Social Media

ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.

 

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.

 

ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്.

ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്‌സിക്കോയില്‍ പൊഴിഞ്ഞ ആലിപ്പഴങ്ങളും. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണെന്ന് പറയുന്നവരും ഏറെ.

ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു.

എട്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും മകളെ ഊഞ്ഞാലാട്ടുന്ന അച്ഛന്‍ എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. നിലത്തു നിന്നും 80 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് അച്ഛന്റെ സാഹസിക പ്രവർത്തി. മെക്സിക്കോയിലെ പ്യുയെർട്ടോ റൈക്കോ എന്ന സ്ഥലത്താണ് സംഭവം. അച്ഛൻ നിരവധി തവണ മകളെ ഊഞ്ഞാലാട്ടുന്നതിന്റെ വി‍ഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേർ കണ്ട വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ മുഴുവൻ അച്ഛന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ വിമർശിച്ചാണ്.

‘ദ മിററാ’ണ് വിഡിയോയും വാർത്തയും പുറത്തെത്തിച്ചത്. മാധ്യമപ്രവർത്തകനായ ജൊനാതൻ പാഡില്ല പങ്കുവച്ച വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘വളരെ ചെറിയ പ്രായത്തിലുള്ള മകളെ ആണ് അച്ഛൻ ഈ ക്വാറന്റീൻ കാലത്ത് അപാർട്മെന്റിന്റെ ബാൽക്കണിയില്‍ നിന്ന് ഊഞ്ഞാലാട്ടുന്നത്’ എന്നാണ്.

ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലലില്ലാതെയാണ് കുട്ടി ഊഞ്ഞാലിൽ ഇരിക്കുന്നത്. നിങ്ങൾക്ക് പാർക്കിൽ പോകാൻ കഴിയുന്നില്ല എന്നിതനർത്ഥം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക എന്നതല്ലെന്നാണ് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്.

Just because you cannot go to the park does not mean you can risk your childs life… from r/insaneparents

ലവ് ബ്രേക്കപ്പിന് ശേഷം താന്‍ അനുഭവിച്ച വേദന കാമുകനും അറിയാന്‍ വേണ്ടി പ്രതികാരം ചെയ്ത ഒരു കാമുകിയുടെ കഥയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാവുന്നത്. കാമുകനുമായി പിരിഞ്ഞ ശേഷം താന്‍ കരഞ്ഞ അത്രയും തന്നെ കാമുകനും കരയണമെന്ന വാശിയിലാണ് യുവതി പ്രതികാരത്തിനൊരുങ്ങിയത്.

ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കണമെന്ന ലക്ഷ്യത്തോടെ യുവതി യുവാവിന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളിയിറക്കി. ചൈനയില്‍ നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്ന വാര്‍ത്ത വന്നത്. സാവോയെന്ന യുവതിയാണ് ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കുന്നതായി വ്യത്യസ്തമായ പ്രവര്‍ത്തി ചെയ്തത്.

സാവോയും കാമുകനും ഒരു വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പിരിയുകയായിരുന്നു. അവിചാരിതമായി സംഭവിച്ച ബ്രേക്കപ്പിന് പിന്നാലെ സാവോ തളര്‍ന്നു. മാനസികമായി തളര്‍ന്ന സാവോ ഏറെ ദിവസങ്ങളെടുത്താണ് വിഷമത്തില്‍ നിന്നും മോചിതയായത്.

തന്നെ കരയിച്ച കാമുകനോട് പ്രതികാരം ചെയ്യണമെന്നായി പിന്നീട് സാവോയുടെ ലക്ഷ്യം. പിന്നാലെ കാമുകന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളി വാങ്ങിയിടുകയായിരുന്നു കാമുകി. വീട്ടുപടിക്കല്‍ ഉള്ളി കണ്ടതോടെ കാമുകന്‍ അമ്പരന്നു. ഉള്ളിക്കൊപ്പം യുവതി ഒരു കുറിപ്പും കാമുകന്റെ വീട്ടുപടിക്കല്‍ വെച്ചിരുന്നു.

