കോവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, ഉമ്മന്‍ കുര്യന്‍, ഏലിയാമ്മ ജോണ്‍, ശില്‍പ നായര്‍, എന്നിവരാണ് മരിച്ചത്. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര സ്വദേശിയാണ്. പിറവം സ്വദേശി ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് ആശുപത്രിയിലെ നഴ്സാണ്. ചെങ്ങന്നൂര്‍ സ്വദേശിയാണ് ശില്‍പ നായര്‍. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

അമേരിക്കയില്‍ കോവിഡ് വ്യാപനം പാരമ്യത്തിലേക്ക് എത്തുന്നു. ഇന്നലെയും മരണസംഖ്യ ആയിരത്തിന് മുകളിലാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. അതേസമയം കോവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യ അല്‍പം കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം, ലോകത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 കടന്നു. 69,416 പേരാണ് ഇതുവരെ മരിച്ചത്. 12,69,312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ അതിവേഗം ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,157 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 9,608 ആയി ഉയര്‍ന്നു. 3,36,367 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 15,887 പേരും സ്പെയിനില്‍ 12,641 പേരുമാണ് മരിച്ചത്. ഫ്രാന്‍സില്‍ മരണം 8,078 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 4,934 പേരും ഇറാനില്‍ 3,603 പേരുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.