പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേറിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി.

ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. ആക്രമണത്തില്‍ മരണം 359 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. അതേസമയം ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്‍റെ നിരീക്ഷണത്തിലാണ്.ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തെത്തുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു കാണാം.

കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പള്ളിക്കുള്ളിലേക്ക് നടന്നെത്തുന്നത്. ഈ സമയത്ത് ഈസ്റ്റര്‍ കുര്‍ബാനക്കെത്തിയ നിരവധി വിശ്വാസികള്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നതു കാണാം. പള്ളിക്കകത്ത് വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.