‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന ഇൗ അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നാണ്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമിന്‍റേതാണ് സങ്കടക്കടലിൽ നിന്നുള്ള ഇൗ വാക്കുകൾ. ഇദ്ദേഹത്തിന്റെ മകളെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാതാവുകയായിരുന്നു.

തൊടുപുഴ അൽ അസ്ഹർ കോളജിൽ എൻജിനീയറിങിന് പഠിക്കുന്ന പെൺകുട്ടിയേയാണ് കാണാതായത്. കോളജിലേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതുവരെ പെൺകുട്ടിയെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.

സലീം നേരത്തെ ദുബായിൽ ചെയ്തിരുന്നു. പിന്നീട് കപ്പൽ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്നാണ് സലീം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ ആകെ പ്രയാസത്തിലാണ് ഇൗ പിതാവ്.

നേരത്തെ പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതിനെ സലീം ശക്തമായി എതിർക്കുകയും മകൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുകയുമുണ്ടായി. മറ്റു വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഒരു യുവാവുമായുള്ള വിവാഹം മകൾക്ക് ഇഷ്ടമായിരുന്നുവെന്നും ഇതുറപ്പിക്കാനായി ഇയാൾ ഇന്ന്(ബുധൻ) നാട്ടിലെത്താനിരിക്കെയാണ് കാണാതായതെന്നും സലീം പറയുന്നു.

എന്നാൽ, മകളുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ കൃത്യമായി ഒന്നും പറയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മകളെ കൂടാതെ, ഒരു മകൻ കൂടിയാണ് സലീമിനുള്ളത്. മകൾ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നാണ് ഇൗ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.

മോള്‍ക്ക് ഇഷ്ടമുള്ളയാൾക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാൻ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചിൽ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ശ്രമിക്കണമെന്നാണ് വിനീതമായ അപേക്ഷ. ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144.