ് നിലവിൽ കോവിഡ് വാക്‌സിനുകളുടെ അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നിലവിൽ വാക്‌സിനിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് (UCLH) ഡോക്ടർമാർ ഇത് പെംബ്രോലിസുമാബ് അല്ലെങ്കിൽ കീട്രൂഡയ്‌ക്ക് തുടങ്ങിയ മരുന്നുകൾക്കൊപ്പം നൽകാറുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

മോഡേണ, മെർക്ക് ഷാർപ്പ്, ഡോം (MSD) എന്നീ രണ്ട് കമ്പനികൾ ചേർന്ന് തയാറാക്കിയ വാക്സിൻ എൻഎച്ച്എസിൽ വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ വിദഗ്ധരും ഇത് രോഗികളിൽ പരീക്ഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. വൈകാതെ ഇവ വ്യാപകമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. ഈ വാക്‌സിനുകളിൽ ഓരോ രോഗികൾക്കനുസരിച്ച് ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ വാക്‌സിൻ ക്യാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന മാർക്കറുകളെയോ ആൻ്റിജനുകളെയോ ആക്രമിക്കുന്ന പ്രോട്ടീനുകളോ ആൻ്റിബോഡികളോ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) ഒരാളെ ഒരാളെ അറസ്റ്റ് ചെയ്തു. യുകെയിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ഉന്ദർ പാൻസിംഗ് ഗാബയാണ് അറസ്റ്റിലായത്. ഇയാളെ ഡൽഹിയിൽ നിന്നാണ് എൻഐഎ പിടികൂടിയത്.

കഴിഞ്ഞവർഷം മാർച്ച് 19നും മാർച്ച് 22നും ഇടയിൽ ലണ്ടനിൽ വച്ച് നടന്ന സംഭവങ്ങളുടെ പിന്നിൽ വൻ ഗൂഢാലോചന നടന്നിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഹീനമായ ആക്രമണം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു . ഖാലിസ്ഥാൻ അനുകൂല വിഘടനവാദിയായ അമൃത് പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

500 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ക്രിമിനൽ അതിക്രമം, ഇന്ത്യയുടെ ദേശീയ പതാകയോട് അനാദരവ്, പൊതു സ്വത്ത് നശിപ്പിക്കൽ, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു . ഗുർചരൺ സിംഗ് എന്നയാളാണ് ആക്രമണം സംഘടിപ്പിച്ചതിന് നേതൃത്വം നൽകിയത് . ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിലെ അവതാർ സിംഗ് ഖണ്ഡ, ജസ്വീർ സിംഗ് അവരുടെ കൂട്ടാളികളായ ഇന്ത്യൻ പൗരന്മാരും വിദേശികളും ഉൾപ്പെടെയുള്ളവരെ നേരെത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ അവതാർ സിംഗ് ഖണ്ഡ 2023 ജൂൺ 15-ന് ബർമിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗുരുതരമായ ഹൃദയരോഗമുള്ള ഒരു മാസം മാത്രം പ്രായമുള്ള ആൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി റോമിലേയ്ക്ക് കൊണ്ടു പോയി. എൻഎച്ച്എസിൽ ചികിത്സ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തിപരമായി ഇടപെട്ടാണ് തുടർ ചികിത്സ ലഭ്യമാക്കിയത്. ബ്രിട്ടീഷുകാരനായ കുട്ടിയുടെ പിതാവ് ഇറ്റാലിയൻ വംശജനാണ്. ഇദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രിയോടെ നടത്തിയ സഹായഭ്യർത്ഥനയാണ് നടപടികൾ വേഗത്തിലാക്കിയത്.


ബ്രിസ്റ്റോൾ മേക്കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുട്ടിക്ക് അവിടെ തുടർ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്നാണ് ഇറ്റലിയിലേയ്ക്ക് പോകേണ്ടതായി വന്നത്. പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ ആരോഗ്യ വിദഗ്ധരുടൊപ്പമാണ് കുട്ടിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോയത്. ചൊവ്വാഴ്ചയോടെ കുടുംബം റോമിൽ എത്തി .

ഞാനും എൻറെ ഭാര്യയും വളരെ സന്തോഷത്തിലാണെന്ന് മാധ്യമങ്ങളോട് സംസാരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. ഇറ്റാലിയൻ സർക്കാരിന്റെ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടികൾക്ക് വേണ്ടിയുള്ള റോമിലെ പ്രത്യേക ആശുപത്രിയായ സാംബിനോ ഗെനുവിൽ കുട്ടിയ്ക്ക് ഇരട്ട ശസ്ത്രക്രിയകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പരമ്പരാഗത ലാൻഡ്‌ലൈൻ ഫോണുകളുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇനി ഇൻറർനെറ്റ് അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേയ്ക്ക് ലാൻഡ് ഫോണുകൾ മാറ്റപ്പെടുകയാണ്. ഇതിൻറെ ഭാഗമായി പരമ്പരാഗത ടെലിഫോണുകൾ ഉപയോഗിച്ചിരുന്നവരെ എങ്ങനെയാണ് പുതിയ സംവിധാനം ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്കായി ബ്രിട്ടീഷ് ടെലി കമ്മ്യൂണിക്കേഷൻ പങ്കിട്ടു.


