വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവാവ് ബന്ധുവായ യുവതിയുടെ വീടിനു തീയിട്ടു. പൊള്ളലേറ്റ യുവാവും യുവതിയുടെ മാതാവും മരിച്ചു. തൃക്കടവൂർ മതിലിൽ മണി മന്ദിരത്തിൽ പരേതനായ പത്രോസിന്റെ മകൻ ശെൽവമണി (37), കാവനാട് മീനത്തുചേരി റൂബി നിവാസിൽ ഗേട്ടി രാജൻ (57) എന്നിവരാണു മരിച്ചത്.

ഞായർ പുലർച്ചെ 2നു ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാർക്കു നേരെയും പെട്രോൾ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേർക്കടുത്ത ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുന്ന യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് ഇയാൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു അക്രമമെന്നാണു പൊലീസ് പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാരാണു തീയണച്ചത്. പിന്നീടു കൊല്ലം ചാമക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തി. ഗുരുതരമായി പരുക്കേറ്റ ശെൽവമണിയാണ് ആദ്യം മരിച്ചത്. പിന്നാലെ ഗേട്ടിയും മരിച്ചു. ഗേട്ടിയുടെ ഭർത്താവ് രാജൻ വിദേശത്താണ്. മേരി സിൽവറാണിയാണ് ശെൽവമണിയുടെ മാതാവ്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.