ലണ്ടന്‍: അടുത്ത മാസം മുതല്‍ നിങ്ങളുടെ ശമ്പളത്തില്‍ രണ്ടു ശതാമനത്തോളം  കുറവ് വന്നേക്കാം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍ വര്‍ദ്ധന വരുത്തിയതോടെയാണ് ഇത്. ഏപ്രില്‍ 6 മുതല്‍ ഇപ്രകാരം ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ഒരു ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ശരാശരി ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 540 പൗണ്ടായിരിക്കും ഈ വിധത്തില്‍ നല്‍കേണ്ടി വരിക. എന്നാല്‍ ഈ നഷ്ടം കുറയ്ക്കാന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റിനു ശേഷം ലഭിക്കുന്ന 4,50,000 പൗണ്ടായിരിക്കും നഷ്ടമാകുകയെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ എയ്‌ഗോണ്‍ കണക്കുകൂട്ടുന്നു.

പെന്‍ഷന്‍ പദ്ധതിയിലേക്ക് ജീവനക്കാര്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റിലൂടെയാണ് പ്രവേശിക്കുന്നത്. പത്തില്‍ ഒന്‍പത് പേരും വര്‍ക്ക്‌പ്ലേസ് പെന്‍ഷനില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിടിക്കുന്ന തുക കൂടുതലാണെന്ന് കരുതി പദ്ധതിയില്‍ നിന്ന് പിന്മാറരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്ന തുകയ്‌ക്കൊപ്പം തൊഴിലുടമയുടെ വിഹിതവും ഇരട്ടിയാകുന്നുണ്ട്. ഒരു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായാണ് ഈ വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് ഫലത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ ശമ്പള വര്‍ദ്ധന ലഭിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും എയ്‌ഗോണ്‍ പറയുന്നു. 2019 ഏപ്രിലില്‍ ഈ വിഹിതം 8 ശതമാനമായി വര്‍ദ്ധിക്കും. തൊഴിലുടമയുടെ വിഹിതമായി 3 ശതമാനവും ജീവനക്കാരുടെ വിഹിതമായി 5 ശതമാനവുമാണ് ഈടാക്കുക. റിട്ടയര്‍മെന്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മിനിമം ഓഹരി പരമാവധി വര്‍ദ്ധിപ്പിച്ചു കൊണ്ടുവരാനാണ് പദ്ധതി. അടുത്ത മാസം നടപ്പിലാക്കുന്ന പെന്‍ഷന്‍ വിഹിതം വര്‍ദ്ധനയേക്കുറിച്ച് ജീവനക്കാരില്‍ 53 ശതമാനത്തിനും അറിയില്ലെന്നും എയ്‌ഗോണ്‍ പറയുന്നു. 700 ജീവനക്കാരില്‍ നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.