ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി കുട്ടികളെ രക്ഷിച്ചത് ഇന്ത്യ വംശജയായ അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍ മൂലം. 17 പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട വെടിവെപ്പില്‍ തന്റെ ക്ലാസ്‌റൂം പുര്‍ണ്ണമായും അടച്ചു പൂട്ടിയ ശാന്തി വിശ്വനാഥന്‍ എന്ന അധ്യാപിക നടത്തിയ ഇടപെടല്‍ നിരവധി കുട്ടികളെയാണ് അക്രമികളില്‍ നിന്നും രക്ഷിച്ചത്.

ബുധനാഴ്ച്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ആ സമയത്ത് അലാറം ശബ്ദം ഉയര്‍ന്നതോടെ ക്ലാസ് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശാന്തി കുട്ടികളെ തറയില്‍ കിടത്തി. കുട്ടികളെ ക്ലാസ് മുറിയില്‍ ഒളിപ്പിച്ചതോടെ അക്രമിക്ക് ഇവരെ അപായപ്പെടുത്താന്‍ കഴിഞ്ഞില്ല. സമയോചിതമായ ഈ ഇടപെടല്‍ അപകടത്തിന്റെ തോത് കുറച്ചതായി സണ്‍ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധ്യാപിക ശാന്തി വിശ്വനാഥന്റെ ധൈര്യപൂര്‍വ്വവും സമയോചിതവുമായ ഇടപെടല്‍ മൂലം ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ തിരിച്ചുകിട്ടി. ബുദ്ധിയും ധൈര്യവും ഒരുപോലെ പ്രകടിപ്പിച്ച അധ്യാപികയ്ക്ക് നന്ദിയെന്നും കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അവസാനിച്ചതിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുവരെ കുട്ടികളെ സംരക്ഷിക്കാന്‍ അധ്യാപികയായ ശാന്തി വിശ്വനാഥന് കഴിഞ്ഞു.