നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലും കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയാകും കോടതി ആദ്യം പരിഗണിക്കുക.
കേസിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം കെെക്കൊള്ളുക.
പള്‍സറിന്റെ ജാമ്യ ഹര്‍ജിയ്ക്ക് ശേഷം കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മൂന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇതുവരെ കാവ്യാമാധവനെ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്നാണ് നാദിര്‍ഷയെ സംബന്ധിച്ച് പൊലീസിന്റെ പരാതി. നാദിര്‍ഷയെ ചോദ്യം ചെയ്തതിന്റെ വിശദമായ റിപ്പോര്‍ട്ടുകളും പൊലീസ് ഇന്ന് കോടതിയ്ക്ക് കൈമാറും.