ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള

എടത്വാ: ഗ്രാമപഞ്ചായത്ത് വര്‍ഗ്ഗീസ് അഗസ്റ്റിന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറിയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ചയായി നീണ്ടു നിന്ന പുസ്തക പരിചയ കളരി സമാപിച്ചു. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ് അധ്യാപികമാരായ പ്രിയ ഫിലിപ്പ്, എലിസബത്ത് ആന്റണി എന്നിവരോടൊപ്പം ഇന്നലെ വായനശാലയില്‍ പുസ്തക പരിചയക്കളരിയില്‍ സംബന്ധിച്ചത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന്‍ മാത്യു പുസ്തക പരിചയക്കളരിക്ക് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം ദീപാ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കഥാവതരണ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ലൈബ്രറി മോണിറ്ററിങ്ങ് കൗണ്‍സില്‍ അംഗം ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന്‍ മാത്യു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റോസമ്മ ആന്റണി, ഗ്രാമ പഞ്ചായത്ത് അംഗം മിന്‍സി വര്‍ഗ്ഗീസ്, ദീപാ ഗോപകുമാര്‍, സൂപ്രണ്ട് സുഷമ ടി.ടി, ജേക്കബ് തോമസ്, വിദ്യ എ.കെ, ലൈബ്രേറിയന്‍ പ്രകാശന്‍, അരുണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കഥാവതരണ മത്സരത്തില്‍ എല്‍.പി.വിഭാഗത്തില്‍ സെന്റ് മേരീസ് എല്‍.പി. സ്‌കൂളും, യു.പി. വിഭാഗത്തില്‍ ഹോളി ഏഞ്ചല്‍ പബ്ലിക്ക് സ്‌കൂളും ,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ ധാരാളം റഫറന്‍സ് ഗ്രന്ഥങ്ങള്‍ അടങ്ങിയ എടത്വാ പബ്ലിക്ക് ലൈബ്രറിയുടെ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ്.

സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വായനശാലയിലേക്ക് കൂടുതല്‍ പുസ്തക ശേഖരം ലഭ്യമാക്കാനും ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക നീക്കി വെച്ചിട്ടുള്ളതായി പ്രസിഡന്റ ടെസി ജോസ് അറിയിച്ചു.