മെല്‍ബണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്ട്രേലിയയെ 137 റണ്‍സിന് തകര്‍ത്തു. ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യജയം. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 261 റണ്‍സിന് പുറത്തായി. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. പരമ്പരയില്‍ ഇന്ത്യ 2–1 ന് മുന്നിലായി.

ഗവാസ്കര്‍, കപില്‍ദേവ്, ഗാംഗുലി, ധോണി… ഇന്ത്യയുടെ ഇതിഹാസ നായകന്മാര്‍ കൊതിച്ച നേട്ടം കോഹ്‌ലിപ്പട എറിഞ്ഞു വീഴത്തി. ഇന്നുവരെ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ അഭിമാനത്തിനുമേലേറ്റ ക്ഷതം. കനത്ത മഴ ജയത്തിലേക്കുള്ള കാത്തിരിപ്പ് വൈകിച്ചു. മഴ മാറി മാനം തെളിഞ്ഞതോടെ കങ്കാരുപ്പടയുടെ തോല്‍വി ഭാരം കുറയ്ക്കാനിറങ്ങിയ കമ്മിന്‍സിനെ 63 റണ്‍സിന് പുറത്താക്കി ബുംറ ഇന്ത്യയെ ജയത്തോടടുപ്പിച്ചു

”അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. വിജയത്തിൽ നിർണായകപങ്ക് വഹിച്ച ജസ്പ്രീത് ബുംറയുടെ കാര്യം എടുത്തുപറയേണ്ടിരിക്കുന്നു. എല്ലാ ഫോർമാറ്റിലും ബുംറ കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ മികച്ച താരങ്ങളിലൊരുവൻ തന്നെ.” ടീം മികവിനെ പുകഴ്ത്തുമ്പോഴും ഈ ഇരുപത്തിയഞ്ചുകാരന്റെ പ്രയത്നത്തെ ക്രിക്കറ്റ് ആരാധകരും വിട്ടുകളയുന്നില്ല.

‘നമ്പര്‍ വണ്‍ ബോളര്‍’ എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാക്ക് ബുംറയെ വിശേഷിപ്പിച്ചത്. ലക്ഷ്മണ്‍, ഡാമിയന്‍ മാര്‍ട്ടിന്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരും ബുംറയുടെ ബൗളിങ്ങിനെ വാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബോക്സിങ് ഡേ ടെസ്റ്റിലെ പ്രകടനം കണ്ട് ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്‌രാത്തും ബുംറയെ പ്രശംസിച്ചു.

ഏഴു റണ്‍സെടുത്ത നേഥന്‍ ലിയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് കര്‍ട്ടനിട്ടു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ 2–1 ന്റെ ലീഡ് സ്വന്തമാക്കുന്നത്. 1977–78 പരമ്പരയ്ക്ക് ശേഷം രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ ജയിക്കുന്നതും ഇപ്പോഴാണ്. ആദ്യഇന്നിങ്സില്‍ 292 റണ്‍സ് ലീഡ് നേടിയ ശേഷം ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്സില്‍ ബാറ്റുചെയ്യാനുള്ള ക്യാപ്റ്റന്‍ വിരാടിന്റെ തന്ത്രം വിജയിച്ചു. ലക്ഷ്യം 400ന് അടുത്തായതോടെ കടുത്ത സമ്മര്‍ദത്തിലായ ഓസ്ട്രേലിയ അഗ്രസീവ് ക്യാപ്റ്റനും സംഘത്തിനും മുന്‍പില്‍ മുട്ടുമടക്കി.

ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഓസ്ട്രേലിയ. ബാറ്റിങ്ങില്‍ സമ്പൂര്‍ണപരാജയമായി. സ്വന്തം മണ്ണില്‍ നാല്ടെസ്റ്റുകളുെട പരമ്പരയില്‍ ഒരു ബാറ്റ്മാന്‍ പോലും സെഞ്ചുറി നേടാതെ പോകുന്നത് 136 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമാണ്. 37വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെല്‍ബണില്‍ വിജയിക്കുന്നത് .

ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10), ട്രാവിസ് ഹെഡ് (92 പന്തിൽ 34), ടിം പെയ്ൻ (57 പന്തിൽ 26), മിച്ചൽ സ്റ്റാർക് (27 പന്തിൽ 18) പാറ്റ്കമ്മിൻസ് (63) റൺസെടുത്തു. ഇന്ത്യയ്ക്കായി ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റും ബുംറയും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്സ് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

ഓസ്ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ‌ക്കു മുന്നിൽ പതറുകയായിരുന്നു. ആറ് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന് തുടക്കമായത്. മൂന്ന് റൺസ് മാത്രമെടുത്ത ആരോൺ ഫിഞ്ചാണു പുറത്തായത്. സ്കോർ 33 റൺസിൽ നിൽക്കെ മാര്‍കസ് ഹാരിസിനെ മായങ്ക് അഗർവാളിന്റെ കൈകളിലൊതുക്കി ജഡേജ പറഞ്ഞുവിട്ടു. ഉസ്മാൻ ഖവാജയെ ഷമിയും ഷോൺ മാർഷിനെ ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ട്രാവിസ് ഹെഡിനെ ഇഷാന്ത് ശർമ ബൗൾഡാക്കി. മിച്ചൽ മാര്‍ഷിന്റെയും ടിം പെയ്നിന്റെയും വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. സ്റ്റാർക്കിനെ മുഹമ്മദ് ഷാമി കൂടാരം കയറ്റി.

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ‌ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.