ഇടുക്കിയില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടുമ്പന്‍ ചോലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കടലിൽ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ് , മറൈൺ എൻഫോഴ്സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാർളി 441 എന്ന പട്രോൾ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതിനെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് തെരച്ചിൽ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തെരച്ചൽ തുടരുകയാണ്.