‘ഞാന്‍ മൂന്ന് ദിവസമാണ് കരഞ്ഞത്. ഇനി നിന്റെ ഊഴമാണെന്നായിരുന്നു’ കുറിപ്പില്‍ പറയുന്നത്. സംഭവം നിമിഷ നേരം കൊണ്ട് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ പ്രതികരണവുമായി യുവാവും രംഗത്തെത്തി. തന്റെ പഴയ കാമുകിക്ക് നാടകീയ സ്വഭാവമാണെന്നും ബ്രോക്കപ്പിന് ശേഷം ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിച്ചില്ലെന്നാണ് അവള്‍ എല്ലാവരോടും പറയുന്നതെന്നും അതുകൊണ്ട് താന്‍ മോശം ആള്‍ ആകുമോയെന്നും യുവാവ് ചോദിക്കുന്നു.

നാട്ടിലിറങ്ങിയ പുള്ളിപുലിയെ തുരത്തിയ തെരുവുനായ്ക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോഴാണ് നായ്ക്കളുടെ എന്‍ട്രി. മാസെന്നാണ് സോഷ്യല്‍മീഡിയയുടെയും അഭിപ്രായം.

പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി. രണ്ടാമത്തെയാള്‍ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില്‍ പിടികൂടുകയായിരുന്നു. വലിച്ച് താഴെയിടാന്‍ നോക്കുന്നതിനിടെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാള്‍ ശക്തിയില്‍ കാല്‍ കുടഞ്ഞു. പുള്ളിപ്പുലിയുടെ പിടി വിടുകയും അയാള്‍ ലോറിയില്‍ കയറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പിന്നെയാണ് ഏവരെയും ഞെട്ടിച്ച് ഒരു കൂട്ടം നായകളുടെ വരവ്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്. മതില്‍ചാടിക്കടക്കാന്‍ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുകയായിരുന്നു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.

 

കോവിഡ് കാലത്തെ താരമാണ് സാനിറ്റൈസര്‍. എന്നിട്ടും മലയാളികള്‍ സാനിറ്റൈസര്‍ എന്നു പറയാന്‍ പഠിച്ചില്ലേ? സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന, സാനിയ മിര്‍സ പങ്കുവെച്ച വീഡിയോ പറഞ്ഞു തരും അതിനുള്ള ഉത്തരം.

കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും സാനിറ്റൈസറുമുണ്ട്. കടയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ വേണ്ടി അത് കടലാസില്‍ എഴുതിക്കൊണ്ടു വരുന്നു. കടലാസ് വായിച്ചയാള്‍ ഒന്നു ഞെട്ടി. കാര്യം മറ്റൊന്നുമല്ല, അതില്‍ സാനിറ്റൈസറിനു പകരം ‘സാനിയ മിര്‍സയുടെ ട്രൌസര്‍ എന്നാണ് എഴുതിയിരിക്കുന്നത്’. ഇതു കണ്ട കടക്കാരന്‍ കടയില്‍ വന്നയാളെ തിരുത്തുന്നു; ഇതാണ് വീഡിയോ.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വീഡിയോ ടിക് ടോക്കില്‍ ഇവര്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, ഒപ്പം സാനിയ മിര്‍സയെ ടാഗും ചെയ്യുകയും ചെയ്തു. ഇത് കണ്ട സാനിയ ഒരേസമയം ചിരിക്കുകയും ‘തലയില്‍ കൈവച്ചു പോയി’ എന്ന ഇമോജികള്‍ സഹിതം വീഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.

