പാക്കിസ്ഥാന്‍റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്‍റെ ഇ– സിഗ്നേച്ചര്‍ പുറത്തുവിട്ടു.

പാക്കിസ്ഥാന്റെ പക്കലുള്ള മുഴുവൻ എഫ്–16 വിമാനങ്ങളും ഇപ്പോഴും അവരുടെ കൈവശമുണ്ടെന്ന് 2 യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉ‌ദ്ധരിച്ചു അമേരിക്കൻ മാധ്യമമായ ‘ഫോറിൻ പോളിസി’ റിപ്പോർട്ട് െചയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യോമസേന വ്യക്തത വരുത്തിയത്. വിഷയത്തിൽ പാക്കിസ്ഥാനും ഇന്ത്യയുടെ പ്രതികരണം തേടിയിരുന്നു.

പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് എയർ സ്റ്റാഫ് (ഓപറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ അറിയിച്ചു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക്ക് ‌വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക‌്തമായിരുന്നു. വിമാനങ്ങളിൽ നിന്നുള്ള ‘ഇജക്‌ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റേത് എഫ്–16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാൻ എഫ്–16 ഉപയോഗിച്ചത് റഡാർ സിഗ്നേച്ചറും അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കാട്ടി ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്ര‌തിരോധ മ‌ന്ത്രി നി‌‌ർമല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണു എഫ്16 വെടിവച്ചിട്ടെന്നു വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.