Videsham

ക്യുബെക് സിറ്റി: ലോകത്തിലെ എല്ലാ മേഖലകളിലും സമരങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ മിക്ക സമരങ്ങളും നിഷേധിക്കപ്പെട്ട അവകാശത്തിനായും തുല്ല്യ നീതി ലഭ്യമാക്കുവാനും ഒക്കെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ സമര ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നും ഇത്രയധികം വേതനം ആവശ്യമില്ലെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വേതന വര്‍ദ്ധനവ് റദ്ദാക്കി ആ പണം ആരോഗ്യമേഖലയിലെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്ന് ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ആവശ്യമുന്നയിച്ചുള്ള സമരങ്ങളില്‍ ഒന്നായിരിക്കും ഇത്. ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

വേതന വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒപ്പ് ശേഖരണവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടു പോകുന്നത്. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച് ഒപ്പു ശേഖരണത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം പങ്കാളിയായി കഴിഞ്ഞു. നിലവില്‍ ശമ്പള വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 70 കോടി ഡോളറാണ്. ഈ തുക നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പള വര്‍ദ്ധനവിനേക്കാളും മികച്ച ആരോഗ്യ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത് പ്രതിവര്‍ഷം ഏകദേശം 403,537 ഡോളറിന്റെ വേതന വര്‍ധനവുണ്ടാകും.

ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതീവ ദുര്‍ഘടമായി തൊഴില്‍ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ചത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതീവ ശ്രദ്ധയോടെ പരിഹരിക്കേണ്ട ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ആശുപത്രികളിലെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് എമിലി റികാര്‍ഡ് എന്ന നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഏതാണ്ട് 5000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ദിവസവും ഒരു നഴ്സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാരുടെ ആവശ്യം പ്രകാരം ശമ്പള വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കാമെന്ന് ക്യുബെക് ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണച്ചാല്‍ മാത്രമെ പുതിയ നടപടി റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.

വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് 36,000 അടി ഉയരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് ലുഫ്താന്‍സ പറയുന്നു. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഭക്ഷണ ഇനങ്ങളെ ഉള്‍കൊള്ളുന്നതാണ് വിമാനത്തില്‍ ലഭിക്കുന്ന മെനു. ഗ്രില്‍ഡ് സ്റ്റീക്ക് കൂടാതെ സ്‌പൈസി തായ് കറിയുമാണ് പ്രധാന മീല്‍സ് ഇനങ്ങള്‍. ആരോഗ്യ പൂര്‍ണമായി ഭക്ഷണത്തിനായി ഉറ്റുനോക്കുന്നവര്‍ക്ക് ഏഷ്യന്‍ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള അവസരവും വിമാനത്തില്‍ ലഭ്യമാണ്. ചെറു ഭക്ഷണ ഇനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ബാവേറിയന്‍ സ്‌നാക്‌സ് തുടങ്ങിയവയും എയര്‍ലൈന്‍സ് സ്‌പെഷല്‍ മെനുവില്‍ ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ട്രേകളില്‍ നിന്ന് വ്യത്യസ്ഥമായി ക്ലാസിക് മണ്‍പിഞ്ഞാണ മാതൃകയിലുള്ള പാത്രങ്ങളിലായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സുകളില്‍ ഭക്ഷണം നല്‍കുക.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ക്ക് തങ്ങളുടെ ഓഡറുകള്‍ നല്‍കാവുന്നതാണ്. ഇത്രയധികം വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മുഴുവനായും സൗജന്യമാണെന്ന് ധരിക്കരുത്. 17 മുതല്‍ 29 പൗണ്ട് വരെ ഇവയ്ക്ക് ചിലവ് വരും. മ്യൂണിച്ച് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയുള്ള വിമാന സര്‍വീസുകളിലാണ് പുതിയ മീല്‍സ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും വിമാനത്തില്‍ വെച്ച് ഒരേ മീല്‍സ് കഴിക്കാനുള്ള അവകാശമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതലാണ് വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ്. ലുഫ്താന്‍സയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വീഡിയോ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമൊട്ടാകെ കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ ഗെയിം ജ്വരം കുടുംബങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പ്ലേസ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്. ഇതിന്റെ ഫ്രീ ടു പ്ലേ ബാറ്റില്‍ റോയാല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവെക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവെച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.

