ന്യൂയോര്‍ക്ക്: ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ഗ്രഹങ്ങളുടെകൂട്ടിയിടിയേത്തുടര്‍ന്നെന്ന് പഠനം. തിയ എന്ന പേരിലുള്ള ചൊവ്വയുടെ വലിപ്പമുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കൂട്ടിയിടി നടന്നത്.അപ്പോള്‍ ഭൂമിയുടെ പ്രായം വെറും നൂറ് മില്യന്‍ വര്‍ഷങ്ങള്‍ മാത്രമായിരുന്നു. ഈ കൂട്ടിയിടിയേപ്പറ്റി നേരത്തേ തന്നെ ശാസ്ത്രജ്ഞര്‍ക്കു വിവരമുണ്ടായിരുന്നെങ്കിലും നേര്‍ക്കു നേരേയുള്ള ഇടിയായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത് ഇപ്പോള്‍ മാത്രമാണ്.
ഈ ഇടിയുടെ അനന്തരഫലമായി തെറിച്ചു പോയതാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എന്നാണ് നിഗമനം. ഹവായ്, അരിസോണ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച അഗ്നിപര്‍വത ശിലകളും അപ്പോളോ ദൗത്യത്തില്‍ ശേഖരിച്ച ചാന്ദ്രശിലകളും താരതമ്യം ചെയത് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഭൂമിയിലേയും ചന്ദ്രനിലേയും ശിലകളിലെ ഓക്‌സിജന്‍ ഐസോടോപ്പുകള്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലാതിരുന്നത് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലായിരുന്നെന്നാണ് ഗവേഷണത്തിനു നേതൃത്വം കൊടുത്ത എഡ്വേര്‍ഡ് യംഗ് പറഞ്ഞത്.

ഭൂമിയും ചന്ദ്രനുമായി തിയ ഇഴുകിച്ചേര്‍ന്നതിനാലാണ് ഇവയില്‍ നിന്നു ലഭിച്ച പാറകള്‍ തമ്മില്‍ വ്യത്യാസമില്ലാത്തത്. ഒരു ഗ്രഹമായി വളര്‍ന്നുകൊണ്ടിരുന്ന ഭ്രൂണാവസ്ഥയിലുള്ള തിയ ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ നശിച്ചു പോയില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയുടെ പിറവി സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങള്‍ക്കും ഈ പഠനം കാരണമായിട്ടുണ്ട്. ഭൂമിയുണ്ടായിരുന്ന ജലം ഈ കൂട്ടിയിടിയേത്തുടര്‍ന്ന് നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇവയില്‍ ഒന്ന്.