നടനും മിമിക്രി രംഗത്തെ പ്രതിഭയുമായ കലാഭവന്‍ അബിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച് വാചാലരാവുകയാണ് എല്ലാവരും.

ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജീവിക്കുമ്പോള്‍ അംഗീകരിക്കാതെ ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു എന്നാണd കൂട്ടിക്കലിന്റെ വിമര്‍ശനം.

അബിയുമൊത്തുള്ള തന്റെ ഓര്‍മകളും കൂട്ടിക്കല്‍ പങ്കുവെച്ചിട്ടുണ്ട്.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം. മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി…അബി… “കൂട്ടിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വ്യാഴാഴ്ച രാവിലെയാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.