കുട്ടികള്‍ ഇതില്‍ പൂര്‍ണ്ണമായും മുഴുകുന്നു എന്ന പാര്‍ശ്വഫലമാണ് പ്രധാനമായും ഉള്ളത്. ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികളില്‍ ദേഷ്യം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫിഫ, റോക്കറ്റ് ലീഗ് തുടങ്ങിയ ഗെയിമുകളിലും ഇത് സാധാരണമാണെങ്കിലും ഫോര്‍ട്ട്‌നൈറ്റില്‍ ഒരു ലൈഫ് മാത്രമാണുള്ളത്. രണ്ടാമത് തോല്‍ക്കുന്നതോടെ ഗെയിമില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ കുട്ടികളുടെ ദേഷ്യം വര്‍ദ്ധിക്കും. കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു..

ഐടിവിയുടെ ദിസ് മോര്‍ണിംഗ് ടുഡേ എന്ന പരിപാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഒരു മാതാവ് വെളിപ്പെടുത്തിയത്. ഗെയിം 12 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായി മാറ്റണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.

നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാംഗോംഗ്-1 ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. അപ്രകാരമുണ്ടായാല്‍ മാരക വിഷപദാര്‍ത്ഥങ്ങളായിരിക്കും ഭൂമിയിലേക്ക് ഇത് വര്‍ഷിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എട്ട് ടണ്‍ ഭാരമുള്ള വമ്പന്‍ ബഹിരാകാശ നിലയം 2016 മാര്‍ച്ചിലാണ് ചൈനയുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോയത്. പിന്നീട് ഏറെക്കാലം കാണാമറയത്ത് നിന്നിരുന്ന ടിയാംഗോംഗിനെ കണ്ടെത്തിയപ്പോള്‍ ഈ മാസം അവസാനത്തോടെ ഭൂമിയില്‍ ഇടിച്ചിറങ്ങുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമാകുകയായിരുന്നു.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ വായു ഘര്‍ഷണത്താല്‍ നിലയത്തിന്റെ ഭൂരിഭാഗവും കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ അതുമാത്രമല്ല ടിയാംഗോംഗ് കൊണ്ടുവരുന്ന ദുരന്തം. ഹൈഡ്രസീന്‍ എന്ന റോക്കറ്റ് ഇന്ധനം നിലയത്തില്‍ നിറച്ചിട്ടുണ്ട്. മനുഷ്യന് ഈ ഇന്ധനവുമായി സമ്പര്‍ക്കമുണ്ടായാല്‍ കരളിന്റെയും നാഡികളുടെയും പ്രവര്‍ത്തനം നിലയ്ക്കും. ടിയാംഗോംഗിന്റെ ചെറിയൊരു ശതമാനം അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ ടെക്‌നിക്കല്‍ ആന്‍ഡ് സയന്റിഫിക് റിസര്‍ച്ച് ഡെവലപ്‌മെന്റ് സഹായിയായ എയ്‌റോസ്‌പേസ് കരുതുന്നത്.

