ജയഭാരതി ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സത്താറുമായുള്ള വിവാഹം. താരതമ്യേന പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമാതാവായി. എന്നാൽ, ഈ ശ്രമങ്ങൾ പലതും പരാജയത്തിലാണ് കലാശിച്ചത്. അതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്.

ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും… ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്‌ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്… അതുചെയ്യരുത്… തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.

 

വേർപിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറിൽ നിന്നു വിട്ടുപോയില്ല. യൗവനത്തിന്റെ വാശിപ്പുറത്ത് എടുത്ത പല തീരുമാനങ്ങളും സങ്കടമായി മനസിൽ ശേഷിച്ചു. അതിൽ വലിയൊരു സങ്കടം ജയഭാരതി ആയിരുന്നു. നാലു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനൊടുവിലും അതു മാത്രം ഒരു സ്വകാര്യ സങ്കടമായി സത്താർ മനസിൽ സൂക്ഷിച്ചു. ചില തിരിച്ചു പോക്കുകൾ ഒരിക്കലും സംഭവിക്കില്ലെന്ന തിരിച്ചറിവായിരിക്കാം ആ സങ്കടത്തിന് പിന്നിൽ!