 

ഫൈസല്‍ നാലകത്ത്

FOR THE WORLD..ലോക ജനതക്ക് സമാധാനത്തിന്റെ സമർപ്പണം. A tribute to the Warriors of Humanity എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സമാധാന ഗീതം.. ഷൗക്കത്ത് ലെൻസ്മാൻ ആണ് ഈ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്ക്കാരം – യൂസഫ് ലെൻസ്മാൻ. ഇതിനു പിന്തുണയുമായി പ്രശസ്‌ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാരിയർ, റഹ്‌മാൻ, മംമ്ത, ബിജുമേനോൻ, ജയസൂര്യ, മനോജ് കെ ജയൻ, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, ആഷിഖ് അബു, സക്കറിയ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ശങ്കർ രാമകൃഷ്ണൻ, ആന്റണി വർഗ്ഗീസ് പെപ്പെ, സിജോയ് വർഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ തുടങ്ങി സിനിമാ മേഖലയിലെ ഒരുപാട്‌ പ്രമുഖർ അവരുടെ ഔദ്യോഗിക പേജിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ വിപത്തിനെ നേരിടുന്ന ഈ അവസരത്തിൽ ശാന്തിയുടെ സന്ദേശവുമായി ഒരുപാട്‌ ഗാനങ്ങളുമായി നമുക്ക് മുന്നിൽ പല കലാകാരന്മാരും എത്തിയിരുന്നു..ഇതിൽ നിന്നെല്ലാം ഒരുപാട്‌ വത്യസ്തത പുലർത്തിക്കൊണ്ട് അഞ്ചു ഭാഷകളിലായി ഒരുഗാനം..ഈ രംഗത്തെ അതികായകന്മാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഗാനോപഹാരം ലോക ജനതക്ക് സമർപ്പിക്കാനൊരുങ്ങുന്നത്.. തികച്ചും വ്യത്യസ്‌തകൾ നിറഞ്ഞ ഈ ഗാനം ദേശീയ പുരസ്‌ക്കാര ജേതാവ് ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അൽഫോൻസ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, റംഷി അഹമ്മദ്, സിത്താര, കാവ്യ അജിത്  കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റിയാസ് ഖാദിർ RQ, അറബിക് ഗായകൻ റാഷിദ് (UAE) തുടങ്ങിയവർ ആണ് ആലപിച്ചിട്ടുള്ളത്.
ഷൈൻ രായംസാണ് മലയാളം രചന നിർവഹിച്ചിട്ടുള്ളത്. കൂടാതെ ഹിന്ദി – ഫൗസിയ അബുബക്കർ , തമിഴ് –  സുരേഷ്കുമാർ രവീന്ദ്രൻ, ഇംഗ്ലീഷ് – റിയാസ് ഖാദിർ RQ , അറബിക് – റാഷിദ് (UAE)  ഇവരുടെയെല്ലാം അതിമനോഹരമായ വരികളും ഈ ഗാനത്തിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ,  സന്തോഷ് ശിവൻ സംവിധാനം ചെയ്ത  ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.പ്രശസ്ത  സൗദി ഗായകൻ ഹാഷിം ബിൻ അബ്ബാസ് പാടി അഭിനയിക്കുന്നതും അതോടൊപ്പം നാൽപ്പതോളം ലോക രാജ്യങ്ങളിലെ കലാകാരന്മാരെ ഈയൊരു ഗാനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു ഗാനങ്ങൾക്കും അവകാശപ്പെടാനില്ലാത്ത അത്യപൂർവമായ പ്രത്യേകതയാണ്.ലെൻസ്മാൻ പ്രൊഡക്ഷൻസിന്റെ  സഹായത്തോടെ സെലിബ്രിഡ്‌ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്നാണ് ഈ ഗാനോപഹാരം ഒരുക്കുന്നത്.

പ്രൊജക്റ്റ് മാനേജർ : ഷംസി തിരുർ,  പ്രൊജക്റ്റ് ഡിസൈനർ : ഫായിസ് മുഹമ്മദ്.
വാർത്താ പ്രചരണം – എ.എസ്‌.ദിനേശ്.
International Artist Source – സിൻജോ നെല്ലിശ്ശേരി (SWITZERLAND), മനോജ് നായർ (The Artist Events-DOHA) , ഫൈസൽ നാലകത്ത് LMR (UK), സണ്ണി മൈലാക്കേൽ (USA), ഉമേഷ് ധർമൻ (AFRICA), ജിയോ നെല്ലിശ്ശേരി (AUSTRALIA), ജോജു കാട്ടൂക്കാരൻ (PARIS ), ശാം റോയ് (HONGKONG).
ഇതിന്റെ പോസ്റ്റർ ഡിസൈൻസ് കുവൈറ്റിലെ പ്രമുഖ ഡിസൈനർ ഷമീർ വ്ലോഗ്സ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

വത്യസ്തതകൾ ഏറെയുള്ള ഈ ഒരു മ്യൂസിക്കൽ ആൽബം ആസ്വാദനത്തിന്റെ വേറിട്ടൊരു അനുഭവമായിരിക്കും.

