ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടന്‍ :  കുട്ടനാടും കേരളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം പേറുമ്പോള്‍, പ്രകൃതിയുടെ മാരകപ്രഹരമേറ്റ് പുളയുന്ന കുട്ടനാടിന് ഒരു കൈ സഹായവുമായാണ് കുട്ടനാട് സംഗമം കടന്നുവന്നത്. ജൂലൈ മാസത്തില്‍ ഉണ്ടായ ആദ്യ വെള്ളപ്പൊക്കം മുതല്‍ കുട്ടനാട് സംഗമം അതിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പത്തു വര്‍ഷക്കാലമായി യുകെയിലെ കുട്ടനാട്ടുകാരുടെ സംഘ ചേതനയും ആത്മബോധവുമായ കുട്ടനാട് സംഗമം ” Kuttanad Flood Mission 2018 ” ലുടെ കുട്ടനാട് സംഗമ പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിക്കുന്ന സഹായ നിധിയാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.

ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയില്‍ നിന്ന് കുട്ടനാട്ടില്‍ അവധിക്കെത്തിയ കുട്ടനാട് സംഗമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുകയായിരുന്നു. കാവാലം , രാമങ്കരി , മുട്ടാര്‍ എടത്വ , തലവടി , ചമ്പക്കുളം മേഖലകളിലാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ കൈനകരി , വെളിയനാട് , തലവടി , പുളിങ്കുന്ന് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലും വരുന്ന ആഴ്ച്ച തുടക്കം കുറിക്കും.

പുനഃരധിവാസ കിറ്റുകളും മെഡിക്കല്‍ കിറ്റുകളും വിദ്യാഭ്യാസ സഹായ ധനവുമാണ് രണ്ടാം ഘട്ടത്തില്‍ ആരംഭം കുറിക്കുന്നത്. കുട്ടനാടിനെ അടുത്തറിയാവുന്ന കുട്ടനാട്ടുകാരുടെ കൂട്ടായ്മ എന്ന നിലയില്‍ ഉചിതകരങ്ങളില്‍ സഹായമെത്തിക്കാന്‍ കുട്ടനാട് സംഗമത്തിന് ആകുമെന്ന്  ” Kuttanad Flood Mission” ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ കുട്ടനാടിന്റെ വേദനയും ദുഖവും അറിയിക്കുകയും, അതിജീവനത്തിന് ആവശ്യകമായ സഹായം കുട്ടനാട്ടില്‍ എത്തിക്കുന്നതിന് സംഗമ പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും , കുട്ടനാട്ടുകാരുടെ നിര്‍ലോഭ സഹകരണത്തിലൂടെ കുട്ടനാടിനും കേരളത്തിനും ഒരുസ്വാന്തന സ്പര്‍ശം നല്കാന്‍ കുട്ടനാട്ടുകാര്‍ ഒരുമിക്കണമെന്നും ” Kuttanade Flood Mission 2018 ” ഭാരവാഹികളായ ജോണ്‍സണ്‍ കളപ്പുരക്കല്‍ , സിന്നി കാനച്ചേരി , മോനിച്ചന്‍ കിഴക്കേച്ചിറ , ജോബി വെമ്പാടംതറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.