നോട്ടിംഗ്ഹാം: ബഹുനില കാര്‍പാര്‍ക്ക് തകര്‍ന്ന് കാറുകള്‍ അപകടകരമായ വിധത്തില്‍ തൂങ്ങിക്കിടന്നു. നോട്ടിംഗ്ഹാമിലെ മൗണ്ട് സ്ട്രീറ്റിലുള്ള നോട്ടിംഗ്ഹാം സിറ്റി കാര്‍ പാര്‍ക്കിന്റെ (എന്‍സിപി) ഒരു നിലയും ഭിത്തിയുമാണ് തകര്‍ന്നത്. രണ്ടും കാറുകളും ഒരു വാനും താഴേക്ക് പതിക്കാവുന്ന വിധത്തില്‍ നില്‍ക്കുന്നത് കാണാമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി എന്‍സിപി വക്താവ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ കെട്ടിടത്തിന്റെ കവാടത്തിന് തടസമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നും കാര്യമായി സംഭവിച്ചില്ലെന്നും വക്താവ് പറഞ്ഞു. സംഭവത്തില്‍ തങ്ങളുട കസ്റ്റമര്‍മാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എന്‍സിപി വ്യക്തമാക്കി. വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നോട്ടിംഗ്ഹാംഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ആണ് തങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് അടച്ചിട്ട പാര്‍ക്ക് എപ്പോള്‍ തുറക്കാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ഈ പാര്‍ക്ക് ഡ്രൈവര്‍മാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു. പാര്‍ക്കിലുള്ള വാഹനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ എന്‍സിപി അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല.