കണ്ണൂര്‍: ക്യൂബയേയും ചൈനയെയും പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വമ്പന്‍ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു.

ചൈനയുടേത് സാമ്രാജ്യത്വ വിരുദ്ധ നയമാണ്. ലോകത്തിലെ തന്നെ വലിയ ശക്തിയായി മാറികൊണ്ടിരിക്കുന്ന ചൈനക്കെതിരെ വിശാല സൈനിക ശക്തി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അമേരിക്കയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണ് ഇന്ത്യ ചൈനക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള നിലപാടുകളിലേക്ക് കൂടുതല്‍ പോകുന്നില്ലെന്നും പിണറായി പറഞ്ഞു.

അമേരിക്കയുടെ വെല്ലുവിളികളെ വകവെക്കാതെയാണ് ക്യൂബയുടെ വളര്‍ച്ചയെന്നും സോഷ്യലിസ്റ്റുകളോടുള്ള പ്രതിബദ്ധത അവര്‍ വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നിരുന്നു.