മുഖ്യമന്ത്രി പങ്കെടുത്ത പൗരപ്രമുഖരുടെ കൂടിക്കാഴ്ച യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രര്‍വര്‍ത്തകരെ ഇറക്കിവിട്ടത്.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് തുടര്‍ന്ന് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

ഇരുവരും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. ഹാളിനു പുറത്തിറങ്ങിയ മാധ്യമ പ്രവര്‍ത്തകരെ ചില നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.