കോവിഡ് മഹാമാരി ഒട്ടേറെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു. ശമ്പളമില്ലാത്ത അവധിയിലാണ് മറ്റു പലരും. കുടുംബവുമായി കഴിഞ്ഞിരുന്നവരാണ് ജോലി നഷ്ടത്തിലൂടെ ഏറ്റവുമധികം ദുരിതത്തിലായത്. മാസവരുമാനം മുഴുവൻ താമസ വാടക, സ്കൂൾ ഫീസ്, വീട്ടുചെലവ് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മധ്യവർഗക്കാർക്ക് കൈയിൽ ഒന്നും ബാക്കിയാകാറില്ല. ഇത്തരക്കാർക്ക് ഇൗ വിഷകമകരമായ അവസ്ഥയിൽ ആരോടും കടം ചോദിക്കാൻ പോലും പറ്റില്ലല്ലോ. ജോലി നഷ്‌ടപ്പെട്ട തന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥാന്തരങ്ങള്‍ വരച്ചിടുകയാണ് കോട്ടയം ഇൗരാറ്റുപേട്ട സ്വദേശിനിയും യുവ എഴുത്തുകാരിയുമായ ദുബായിൽ താമസിക്കുന്ന വീട്ടമ്മ മഞ്ജു ദിനേശ് :

”മാർച്ചിൽ സ്കൂൾ പൂട്ടിയ മകനും ജോലി നഷ്ടപെട്ട ഭർത്താവും വീട്ടിലിരിക്കാൻ തുടങ്ങിയതുകൊണ്ട് കൊറോണ വാർത്തകൾ വലുതായി ബാധിക്കാത്ത മട്ടായിരുന്നു ജീവിതം, തുടക്കത്തിൽ. ഇടയ്ക്കിടെ പാർക്കിലും മാളിലും ബന്ധുവീട്ടിലുമൊക്കെ പോയി സമയം പോകവേ പെട്ടന്നാണ് നാട്ടിലും ഇവിടെയുമൊക്കെ ലോക്ഡൗൺ എന്ന കാർമേഘപടലം വന്ന് മൂടുന്നത്.

കൊറോണയുടെ ട്രോളുകളും തമാശകളും ഒക്കെയായി ഒരാഴ്ച കടന്നു പോയി. ജോലി അന്വേഷണത്തിലായിരുന്നു ഭർത്താവ്, അപ്പോഴും. കൊറോണ അതും വെള്ളത്തിലാക്കി. നാട്ടിൽ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയും ഇവിടെ ദേശീയഗാനം ആലപിക്കുകയും ഒക്കെ ചെയ്‌തപ്പോൾ ഒന്നും മിണ്ടാതെ ഇതൊക്കെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്കായിട്ടിട്ടുള്ള നന്ദി പ്രകടനമാണെന്നു മനസ്സിലാക്കി വീട്ടിൽ ഒതുങ്ങിക്കൂടി.

പതിയെ മരണനിരക്കുകളും വൈറസ് വ്യാപനവും ഒരു ദുരന്തമായി നമ്മുടെ മുന്നിൽ തകർത്താടുന്നത് ഭീതിയോടെ അറിഞ്ഞു. നമ്മളിൽ ഒരാൾക്ക് വന്നാൽ മാത്രമേ നമുക്കും ഇതിന്റെ ഭീകരാവസ്ഥ മനസിലാകൂ എന്ന് അറിയവേ രാഷ്ട്രീയ മതചിന്തകൾക്ക് അതീതമായി ‘ഒന്നാണ് നമ്മൾ’ എന്നുള്ള തത്ത്വം ലോകം അറിയുന്നത് കൗതുകത്തോടെ നോക്കിക്കണ്ടു.