പരമ്പരാഗത ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സാങ്കേതികവിദ്യ മാറുമെങ്കിലും ഉപയോഗിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പാണ് ബി റ്റി നൽകുന്നത്. ഇതുകൂടാതെ നിലവിലെ നമ്പറിനും യാതൊരു മാറ്റവും സംഭവിക്കുകയില്ല . പക്ഷേ പവർകട്ട് ഉണ്ടാക്കുന്ന സമയത്തോ ബ്രോഡ്ബാൻഡ് തകരാറിലാകുന്ന സമയത്തോ ഫോൺ പ്രവർത്തനരഹിതമായിരിക്കും എന്ന പ്രശ്നം ഉണ്ടെന്ന് ബി റ്റി അറിയിച്ചു . മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ള സമയത്ത് ആൾക്കാർക്ക് അടിയന്തിര സേവനങ്ങൾ ലഭ്യമാക്കാനുള്ള 999 തുടങ്ങിയ നമ്പറുകളിലേക്ക് എങ്ങനെ വിളിക്കാൻ പറ്റും എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ മൊബൈൽ ഫോൺ സിഗ്നൽ മോശമായ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ കടുത്ത ആശങ്കയുണ്ടായിട്ടുണ്ട്.


നിലവിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത വീടുകൾക്ക് പുതിയ സാങ്കേതികവിദ്യ വരുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ബി റ്റി നൽകി കഴിഞ്ഞു. ഇവർക്ക് എങ്ങനെ ഫോൺ സംവിധാനം നടപ്പിലാക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് . രാജ്യത്ത് ഒരുഫോൺ സേവനവും ലഭ്യമല്ലാത്തവർ ഉണ്ടാവില്ലെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുമെന്നും ഇൻറർനെറ്റ് സൗകര്യം നിർബന്ധമാക്കിയതിന് കൂടുതൽ പണം അധികമായി ഈടാക്കില്ലെന്നും ബി റ്റി യുടെ ഭാഗത്തുനിന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതിനെ ഭാഗമായി മൊബൈൽ ഫോൺ ഇല്ലെങ്കിലോ സിഗ്നൽ ഇല്ലാത്ത സ്ഥലത്ത് ഉള്ളവരോ ആണെങ്കിൽ 03301234150 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമ്മൻഫോർഡ് സ്കൂളിലുണ്ടായ കത്തി കുത്തിൽ അറസ്റ്റിലായത് ഒരു പെൺകുട്ടിയാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇന്നലെ തെക്കൻ വെയിൽസിലെ അമ്മൻഫോർഡ് സ്കൂളിൽ നടന്ന കത്തി കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റത് രാജ്യത്തുടനീളം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അറസ്റ്റിലായ കൗമാരക്കാരിയായ പെൺകുട്ടിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ രണ്ട് അധ്യാപകർക്കും ഒരു കൗമാരക്കാരനായ ഒരു വിദ്യാർത്ഥിക്കുമാണ് കുത്തേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ബുധനാഴ്ച നടന്ന സംഭവത്തെ തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളെ 4 മണിക്കൂറോളം ക്ലാസ് മുറികളിൽ പൂട്ടിയിട്ടിരുന്നു. അറസ്റ്റിലായ പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തെ സഹായിക്കാനായി ഇന്ന് സ്കൂളിന് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കും. പോലീസ് അന്വേഷണം നടക്കുമ്പോൾ ആളുകൾ വാസ്തവ വിരുദ്ധമായ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടിയന്തിര സഹായമെത്തിച്ച പോലീസിനും എമർജൻസി സർവീസുകൾക്കും പ്രധാനമന്ത്രി ഋഷി സുനക് നന്ദി പറഞ്ഞു. തങ്ങളുടെ എല്ലാം പിന്തുണയും അപകടത്തിൽ പെട്ടവർക്കൊപ്പം ഉണ്ടന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമ്പോൾ റെയിൽവേയിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽവേ സംവിധാനം പൂർണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ കുറയുമെന്നതും പ്രഖ്യാപിത നയമാണ്.


സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോൺട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചർ റെയിൽവേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേയും ഉടമസ്ഥതയിൽ കൊണ്ടുവരാനാണ് ലേബർ പാർട്ടിയുടെ പദ്ധതി. റെയിൽവേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാൻ പാസഞ്ചർ സ്റ്റാൻഡേർഡ് അതോറിറ്റി രൂപവൽക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിൻ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ പണം തിരിച്ചു കിട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്ന് പാർട്ടി അറിയിച്ചു.


റെയിൽവേയുടെ നവീകരണത്തിന്റെ ഭാഗമായി ലേബർ പാർട്ടി നടത്തിയ വാഗ്ദാനങ്ങൾ വൻ ജന സ്വീകാര്യത നേടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രെയിനുകൾ റദ്ദാക്കുകയും ട്രെയിൻ യാത്രയിൽ ഇൻറർനെറ്റിന്റെ അഭാവം മൂലം ജോലി ചെയ്യാൻ സാധിക്കാത്തതിന്റെ പേരിലും ഒട്ടേറെ പേരാണ് നിലവിലെ സംവിധാനത്തിനെതിരെ പരാതികൾ ഉന്നയിക്കുന്നത്. റെയിൽവേ പരിഷ്കരണത്തിന് മുൻഗണന നൽകാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തിന് യൂണിയനുകളുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് .

RECENT POSTS
Copyright © . All rights reserved