ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ശബരിമലയില്‍ അറസ്റ്റില്‍. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ‍ഞ്ച് മണിക്കൂര്‍ തട‍ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്ത് അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.

അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു

ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു‍. പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍ പറഞ്ഞു

ഹിന്ദു ഐക്യവേദി ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹർത്താൽ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും:

ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നവംബർ 26 ലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കണ്ണൂർ സർവകലാശാല ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഹർത്താൽ കാരണം മാറ്റി.

വയനാട് ജില്ലാ സ്കൂൾ കലോൽസവം ഞായറാഴ്ചത്തേക്കു മാറ്റി.

കോട്ടയം ജില്ലാ സ്കൂൾ കലോത്സവ പരിപാടികൾ അതേ വേദികളിൽ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ബഹു.ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.

തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ, എസ്ഐഇടി നേതൃത്വത്തില്‍ തൃശൂർ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ്, നാട്ടികയിലെ എസ്എൻ കോളജ്, തിരുവനന്തപുരത്തെ എംജി കോളജ് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളില്‍ നടത്തും.