Obituary

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ജീവിതത്തിൽ ബാധിച്ച ക്യാൻസർ എന്ന പ്രതിസന്ധിയെ സധൈര്യം നേരിട്ട വിഗാനിലെ മലയാളി നേഴ്സ് സിനി ജോബിയുടെ (41) മരണം യുകെ മലയാളികളെ ആകെ ദുഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നാല്പത്തിയൊന്നുകാരിയായ സിനി തൊടുപുഴ കാലയന്താനി വാളിയങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ്. ഒരു വർഷത്തോളമായി രോഗത്തിന് ചികിത്സയിലായിരുന്ന സിനി, രോഗം ഏറെക്കുറെ ഭേദമായെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്ന അവസരത്തിലാണ്, രോഗം വീണ്ടും കലശലായി മരണത്തിലേക്ക് എത്തുന്നത്. രോഗം പൂർണമായും ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് സിനി തന്റെ കുടുംബാംഗങ്ങളെ ഡൽഹിയിലും, നാട്ടിലുമെത്തി സന്ദർശിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലുള്ള തന്റെ സുഹൃത്തുക്കളെയും സിനി ചികിത്സയ്ക്ക് ശേഷം സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ എത്തുകയും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാർത്ത വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ക്യാൻസർ ചികിത്സയ്ക്ക് പേരുകേട്ട മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആയിരുന്നു സിനിയുടെ ചികിത്സ നടന്നിരുന്നത്. മരണത്തിന് തൊട്ടു മുൻപ് വരെയും സിനിക്ക് ബോധം ഉണ്ടായിരുന്നതായും, ചുറ്റും നിന്നിരുന്ന ഭർത്താവിനോടും ഏക മകനായ ഒൻപത് വയസ്സുകാരൻ ആൽബിനോടും സംസാരിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ തനിക്ക് ദൈവസാന്നിധ്യം വെളിപ്പെട്ടതായും സിനി ഭർത്താവിനോട് പറഞ്ഞു. സിനിയുടെ വിയോഗം താങ്ങാനാവാതെ നിരവധി സുഹൃത്തുക്കൾ പുലർച്ച് തന്നെ മരണ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. ജോബിയുടെ സഹോദരൻ കെന്റിലും, സഹോദരി ലെസ്റ്ററിലുമാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍ അന്തരിച്ചു. 73 വയസായിരുന്നു. കാര്‍ അപകടത്തിലാണ് മരണം. റൂഡി കോര്‍ട്‌സണിനൊപ്പം മൂന്ന് പേര്‍ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം കേപ്ടൗണില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോവുമ്പോഴാണ് അപകടം. റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ ഇറങ്ങുക.

1981ലാണ് റൂഡി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. റൂഡിയുടെ
ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത്. 331 രാജ്യാന്തര മത്സരങ്ങളില്‍ റൂഡി അമ്പയറായെത്തി.

ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായതില്‍ അലീം ദാറിന് പിന്നില്‍ രണ്ടാമത് റൂഡിയാണ്. സൗത്ത് ആഫ്രിക്കന്‍ റെയില്‍വേസില്‍ ക്ലര്‍ക്കായിരിക്കുമ്പോള്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചായിരുന്നു തുടക്കം. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ അമ്പയറായെത്തിയാണ് അരങ്ങേറ്റം.

 

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പികെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.

1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.

സിഐഎയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബര്‍ലിന്‍ മതില്‍ തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസില്‍ സിപിഐഎമില്‍ നിന്ന് പുറത്താക്കപ്പെട്ടു.

കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.

“അവസാനം വരെ താൻ ശരിയായി പോരാടി”.

കണ്ണീരിലൂടെ സംസാരിച്ച് അവൾ പറഞ്ഞു: “ദുഃഖത്തിൽ, ആർച്ചി ഇന്ന് ഉച്ചയ്ക്ക് 12.15 ന് കടന്നുപോയി. ലോകത്തിലെ ഏറ്റവും അഭിമാനകരമായ അമ്മയാണ് ഞാൻ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“അവൻ വളരെ സുന്ദരനായ ഒരു കൊച്ചുകുട്ടിയായിരുന്നു. അവസാനം വരെ അവൻ ശരിയായി പോരാടി, അവന്റെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു.

ഹോസ്പിറ്റൽ ചികിത്സ പിൻവലിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം മരിച്ചുവെന്ന് ആർച്ചി ബാറ്റേഴ്സ്ബീയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ആർച്ചിയെ ഒരു ഹോസ്പിസിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ അഭ്യർത്ഥന ബ്രിട്ടീഷ് കോടതികൾ നിരസിച്ചു, കൂടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതി രണ്ടാമതും കേസിൽ ഇടപെടാൻ വിസമ്മതിച്ചു.

ആർച്ചിയുടെ ലൈഫ് സപ്പോർട്ട് തുടരുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് തുടരണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടണിലെ ഹൈകോർട്ടിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടിലും വരെയെത്തിയ കുടുംബാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഹൃദയവേദനയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആർച്ചിയുടെ മരണത്തോട് പ്രതികരിച്ചത്. “എൻ്റെ പ്രിയപ്പെട്ട ആർച്ചി വിടവാങ്ങി…. അവൻ അവസാനം വരെ പൊരുതി.” ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് വിതുമ്പലോടെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ആർച്ചിയെ എസക്സിലെ സൗത്ത് എൻഡിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാരകമായ പരിക്ക് ബ്രെയിനിൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബോധാവസ്ഥയിലായ ആർച്ചി വെൻ്റിലേറ്ററിൻ്റെയും ഡ്രഗ് ട്രീറ്റ്മെൻറിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. 2022 ഏപ്രിൽ 7 ന് സൗത്ത് എൻഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ആർച്ചിയെ പിറ്റേന്ന് ദി റോയൽ ലണ്ടൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏപ്രിൽ 26 ന് ആർച്ചിയ്ക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ഹോസ്പിറ്റൽ അധികൃതർ ഹൈകോർട്ടിൻ്റെ അനുമതി തേടി.

