ലണ്ടന്‍: ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും തടയാനുള്ള പുതിയ മരുന്ന് കണ്ടെത്തി. കൊളസ്ട്രോള്‍ അഭൂതപൂര്‍വമാംവിധം കുറയ്ക്കാനും മരുന്നിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍. അന്താരാഷ്ട്രതലത്തില്‍ 27,000 ത്തോളം രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയ മരുന്ന് ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വരും ദിവസങ്ങളില്‍ പ്രയോജനമാകാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായി കണക്കാക്കുന്ന ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടുത്തത്തെ സുപ്രധാനമായ നേട്ടമായാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വിശേഷിപ്പിക്കുന്നത്.
പ്രതിവര്‍ഷം പതിനഞ്ച് ദശലക്ഷത്തോളം പേര്‍ ഹൃദയാഘാതം നിമിത്തം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചീത്ത കൊളസ്ട്രോളാണ് ഇതിന് പ്രധാന കാരണം. ഇവലോക്ക്യുമാബ് എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അതിവേഗം കുറയ്ക്കുന്നതിന് സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകളേക്കാള്‍ പതിന്മടങ്ങ് ഗുണകരമാണ് പുതിയ മരുന്നെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രഫസര്‍ പീറ്റര്‍ പറയുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തോടെ ഗുണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഇത്തരമൊരു മരുന്ന് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനപ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ 74 ല്‍ ഒരാളെന്ന കണക്കില്‍ ഹൃദയാഘാതത്തില്‍ നിന്ന് മോചനം നല്‍കാന്‍ മരുന്നിനായിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള കാലയളവിലും മരുന്ന് ശരീരത്തില്‍ കുത്തിവെച്ചാല്‍അറുപതുശതമാനം വരെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ മരുന്നിനാകും.