കോഴിപ്പോര് തമിഴ്നാട് മധുരയില്‍ യുവാവിന്റെ ജീവനെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് മധുര പുത്തൂരില്‍ എട്ടംഗ സംഘം റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ പട്ടാപകല്‍ വെട്ടികൊന്നു. ഒരാഴ്ചക്കിടെ മധുര നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.

തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അക്രമികളാണ് നാടുഭരിക്കുന്നത്. മധുര രാമവര്‍ഷ സ്ട്രീറ്റിലെ പുതൂരില്‍ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും പലിശ ഇടപാടുകാരനുമായ രാജയെന്ന യുവാവ് ബവിറജസ് കോര്‍പ്പറേഷന്റെ ഔട്ട് ലറ്റില്‍ നിന്ന് മദ്യം കഴിച്ചു പുറത്തിറങ്ങുന്നതിനിടെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

വ്യാപാരമേഖലയിലെ പകയാണ് കൊലക്ക് കാരണമെന്നായിരുന്നു തുടക്കത്തില്‍ പൊലിസ് കരുതിയിരുന്നത്. .എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് മൂന്നുവര്‍ഷം മുമ്പുനടന്ന കോഴിപ്പോരിനിടെ നടന്ന തര്‍ക്കമാണ് കൊലയുടെ കാരണമെന്ന് വ്യക്തമായത്. നാലുപേരെ പൊലീസ് പിടികൂടുകയും ചെയ്തു. ഭാരതിറോഡിലെ കാര്‍ത്തിക്,നിസാമൂദ്ദീന്‍ ഹരികൃഷ്ണന്‍ തുടങ്ങി കൊലയാളി സംഘത്തിലെ നാലുപേരാണ് പിടിയിലായത്. നാലുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. എട്ടുദിവസത്തിനിടെ നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.