നൂറുകണക്കിന് കിലോമീറ്റര്‍ പ്രദേശത്തായി ഈ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുണ്ട്. ഉപഗ്രഹം വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പും തയ്യാറാക്കിയിട്ടുണ്ട്. കടലില്‍ വീഴാനാണ് ഏറ്റവും സാധ്യതയെങ്കിലും വടക്കന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്കയും യൂറോപ്പിന്റെ തെക്കന്‍ ഭാഗങ്ങളും പെടുന്നുണ്ട്. തെക്കന്‍ അര്‍ദ്ധഗോളത്തില്‍ അര്‍ജന്റീന, ചിലി, ന്യൂസിലാന്‍ഡ് എന്നിവയാണ് സാധ്യതാ പ്രദേശങ്ങള്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് നാശമുണ്ടാക്കാനുള്ള സാധ്യതകളെ എയ്‌റോസ്‌പേസ് തള്ളിക്കളയുന്നു. 2011ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം കടലില്‍ തകര്‍ന്നു വീഴുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരുന്നതെങ്കിലും നിയന്ത്രണം വിട്ടതിനാല്‍ എവിടെ വീഴുമെന്നതില്‍ ആശങ്കകള്‍ ഏറെയാണ്.

ലണ്ടന്‍: യൂറോപ്യന്‍ വ്യോമമേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപഗ്രഹ സഹായത്തോടെയുള്ള പദ്ധതി വരുന്നു. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍മര്‍സാറ്റ് കമ്പനിയും കൈകോര്‍ക്കും. ഐറിസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് സുരക്ഷിതമായ പാതകളിലൂടെ വിമാനങ്ങളെ നയിക്കാനുള്ള ശേഷി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിഎച്ച്എഫ് റേഡിയോ വോയ്‌സ് മെസേജുകളിലൂടെയാണ് നിയന്ത്രണം സാധ്യമാക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് പരമാവധി ശേഷിയിലെത്തുമെന്നാണ് കരുതുന്നത്.

വരും ദശകങ്ങളില്‍ വ്യോമഗതാഗതം വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ശക്തവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ നിയന്ത്രണത്തിനായി ആവശ്യമായി വരും. പ്രതിവര്‍ഷം 5 ശതമാനം എന്ന നിരക്കിലാണ് ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നതും പുതിയ രീതികള്‍ തേടാനുള്ള പ്രേരണയായിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐറിസ് കൂടുതലായി ഉപയോഗിച്ച് തുടങ്ങും.

എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും കോക്പിറ്റിനുമിടയിലെ സന്ദേശങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കുക, സഞ്ചാരപഥത്തിന്റെ ഫോര്‍ ഡയമെന്‍ഷണല്‍ മാനേജ്‌മെന്റ് സാധ്യമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള ഗതാഗതം സാധ്യമാകുന്നതിലൂടെ കൂടുതല്‍ കൃത്യതയുള്ള നിയന്ത്രണം നേടാന്‍ കഴിയുമെന്നാണ് ഇന്‍മര്‍സാറ്റ് അറിയിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഐറിസില്‍ ഗവേഷണങ്ങള്‍ നടന്നു വരികയായിരുന്നു. ചെറിയ പരീക്ഷണ വിമാനങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്.

അടുത്ത ഘട്ടമായി കൂടുതല്‍ വിമാനങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കും. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇന്‍മര്‍സാറ്റുമായി 42 മില്യന്‍ യൂറോയുടെ കരാറിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്‍മര്‍സാറ്റിന്റെ എല്‍-ബാന്‍ഡ് ഉപഗ്രഹ നെറ്റ്‌വര്‍ക്കിലൂടെയായിരിക്കും സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. ഇത് വിജയകരമായാല്‍ 2020 മുതല്‍ ഐറിസ് വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി.

ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളാണ് നീലജലാശയ ദ്വീപില്‍ കാത്തിരിക്കുന്നത്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.

ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിന് സമീപമാണ് ദ്വീപിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാതാക്കളായ മിറാസ് ഒരുക്കുന്ന ദ്വീപിന് സവിശേഷതകള്‍ ഏറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതി സുപ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പുരോഗമിക്കുകയാണ്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഹോട്ടല്‍ സമുച്ചയങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് പൂര്‍ത്തിയാക്കുക. പണി പൂര്‍ത്തിയാകുന്ന ആദ്യഹോട്ടലില്‍ 178 ആഡംബര മുറികളും 96 അപ്പാര്‍ട്‌മെന്റുകളും ഉണ്ടാകും. ഒന്നുമുതല്‍ ആറുവരെ കിടപ്പുമുറികളുള്ളവയാണിവ. രണ്ടാമത്തെ ഹോട്ടലിലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. നാല് കിടപ്പുമുറികള്‍ വീതമാണ് ഇതിലുണ്ടാകുക. രണ്ടു ഹോട്ടലുകള്‍ക്കുമായി 450 മീറ്റര്‍ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, ആഢംബര അപ്പാര്‍ട്ട്‌മെന്റുകളുള്ള പത്തു കെട്ടിട സമുച്ചയങ്ങളും ദ്വീപിലുയരുകയാണ്. നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പൂന്തോട്ടങ്ങള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.

നിര്‍മ്മാണം പുരോഗമിക്കുന്ന ദ്വീപില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ടൂറിസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ നിലനിര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുന്ന, ഹാപ്പിനെസ് സൂചികയില്‍ ഒന്നാമത്തെ രാജ്യമാക്കി മാറ്റും. സാമ്പത്തികരംഗത്തു വൈവിധ്യവല്‍കരണ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ബാനി, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍, പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ഷെയ്ഖ് സായിദില്‍ നിന്ന് പ്രത്യേക പാത; ജലയാനങ്ങളും നടപ്പാതയും ദ്വീപിലേക്ക് ഷെയ്ഖ് സായിദില്‍ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആര്‍ടിഎ ആയിരിക്കും ഇതു പൂര്‍ത്തിയാക്കുക. ദ്വീപില്‍നിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും.

ദ്വീപിന്റെ എതിര്‍ഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത. കറങ്ങി കാണാം, കാഴ്ചകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലാകാനൊരുങ്ങുകയാണു ‘നീലജലാശയ ദ്വീപിലെ’ ഐന്‍ ദുബായ്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാല്‍ ദുബൈയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാം. 1400 യാത്രക്കാര്‍ക്ക് കയറാനാകും. 168 മീറ്റര്‍ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐന്‍ ദുബായ് റെക്കോഡിലേക്കു കറങ്ങുക. വീല്‍ റിമ്മിന്റെ ഓരോ ഭാഗത്തിനും രണ്ട് എയര്‍ബസ് എ 380ന്റെ ഭാരമുണ്ട്. ജര്‍മനിയില്‍നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണു നിര്‍മ്മാണം.

9000 ടണ്‍ സ്റ്റീല്‍ അവസാനഘട്ടം ആകുമ്പോഴേക്കും വേണ്ടിവരും. ഇതില്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഫടിക ക്യാബിനുകളാണ് ഉണ്ടാകുക. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ചവിധമാണ് രൂപകല്‍പന. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. സാഹസികപ്രിയര്‍ക്കായി 150 മീറ്റര്‍ ഉയരമുള്ള റോപ് ക്ലൈംബിങ് ഉണ്ടാകും. ഇവരുടെ സുരക്ഷയ്ക്കായി പരിശീലനം നേടിയ പ്രത്യേക സംഘത്തെ നിയോഗിക്കും.

യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. ഇതു സംബന്ധിച്ച പ്രസ്താവന ട്വിറ്ററിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി ചുങ്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെങ്കില്‍ രാജ്യത്ത് പുറത്തിറങ്ങുന്ന ഇയു നിര്‍മ്മിത കാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. നിലവില്‍ യൂറോപ്പില്‍ വ്യാപാരം നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ വലിയ താരിഫ് വര്‍ദ്ധനവും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്.

