പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയായിരുന്ന മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫ്, അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ അങ്കലാപ്പിലായി. കോവിഡ് 19 രോഗഭീതി 12 വയസ്സുള്ള മകന്‍ റോഷനെ ചേര്‍ത്തുപിടിച്ച് പുണെയില്‍നിന്നു നാട്ടിലേക്കു തിരിക്കാന്‍ ചിന്തിപ്പിച്ചു. പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും ഇന്നലെ കോട്ടയത്തെത്തി. ഇരുവരെയും മുണ്ടക്കയത്തെ വീട്ടിലേക്ക് അയയ്ക്കണോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പം.

പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍, 25-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുണെയില്‍നിന്നു തിരിച്ച അവര്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ വേണ്ടിവന്നത് 4 ദിവസം. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി.

വെള്ളവും വഴിയരികിലെ കടകളില്‍നിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം. ഭാര്യ പുണെയില്‍ത്തന്നെ നഴ്‌സാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

യാത്ര തുടങ്ങിയത് എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു 26-ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27-ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.

അവിടെ വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

യാത്രയ്ക്കിടയില്‍ ഒരിക്കല്‍ മാത്രമാണു നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും അതു നല്‍കിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. ‘ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയില്‍നിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തന്‍ ജ്യൂസും’ ജോസഫിന്റെ വാക്കുകള്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.