ചരിത്രമുറങ്ങുന്ന കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ കോഴാക്കാരുടെ 7-ാമത് സംഗമം ചെല്‍ട്ടന്‍ഹാമിലെ പ്രില്‍സ്‌ബെറി ഹാളില്‍ വെച്ച് നടന്നു, വൈവിധ്യമാര്‍ന്ന കലാകായിക പ്രകടനങ്ങള്‍ കൊണ്ടും നൃത്ത വിസ്മയം തീര്‍ത്തും രുചിക്കൂട്ടുകളുടെ നറുമണം തീര്‍ത്ത ഭക്ഷണ വിഭവങ്ങള്‍ കൊണ്ടും കോഴാ സംഗമം വേറിട്ട അനുഭവമായി.

രാവിലെ 11 മണിക്ക് ആരംഭിച്ച സംഗമത്തിലേക്ക് ഷാജി തലച്ചിറ കോഴാ നിവാസികളെ സഹര്‍ഷം സ്വാഗതം ചെയ്തു. പ്രൗഢഗംഭീരമായ സംഗമത്തിന് ശ്രീമതി ലീലാമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്കു കൂടി നാടിന്റെ നന്മയും ഐക്യവും മാഹാത്മ്യവും പകര്‍ന്നു നല്‍കാന്‍ ഇത്തരം സംഗമങ്ങള്‍ കൊണ്ട് കഴിയുമെന്നും തുടര്‍ന്നും കൂടുതല്‍ കരുത്തോടും മികവോടും കൂടി മുന്നേറാന്‍ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ലീലാമ്മ സംസാരിച്ചു.

ഓര്‍മ്മകള്‍ പുതുക്കുന്നതിനും സൗഹൃദങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുമുള്ള ഇത്തരം അവസരങ്ങള്‍ തുടര്‍ന്നും ഉണ്ടാകട്ടെയെന്ന് ജോയി തരിപ്പേല്‍ ആശംസിച്ചു. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന കോഴായുടെ പ്രകൃതിമനോഹാരിതയെക്കുറിച്ചും അതിന്റെ വശ്യസൗന്ദര്യത്തെക്കുറിച്ചും കോഴാക്കാരുടെ കലര്‍പ്പില്ലാത്ത സൗഹൃദക്കൂട്ടായ്മകളെക്കുറിച്ചും ജിന്‍സ് ഓര്‍മകളുടെ ഭാണ്ഡച്ചെപ്പില്‍ നിന്നും പുറത്തെടുത്തു.

സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ബിനീഷ്, സജിമോന്‍, സുരേഷ് വട്ടക്കാട്ടില്‍, ജെറി ഷാജി, ലിജോ, ബിബിന്‍ എന്നിവര്‍ സംസാരിച്ചു. ബാല്യകാല സ്മരണകള്‍ എല്ലാവരും പരസ്പരം പങ്കിട്ടപ്പോള്‍ ആ യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിച്ചു എന്ന് സംഗമത്തിന് എത്തിയവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ജിമ്മി പൂവാട്ടില്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന കലാമേളയില്‍ റിനു ജിമ്മി, ഡെല്‍ന ഷാജി, ഡെല്‍റ്റ ഷാജി, സ്‌നേഹ ജോയി, അഞ്ജന സുരേഷ് എന്നിവര്‍ അവതരിപ്പിച്ച നൃത്തം നയനാനന്ദകരമായി. കുട്ടികളിലും മുതിര്‍ന്നവരിലും അമ്പരപ്പും വിസ്മയവും തീര്‍ത്ത് സജിമോന്‍ തങ്കപ്പന്‍ അണിയിച്ചൊരുക്കിയ മാജിക് ഷോ സംഗമത്തിന് പത്തരമാറ്റിന്റെ തിളക്കമേകി. കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകളുമായി പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷണ വിഭവങ്ങളുമായി കലവറയും ഒരുക്കിയിരുന്നു. പിന്നീട് നടന്ന കലാകായിക മത്സരങ്ങള്‍ക്ക് ജെറി ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടികളുടെ മുഖ്യസ്‌പോണ്‍സേഴ്‌സ് ചെല്‍ട്ടന്‍ഹാമിലെ ഗ്രീന്‍സ് ഏഷ്യന്‍ സ്‌റ്റോഴ്‌സ് ആയിരുന്നു. അടുത്ത വര്‍ഷത്തെ സംഗമം വിപുലമായ പരിപാടികളോടുകൂടി യോര്‍ക്ക് ഷയര്‍ ഡെയില്‍സ് വെച്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.