കവന്‍ട്രി: സ്വാമി വിവേകാനന്ദ സമാധി ആചരണ ഭാഗമായി പഠന ക്‌ളാസ് സംഘടിപ്പിച്ച കവന്‍ട്രി ഹിന്ദു സമാജം ഞായറാഴ്ച ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ മുന്നോടിയായി ആദി ശങ്കര പഠന ശിബിരം നടത്തുന്നു. ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമായി ആദി ശങ്കര സൂക്തങ്ങളെ അടുത്തറിയുക എന്നതാണ് പരിപാടി വഴി ഉദ്ദേശിക്കുന്നതെന്ന് പ്രധാന സംഘാടകരായ അനില്‍ പിള്ള, കെ.ദിനേശ് എന്നിവര്‍ അറിയിച്ചു. കുട്ടികളും മുതിര്‍ന്നവരും പങ്കാളികള്‍ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്‌ളാസില്‍ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാല്‍ സജീവ ചര്‍ച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ഏറ്റവും വേഗത്തില്‍ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാന്‍ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാല്‍ ആണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതെന്നും സംഘാടകര്‍ സൂചിപ്പിച്ചു.

ഭാരതീയ ചിന്തകളുടെ സാരാംശം കണ്ടെത്താന്‍ ശ്രമം നടത്തുന്ന കവന്‍ട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി എത്തുന്നത് ഇത്തവണയും അജികുമാര്‍ തന്നെയാണ്. ലളിത മാര്‍ഗത്തില്‍ വേദ ചിന്തകള്‍ പ്രയോഗികമാക്കുന്ന ചര്‍ച്ചകളാണ് സമാജം അംഗങ്ങള്‍ സത്സംഗത്തില്‍ അവതരിപ്പിക്കുന്നത്.
ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠരെ അടുത്തറിയുക, കുട്ടികള്‍ക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിര്‍മ്മിക്കാന്‍ സഹായിക്കുക, ഭാരത ചിന്തകള്‍ പാശ്ചാത്യരെ പോലും ആകര്‍ഷിച്ചത് എങ്ങനെ എന്ന് കണ്ടെത്തുക, ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ഒന്നും നഷ്ട്ടപ്പെടാതിരിക്കുക, നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക, അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങള്‍ മനസ്സിലാക്കിയുള്ള പഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകര്‍ വിശദീകരിച്ചു. നിലവില്‍ കവന്‍ട്രി, ലെസ്റ്റര്‍ നിവാസികളുടെ കൂട്ടായ്മയായാണ് കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തിക്കുന്നത്.

ആദി ശങ്കര പഠനത്തോടൊപ്പം ചോദ്യോത്തര പരിപാടിയും ഉണ്ടാകും. പങ്കെടുക്കാന്‍ എത്തുന്നവരെ രണ്ടു ടീമായി തിരിച്ചാകും ചോദ്യോത്തരം സംഘടിപ്പിക്കുക. ആദി ശങ്കരന്റെ അടിസ്ഥാന തത്വങ്ങളും ജീവചരിത്രവും ആസ്പദമാക്കിയാണ് ക്വിസ് ചോദ്യങ്ങള്‍ ഉണ്ടാവുകയെന്ന് അജികുമാര്‍ വക്തമാക്കി. ഇത് ആദി ഗുരുക്കന്മാരില്‍ ഒരാളായ ശങ്കരനെ കൂടുതല്‍ അടുത്തറിയാനും വായിക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കും എന്നതിനാലാണ് വൈവിധ്യം ഉള്ള ഇത്തരം പരിപാടികള്‍ കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുക്കുന്നതെന്നു അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈന്ദവ സംസ്‌കാരത്തില്‍ അടിസ്ഥാന ആശയങ്ങള്‍ കേന്ദ്രീകരിച്ചു ഓരോ മാസവും ക്വിസ് പരിപാടി നടത്തി വരികയാണ് കവന്‍ട്രി ഹിന്ദു സമാജം. ഓരോ മാസവും നടത്തുന്ന ഭജന്‍ സത്സംഗിന് ഒപ്പമാണ് ചോദ്യോത്തര പരിപാടിയും നടത്തുന്നത്.

മാതാപിതാക്കളും ഗുരുവും കഴിഞ്ഞേ ഈശ്വര ചിന്തക്ക് പോലും സ്ഥാനമുള്ളൂ എന്ന ഭാരത ചിന്തയുടെ ഉത്സവമാണ് ഗുരുപൂര്‍ണിമ ആയി അറിയപ്പെടുന്നത്. ഇത്തവണ ജൂലൈ മാസത്തിലെ പൗര്‍ണമി ദിനമായ ഒന്‍പതാം തിയതി ആഘോഷിക്കാന്‍ തയ്യാറെടുക്കവെയാണ് ഒരാഴ്ച മുന്നേ ആദി ശങ്കര പഠനം നടത്തി ആചാര്യ വന്ദനത്തിനു കവന്‍ട്രി ഹിന്ദു സമാജം ഒരുക്കം നടത്തുന്നത്. ഇതേ ആഘോഷം തന്നെ അധ്യാപക ദിനമായി വ്യത്യസ്ത തീയതികളില്‍ ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ആഷാഢത്തിലെ പൗര്‍ണമിക്കു ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ആണ് പൗരാണിക കാലം മുതല്‍ ഭാരതീയര്‍ ഗുരുപൂര്‍ണിമക്ക് പ്രാധാന്യം നല്‍കുന്നത്. ഹൈന്ദവ കലണ്ടര്‍ അനുസരിച്ചു സൗരയൂഥ ചംക്രമണത്തിലെ ഏറ്റവും സവിശേഷമായ ദിനത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഒരു വര്‍ഷത്തില്‍ ചന്ദ്ര പ്രകാശം ഏറ്റവും തീവ്രമായി ലഭിക്കുന്ന ദിനം കൂടിയാണ് ഗുരുപൂര്‍ണിമ.

ഭാരത സംസ്‌കാരത്തില്‍ ശങ്കരാചാര്യ സ്വാമികളും സ്വാമി വിവേകാനന്ദനും പോലുള്ളവര്‍ പണിതുയര്‍ത്തിയ അടിത്തറയുടെ ശക്തി പാശ്ചാത്യര്‍ പോലും മനസ്സിലാക്കി ആദരവ് പ്രകടിക്കുമ്പോള്‍ പുതുതലമുറ ഭാരതീയര്‍ ഈ സൂക്തങ്ങളുടെ മഹത്വം മനസ്സിലാക്കാതെ പോകുന്ന സാഹചര്യവും ഇത്തരം ഒരു ആശയം നടപ്പിലാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തെ പ്രേരിപ്പിച്ച പ്രധാന വസ്തുതയാണ്. വിവേകാനന്ദ പഠനത്തിന് ബ്രിട്ടനിലെ ഏറ്റവും മികച്ച സര്‍വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പോലും നല്‍കുന്ന പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നതും സ്വാമിജിയുടെ സ്വന്തം നാട്ടുകാര്‍ ആണെന്നതും അദ്ദേഹത്തെ മനസ്സിലാകുന്നതില്‍ പിന്നാലെ എത്തിയ തലമുറയ്ക്ക് സംഭവിച്ച കുറവാണ് സൂചിപ്പിക്കുന്നത്. ഇത്തരം കുറവുകള്‍ പരിഹരിച്ചു പുതു തലമുറയുടെ സൃഷ്ടിക്കു നാവായി മാറുക എന്ന ലക്ഷ്യമാണ് കവന്‍ട്രി ഹിന്ദുസമാജം നടപ്പിലാക്കുന്നത്.

ഭാരതീയതയെ അറിയാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇ മെയില്‍ മുഖേനെ ബന്ധപ്പെടുക. [email protected]