കാന്‍സറില്ലാത്ത വീട്ടമ്മ കീമോ ചെയ്തത് പലതവണയാണ്. കീമോ ചെയ്ത് രോഗിയുടെ തലയിലെ മുടി മുഴുവനും കൊഴിഞ്ഞു പോയി. ഇല്ലാത്ത രോഗത്തിനാണ് കീമോ ചെയ്തത് എന്നതാണ് ഇവരെ വളരെയധികം വേദനിപ്പിക്കുന്നത്. രോഗ നിര്‍ണ്ണയത്തില്‍ ലാബ് അധികൃതര്‍ക്ക് വന്ന വീഴ്ചയാണ് ഈ വീട്ടമ്മ ഇന്ന് ദുരിതം പേറാന്‍ കാരണം.

ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയാണെന്ന കാര്യം കൂടി പരിഗണിച്ച് സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ തുടങ്ങുകയായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. കാൻസറില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ കീമോതെറാപ്പി നിര്‍ത്തി.

അതേസമയം കാന്‍സര്‍ പരിശോധന പിഴവിൽ ലാബ് അധികൃതര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. പിഴവ് സമ്മതിച്ചെന്നും പ്രശ്നമാക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കുടശനാട് സ്വദേശി രജനി പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാമെന്ന സ്വകാര്യ ലാബ് അധികൃതര്‍ വാഗ്ദാനം ചെയ്തു.

ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ചികിൽസ പൂർത്തീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കാൻസറുണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവ ലാബ്  എ ഐ വൈ എഫ് പ്രവർത്തകർ അടച്ചു പൂട്ടിച്ചു. തെറ്റായ റിപ്പോർട്ട് നൽകി ലബോറട്ടറി ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കാന്‍സര്‍ ചികില്‍സയ്ക്കുള്ള നടപടിക്രമം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ചാണ് ചികില്‍സ തുടങ്ങിയതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ഇനി മുതല്‍ കാന്‍സര്‍ ചികില്‍സ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാകും.

ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡ‍ിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്സിക്കു നിര്‍ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകി. മുഴ ഏപ്രിലിൽ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന്റെ സാംപിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.