ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും വിഷയത്തെ കൃത്യമായി കൈകാര്യം ചെയ്ത സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുള്ള മേനോന്‍ പറയുന്നു. ഡോക്ലാം മലനിരകളില്‍ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നമ്മുടെ രാജ്യവും ഭൂട്ടാനുമായി ഭിന്നതയുണ്ടാക്കുകയെന്നതാണെന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് മേനോന്‍ പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നയതന്ത്ര തലത്തില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ഭൂട്ടാന് ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്.

നിലവില്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായം ഭൂട്ടാന്റെ സംരക്ഷണത്തിന് കഴിയുന്ന വിധത്തിലുള്ളതല്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. വിഷയത്തില്‍ ഭൂട്ടാനെ സ്വാധീനിക്കാനുള്ള ശ്രമവും ചൈന നടത്തുന്നു. നമ്മള്‍ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ പ്രതികരണമാണ് നടത്തുന്നതെന്ന കാര്യത്തില്‍ സന്തുഷ്ടനാണെന്ന് മേനോന്‍ പറയുന്നു. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും മേനോന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ലാമിലെ വിവാദ മേഖലയില്‍ നടത്തി വന്നിരുന്ന റോഡ് നിര്‍മ്മാണം ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഡോക്ലാം മലനിരകളില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ താവളമുറപ്പിച്ചിരുന്നു. ഭൂട്ടാനും ചൈനയുമായി ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചത്.

നല്ല സൗഹൃദം നിലനില്‍ക്കുന്ന അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സൈനിക സഹായങ്ങള്‍ ഭൂട്ടാന് ഏറെ സ്വീകാര്യമായ ഒന്നാണ്. അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന നടപടികള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മേനോന്‍ പറയുന്നു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഫറന്‍സില്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ തുടങ്ങിയവര്‍ പങ്കെടുത്തു.