ഈ നടപടി കമ്പനികളുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ വ്യാവസായിക അന്തരമാണ് ഉണ്ടാക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള വ്യാപാര മാറ്റങ്ങളുടെ അനന്തര ഫലമെന്നോണം സ്റ്റീലിന്റെ ഇറക്കുമതി ചുങ്കത്തില്‍ 25ശതമാനവും അലുമിനിയത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ 10ശതമാനവും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ട്രംപിന്റെ യൂറോപ്യന്‍ യൂണിയനോടുള്ള ഭീഷണി. പുതിയ താരിഫ് ആഗോള വ്യാപാരത്തെ വികൃതമാക്കുന്നതാണെന്നും ഇത് ആത്യന്തികമായി തൊഴിലിനെയാണ് ബാധിക്കുകയെന്നും ആസ്‌ട്രേലിയന്‍ ട്രേഡ് മിനിസ്റ്റര്‍ സ്റ്റീവന്‍ സിയോബോ പറഞ്ഞു.

ട്രംപിന്റെ പുതിയ നീക്കം വാഹന നിര്‍മ്മാതാക്കളെയും വിപണന ശൃഖലയേയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുമെന്ന് ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടോയോട്ട പ്രതികരിച്ചു. പുതിയ നീക്കവുമായി ട്രംപ് മുന്നോട്ടു പോകുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൂഡ് ജങ്കര്‍ പറഞ്ഞു. പുതിയ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അമേരിക്കയിലെ പ്രദേശിക കമ്പനികളെ സംരക്ഷിക്കുന്നതിനായ ട്രംപ് നടത്തുന്ന ലജ്ജാരഹിത നടപടിയായിട്ടെ ഇതിനെ കാണാന്‍ കഴിയുകയുള്ളു. ആയിരക്കണക്കിന് യൂറോപ്യന്‍ തൊഴിലാളികളുടെ ജീവിതോപാധിയെ അപകടത്തിലാക്കികൊണ്ട് ഞങ്ങളുടെ കമ്പനികള്‍ക്കെതിരെ നടത്തുന്ന നീതിയുക്തമല്ലാത്ത് ആക്രമണം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇത്തരം സൈബര്‍ ക്രിമിനലുകള്‍ ആക്രമിച്ചേക്കാം. അംഗീകൃതമായ ലോഗിങിന് മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിക്കുകയെന്നതാണ് ഇത്തരം ആക്രമണങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ സഹയിക്കുന്ന ഒരു മാര്‍ഗം.

ഫേസ്ബുക്കിലെ നമ്മുടെ ആക്ടിവിറ്റികളെ നാം തന്നെ എപ്പോഴും നിരീക്ഷിക്കുന്നത് ഹാക്ക് ചെയ്യപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും. കൂടാതെ പാസ്‌വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുന്നതും സുരക്ഷയ്ക്ക് ഗുണം ചെയ്യും. വ്യത്യസ്ത ഐഡികള്‍ക്ക് വ്യത്യസ്ത പസ്‌വേഡുകള്‍ ഉപയോഗിക്കുക. സാധാരണ ഗതിയില്‍ അല്ലാത്ത നമ്മുടെ അക്കൗണ്ട് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഫോളോ ചെയ്യുക.

1. ഫെയ്സ്ബുക്ക് ഓപ്പണ്‍ ചെയ്ത് മുകളില്‍ വലതുഭാഗത്തുള്ള arrow ഐക്കണ്‍ ക്ലിക്ക് ചെയ്യുക.

2. സെറ്റിങ്സ് ക്ലിക്ക് ചെയ്യുക

3. സെറ്റിങ്സ് ടൂള്‍സ് ലിസ്റ്റില്‍ ‘സെക്യൂരിറ്റി ആന്റ് ലോഗിന്‍’ തിരഞ്ഞെടുക്കുക.

4. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണങ്ങളുടെ പൂര്‍ണവിവരങ്ങള്‍ കാണാന്‍ സാധിക്കും. ലോഗിന്‍ ചെയ്ത തീയതിയും കാണാന്‍ സാധിക്കും.

5. അക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം കാണുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം. അങ്ങനെയാണെങ്കില്‍ അതിന് നേരെയുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘നോട്ട് യു (Not You) എന്ന ഓപ്ഷന്‍ കാണാം.