 പത്തുവയസ്സുകാരൻ മകന് കൊറോണയോട് ദേഷ്യം. കളിക്കാനോ പുറത്തിങ്ങാനോ സമ്മതിക്കാത്ത കൊറോണയെ സ്വന്തം അമ്മയോട് താരതമ്യപ്പെടുത്തി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ കെട്ടിപ്പിടിച്ചു സോറി പറച്ചിലും കരച്ചിലും പിന്നീടത് പ്രാർഥനയിലേക്കും വഴിമാറി. അവന്റെ കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയെന്നുള്ള വാർത്ത കേട്ടപ്പോൾ ഓടിച്ചെന്നു ഭഗവാനോട് ‘അവർക്കൊന്നും വരുത്തല്ലേ ദൈവമേ, ഇതൊന്ന് മാറ്റിത്തരുമോ?’

എന്ന് കൈകൂപ്പിയുള്ള അപേക്ഷയും കണ്ണീരും കണ്ടപ്പോൾ, സ്വാർഥതയില്ലാതെ ലോകത്തിലെ സകലർക്കും വേണ്ടി പ്രാർഥിക്കാൻ നമ്മളെ പഠിപ്പിച്ച കൊറോണ സ്നേഹത്തിന്റെ രൂപത്തിലും അവതരിച്ചോയെന്നൊരു സംശയം.

പുതിയ പാചക പരീക്ഷണങ്ങളിൽ മുഴുകിയപ്പോളും മനസ്സിൽ ഭക്ഷണം കഴിക്കാനാകാതെ ഇരിക്കുന്നവരുടെ മുഖങ്ങൾ തെളിഞ്ഞുവന്നു. ഫോണെടുത്ത് ആവേശത്തോടെ സംസാരിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഈ ആപത്ത് ഘട്ടത്തിലും കൂടെയുണ്ടെന്ന തോന്നൽ മനസ്സിനെ ശക്തമാക്കി. നാട്ടിലോട്ട് വിളിക്കാൻ ഉത്സാഹം കൂടി. അവിടെ ബന്ധുക്കളെയും വീടും പരിസരവും കണ്ടപ്പോൾ ഇതൊക്കെ എന്ന് ഇനി കാണും എന്നുള്ള ഒരു നീറ്റൽ മനസ്സിലെവിടെയോ തുള്ളിത്തുളുമ്പി വരികയായിരുന്നു. അതിനിടക്ക് അമ്മക്ക് വന്ന അസുഖം മാനസികമായി ഏറെ തളർത്തിയെങ്കിലും ഈശ്വരൻ കൈവിട്ടില്ല.

ഒരു വശത്ത് കാലിയാകുന്ന കീശ. അത് അറിയിക്കാതെ എന്നെയും മക്കളേയും ചേർത്തുനിർത്തുന്ന ഭർത്താവ്. ചില്ലറ തല്ലുകൊള്ളിത്തരങ്ങളുമായി മക്കൾ ആകുലതകൾ കുറേയൊക്കെ അകറ്റി നിർത്തി. ചേർത്ത് പിടിക്കേണ്ട സമയം ഇതല്ലാതെ ഏതാണ്? ഒരു ദിവസം ബാൽക്കണി വൃത്തിയാക്കിയപ്പോൾ ‘ഞാനിപ്പോ പെരുംതച്ചൻ ആയേനെ’ എന്ന് പറഞ്ഞ ഭർത്താവിനോട് ഇത്രേം പൊങ്ങച്ചം പറയല്ലെന്നു പറഞ്ഞപ്പോൾ ‘താഴോട്ട് നോക്ക്, അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടോ? എന്റെ കൈയ്യിൽ നിന്ന് ചുറ്റിക താഴെ വീണിരുന്നേൽ?’കേട്ടപ്പോൾ അന്ധാളിച്ച് തലയിൽ കൈവച്ചുനിൽക്കാനേ പറ്റിയുള്ളൂ.

