റയല്‍ മഡ്രിഡിനേക്കാള്‍ വലുപ്പമുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന താരത്തിന്. റൊണാള്‍ഡോ റയല്‍ വിടുന്ന കാര്യത്തെപ്പറ്റി പരിശീലകന്‍ സിനദീന്‍ സിദാന് ചിന്തിക്കാന്‍ പോലുമാകില്ല.

എന്നാല്‍ റോണോയെ ചുറ്റിപറ്റി ക്ലബ് മാറ്റ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അഞ്ച് മത്സരങ്ങളിലെ വിലക്കാണ് ഈ ഊഹാപോഹങ്ങളെല്ലാം പ്രചരിക്കാന്‍ കാരണം. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഒരു ഘട്ടത്തില്‍ റോണോ തന്നെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നീതികരിക്കാനാകാത്ത പ്രവൃത്തിന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ നടപടിയെ റൊണാള്‍ഡോ വിശേഷിപ്പിച്ചത്. തന്നോട് മുന്‍ വിധിയോടും പക്ഷപാതിത്വപരവുമായുളള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.

അതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തുകളെ ഉദ്ധരിച്ച് താരം ഈ മാസം തന്നെ ക്ലബ് വിട്ടേയ്ക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

‘അഞ്ച് മത്സരത്തിലെ വിലക്കില്‍ അവന്‍ ആകെ അസ്ഥസ്തനാണ്. എന്നാല്‍ ടീമിനായി കഠിനമായി കളിക്കാന്‍ തന്നെയാണ് ഇപ്പോള്‍ അവന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് അവന്‍ റയലില്‍ തുടരുമോയെന്ന കാര്യത്തില്‍ ഒരു ഗ്യാരണ്ടിയല്ല. ഓഗസ്റ്റ് മുമ്പത്തിയൊന്നിന് മുമ്പ് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം’ റൊണാള്‍ഡോയുടെ അടുത്ത കൂട്ടുകാരന്‍ പറയുന്നു.

എന്നാല്‍ വലന്‍സിയക്കെതിരെ ലാലിഗയില്‍ റയല്‍ ഏറ്റുമുട്ടുന്നതിന് മുന്നോടിയായി റയല്‍ കോച്ച് സിദാന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. വളരെ വികാരരഭരിതനായിട്ടായിരുന്നു സിദാന്റെ മറുപടി.

‘റൊണാള്‍ഡോ ഇല്ലാത്ത ഒരു ടീമിനെ കുറിച്ച് എനിക്ക് ആലോചിക്കാനാകില്ല. ഇത് അവന്റെ ക്ലബാണ്, അവന്റെ ടീമും അവന്റെ നഗരവും. ഇവിടെ എല്ലാകാര്യത്തിലും അവന്‍ സന്തുഷ്ടനാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല’ സിദാന്‍ പറയുന്നു. റൊണാള്‍ഡോയുമായി ഉണ്ടാക്കേണ്ട പുതിയ കരാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ താന്‍ ഉത്തരം പറയേണ്ടതില്ലെന്നായിരുന്നു സിദാന്റെ മറുപടി.