6. ശേഷം, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഫെയ്സ്ബുക്ക് ആവശ്യപ്പെടും. അതിനായി വിശദമായ മാര്‍ഗരേഖയും നിങ്ങള്‍ക്ക് കാണാം. അതില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം.

ലോഗിന്‍ ചെയ്യുന്ന സമയത്ത് ഫോണില്‍ ഒടിപി വരുന്ന തരത്തില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്രമീകരിക്കാമുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. ലോഗിന്‍ അറിയിപ്പ് എസ്എംഎസ് ആയോ ഇമെയില്‍ ആയോ ലഭിക്കുന്നതിന് ലോഗിന്‍ അലേര്‍ട്ട് സെറ്റ് ചെയ്യാവുന്നതാണ്. ലോഗിന്‍ അലര്‍ട്ട് സംവിധാനം ഓരോ അക്കൗണ്ടുകളിലും ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ ഓരോ വ്യത്യസ്ത ലോഗിനുകളും നിരീക്ഷിക്കപ്പെടുകയും ജി-മെയിലോ ഫോണോ വഴി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നതായിരിക്കും.

ദുരൂഹ സാഹചര്യത്തില്‍ മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം തികയുന്നു. വിമാനത്തെ കുറിച്ചോ അതിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ചോ ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. നാല് വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും പ്രതീക്ഷയില്‍ തുടരുകയാണ് കാണാതായവരുടെ കുടുംബാംഗങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തും നടത്തിയ തിരച്ചലില്‍ ചില വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചില ഭാഗങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണ് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചരുന്നു.

ചില ഭാഗങ്ങള്‍ കണ്ടെത്തിയിട്ടും വിമാനത്തിന്റെ മറ്റു പ്രധാന അവശിഷ്ടങ്ങള്‍ കണ്ടെത്താനോ കാണാതായ യാത്രക്കാരുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനോ ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്തില്‍ കാണാതായവര്‍ ജീവിച്ചിരിക്കുന്നുവെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അപകടത്തിന് ശേഷം നാല് വര്‍ഷം പിന്നിട്ടിട്ടും മലേഷ്യ തിരച്ചില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയും ആസ്‌ട്രേലിയയും മലേഷ്യക്കൊപ്പം തിരച്ചിലില്‍ പങ്കാളിയായിരുന്നു. 2017 ജനുവരിയില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇത് 25,000 ചതുരശ്ര കിലോമീറ്ററിലേക്കു കൂടി വ്യാപിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല.

2014 മാര്‍ച്ച് 8-നാണ് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ബെയ്ജിങിലേക്ക് പുറപ്പെടുന്നത്. യാത്ര തിരിച്ച് മണിക്കൂറുകള്‍ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിമാനവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭ്യമായില്ല. വിമാനം കാണാതായ നാലാം വര്‍ഷത്തോടനുബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ ക്വാലാലംപൂരില്‍ ഒത്തുകൂടി.

വാഷിങ്ടണ്‍: വൈറ്റ് ഹൗസിനു മുന്നില്‍ വെച്ച് യുവാവ് സ്വയം വെടിവെച്ചു മരിച്ചു. വൈറ്റ് ഹൗസിന് മുന്നില്‍ വന്‍ ജന തിരക്കുള്ള സമയത്താണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്. വിനോദ സഞ്ചാരികള്‍ക്കൊന്നും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. ഇയാളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിയിക്കുമെന്നും പോലീസ് വക്താവ് അറിയിച്ചു.

പ്രദേശിക സമയം 11.46 ഓടെ ഇയാള്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയുമായിരുന്നു. ഇയാള്‍ സ്വയം വെടിവെച്ചയുടന്‍ അടുത്തുണ്ടായിരുന്ന മെഡിക്കല്‍ സം?ഘം പാഞ്ഞെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ദിവസവും നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പരിശോധനയ്ക്കായി നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിനും സമീപ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൊല്ലപ്പെട്ട വ്യക്തിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

RECENT POSTS
Copyright © . All rights reserved