ഞങ്ങൾ ഒന്നിച്ചാണല്ലോയെന്നുള്ള ആശ്വാസത്തിരിക്കുന്ന വീട്ടുകാർ പുറത്തുപോവല്ലെന്നുള്ള പല്ലവി ആവർത്തിക്കുമ്പോൾ അവരുടെ ഉത്കണ്ഠ മുഖത്തു വായിച്ചെടുക്കാം. കൂട്ടുകാരായ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടു കഥകൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു. മറ്റുള്ളവർക്കായി ജീവിതം ഹോമിക്കുന്നവർക്കിടയിൽ ജീവിതം പലതും ഓർമിപ്പിക്കുകയാണ്.

 കൂട്ടുകാരിയുടെ ബന്ധുക്കൾക്കും കൂട്ടുകാരനും കുടുംബത്തിനും പോസിറ്റീവ് ആയപ്പോൾ പേടിച്ചതും പിന്നീടവരൊക്കെ നെഗറ്റീവ് ആണെന്ന് കേട്ടപ്പോൾ സന്തോഷിച്ചതും മറക്കാനാകാത്ത ഓർമകളായി എന്നും കൂടെയുണ്ടാകും. അറിയുന്നവരും അല്ലാത്തവരുമായുള്ള ചിലരുടെ വിയോഗങ്ങൾ അതിനിടയിൽ കണ്ണീരു വീഴ്ത്തി. അച്ഛൻ മരിച്ചിട്ട് ഒരുനോക്കു കാണാൻ കഴിയാത്ത കൂട്ടുകാരനേയും നാട്ടിൽ നോക്കിയിരിക്കുന്നവരെ കാണാൻ കഴിയാതെ ഭാഗ്യം കെട്ടവരും മനസ്സിൽ മായ്ക്കാനാകാത്ത കറുത്തപാടുകൾ കോറിയിടുന്നു.

പുണ്യമാസം അപ്പോഴേയ്ക്കും വന്നെത്തി. മകന്റെ കൂട്ടുകാരൻ ക്ലാസിലേയ്ക്ക് വേണ്ട കുറെ പുസ്തകങ്ങൾ റമസാൻ സമ്മാനമായി വാങ്ങിത്തന്നു. ജോലിയില്ലാതെ ഇരിക്കുന്നത് അവർ അറിഞ്ഞിരിക്കാം. നിറകണ്ണുകളോടെ അത് വാങ്ങുമ്പോൾ നല്ല മനസ്സുകൾ എത്രയോ ഇനിയും ഉണ്ടെന്നു സന്തോഷപൂർവ്വം ഓർത്തു. സ്കൂൾ ഫീസ് മൂന്നിലൊന്നാക്കി സ്കൂൾ അധികൃതരും സഹായിച്ചു. ‘കാശില്ലേൽ പറയണേ, എന്താവശ്യമുണ്ടേലും ചോദിക്കാൻ മടിക്കല്ലേ’എന്ന് കൂട്ടുകാർ ഒരേപോലെ പറഞ്ഞപ്പോൾ നമ്മൾ എത്ര സമ്പത്തുള്ളവർ ആണെന്ന് അഭിമാനം തോന്നിപ്പോയി!. കൂട്ടുകാർ എന്നുള്ള സമ്പത്ത് അതൊരു അക്ഷയപാത്രം പോലെയാണ്.

മനുഷ്യരെല്ലാം ഒരു ചെറിയ വൈറസിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മനസിലാക്കി ഈ കാലം കടന്നുപോകുമ്പോൾ കൂടുതൽ തിരിച്ചറിവ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മുഖാവരണം കൊണ്ട് മനുഷ്യനെ തിരിച്ചറിയാത്തവരാക്കി കൊറോണ. പക്ഷേ ആത്മാർഥയും സ്നേഹവും, സൗഹൃദത്തിന്റെ നൈർമല്യവും ഒരു മൂടുപടവും കൊണ്ട് മൂടിവയ്ക്കാനാകില്ല എന്ന് ജീവിതത്തിലെ ലോക് ഡൗൺ കാലം എന്നോട് മന്ത്രിക്കുന്നു.

ഫൈസൽ നാലകത്ത്

ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.

RECENT POSTS
Copyright © . All rights reserved