മെയ് 13 ന് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗിനുള്ള അനുമതി ജഡ്ജ് നല്കി. രണ്ടു സ്പെഷ്യലിസ്റ്റുകൾ ആർച്ചിക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റിനോട് ആർച്ചി പ്രതികരിക്കാതിരുന്നതാണ് ഈ ശ്രമം പരാജയപ്പെടാൻ കാരണമായത്. ആർച്ചിയുടെ ശരീരത്തിന് ചലനമുണ്ടായാൽ അത് ദോഷകരമായി ഭവിക്കുമെന്ന വാദമുയർത്തി എം.ആർ.ഐ സ്കാനിനുള്ള നിർദ്ദേശം ആർച്ചിയുടെ കുടുംബം നിരാകരിച്ചെങ്കിലും കോടതിയുടെ ഉത്തരവ് അനുസരിച്ച് മെയ് 31 ന് സ്കാൻ നടത്തി. എം.ആർ.ഐ സ്കാൻ അനുസരിച്ച് ആർച്ചി മരണപ്പെട്ടു എന്നു സ്ഥിരീകരിച്ചതിനാൽ ട്രീറ്റ്മെൻറ് തുടരേണ്ടതില്ലെന്ന് ജൂൺ 13 ന് ഹൈക്കോർട്ട് ജഡ്ജ് റൂളിംഗ് നല്കി. തുടർന്ന് ഈ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ആർച്ചിയുടെ കുടുംബം ഉന്നത കോടതികളെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുകൾ ലഭിച്ചില്ല.

കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അന്ത്യമുണ്ടായത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ.

തേവള്ളി കൃഷ്‌ണകൃപയിൽ സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.

വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.

മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്

റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് യുവതാരത്തിന്റെ മരണം. യുവ നടൻ ശരത് ചന്ദ്രനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത് ചന്ദ്രൻ. ശ്യാംചന്ദ്രനാണ് സഹോദരൻ.കൂടെ, മെക്‌സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ.

അതേസമയം, യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും സിനിമാലോകവും.അങ്കമാലി ഡയറീസിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. അലൻ അവധിക്ക് യുകെയിൽ നിന്ന് എത്തിയതായിരുന്നു. ഓസ്‌ഫോഡിൽ ആണ് അലൻ പഠിച്ചിരുന്നത്.

ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ തടിയുമായി കയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നല്ല ഒരു വളവിൽ ഹസാഡ് ലൈറ്റ് പോലും ഇടാതെ നിർത്തിയിട്ട്  ഡ്രൈവർ എന്തിനോ പോയ സമയത്താണ് അപകടം സംഭവിച്ചത്. നല്ല വളവായിരുന്നതിനാലും സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്തതിനാലും മുൻപിൽ നിർത്തിവച്ചിരുന്ന വാഹനം കാണാൻ സാധിക്കുമായിരുന്നില്ല.

അപകടം നടന്ന് പത്ത് മിനിറ്റുനിള്ളിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും അവധിക്ക് നാട്ടിൽ  പോയിരുന്ന ജിജോമോൻ ഈ വഴി കടന്നു വരുന്നത്. ഇതിനകം അലനെ ആശുപത്രിയിലേക്ക് മാറ്റിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന കാഴ്ച…. വീണുകിടക്കുന്ന ഹെൽമെറ്റ്… ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ മോട്ടോർ ബെയ്ക്ക്.. നാട്ടിലെത്തി ഡ്രൈവിങ് ചെയ്യാൻ വല്ലാത്തൊരു ഭയം തന്നെയെന്ന് ജിജോമോൻ പറയുകയുണ്ടായി.

പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗമാണ് അലൻെറ മാതാവ് അമ്പിളി. പരേതനായ അലന്റെ ഏക സഹോദരൻ അലക്സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റി സെബാസ്റ്യാന്റെ ഭാര്യ ഷെറിന്റെ അടുത്ത ബന്ധുവാണ് പരേതനായ അലൻ.

സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

അലൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ രോഹിത് ബി ഏലിയാസ് (17) ആണ് മരിച്ചത്. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്‌കിലെ ചീഫ് സബ് എഡിറ്റർ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളേജ് അസിസ്റ്റൻറ് പ്രൊഫ. ബി ബിന്ദുവിന്റെയും മകനാണ്. കോലഞ്ചേരി വഴിത്തല സെന്റ് സെബാസ്റ്റിയന്‍സ് എച്ച് എസ്എസ് വിദ്യാര്‍ഥിയായിരുന്നു.

21 വ്യാഴാഴ്ച നടന്ന അപകടത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഹിത് . സ്കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ധാനു ബെന്നി (18) പരുക്കുകളോടെ ചികിത്സയിലാണ്. മണ്ണത്തൂരിൽ നിന്നും ആറൂർ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന രോഹിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ സംസ്‌കരിക്കും.

രോഹിത്തിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മലയാളി നേഴ്സ് സാലി രാജു (47) ഓസ്ട്രേലിയയിൽ നിര്യാതയായി .  പെര്‍ത്തിലെ മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യ സാലി രാജുവാണ് നിര്യാതയായത് . ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.

പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.
ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.

സാലി രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved