മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ മരവിപ്പിച്ചതായി ബ്രിട്ടൻ.

കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. ബ്രിട്ടനിലെ ബർമിങ്ങാമിനടുത്ത് മിഡ്‌ലൻഡ്സിൽ വസതികളുണ്ടെന്നും വാർവിക്‌ഷറിൽ ഒരു ഹോട്ടലുമുണ്ടെന്നുമാണ് മാധ്യമറിപ്പോർട്ടുകൾ. ഇവയെല്ലാം പൂട്ടി മുദ്രവച്ചു.

2015ൽ ഇന്ത്യയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം ദാവൂദിന്റെ സ്വത്തുവകകൾ കണ്ടെത്താനായി ബ്രിട്ടനിലെത്തിയിരുന്നു. മിഡ്‌ലൻഡ്സിലെ സ്വത്തുക്കൾ നിരീക്ഷണത്തിലുമായിരുന്നു. ഡാർട്ഫഡിലും കെന്റിലും എസക്സിലും മധ്യ ലണ്ടനിലും സ്വത്തുക്കളുള്ളതായും സൂചനയുണ്ട്. ഈ വിവരങ്ങളെല്ലാം സ്കോട്‌ലൻഡ്‌ യാർഡിനു കൈമാറിയിരുന്നു. യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.

ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു. ഇതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിസമ്മതിച്ചു.