കിംഗ്‌സ്ലിന്‍ : സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോസഫ്‌ സ്രാംബിക്കല്‍ പിതാവില്‍ നിന്നും പ്രഥമ ദിവ്യകാരുണ്യവും ഏറ്റു വാങ്ങിയ 12 കുട്ടികള്‍ കിംഗ്‌സ്ലിന്‍ മലയാളി സമൂഹത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. യൂകെയുടെ നാനാ സ്ഥലങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന 600ല്‍ പരം അഥിതികള്‍ ഈ സുദിനത്തില്‍ പങ്കു ചേര്‍ന്നു. അന്നേ ദിവസം 10 മണിക്ക് കിംഗ്‌സ്ലിന്‍ ഹോളി ഫാമിലി പള്ളിയില്‍ ആരംഭിച്ച തിരുകര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാംബിക്കലോനോടൊപ്പം ഇടവക വികാരി ഫാ: ഫിലിപ്പ്, ഫാ: ഷിബിന്‍ ഫാ: ഫാന്‍സ്വ എന്നിവരും പങ്കാളികളായി.

വര്‍ണ്ണാഭവും ഭക്തി നിര്‍ഭരവുമായ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം യൂകെയിലെ ഏറ്റവും വലിയ ഹമ്മര്‍, ലെമോസിന്‍കളില്‍ ഒന്നില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയായ അലിവ് ലിന്‍  സ്പോര്‍ട്ട്സില്‍ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് ആ കുട്ടികളെ ആനയിക്കുകയും ചെയ്തു. സ്വീകരണ വേദിയില്‍ വച്ച് മാര്‍ ജോസഫ് സ്രാംബിക്കല്‍ കുട്ടികള്‍ക്ക് മധുരം നല്‍കുകയും കിംഗ്‌സ്ലിന്‍ സീറോ മലബാര്‍ സമൂഹം സമ്മാനിച്ച വിശുദ്ധ ബൈബിള്‍ സമ്മാനിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ റെക്സ് ടീം അവതരിപ്പിച്ച ഗാനമേളയും നോട്ടിംഗ്ഹാം ചിന്നാസ് കാറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധവുമായ സദ്യയും അന്നേ ദിവസത്തെ അവിസ്മരണീയമാക്കി.