കാസര്‍ഗോഡ് യുവാവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് യുവാവിനെ മര്‍ദ്ദിക്കാന്‍ കൂടെ നിന്ന് സഹായിക്കുന്നത്. മര്‍ദ്ദിക്കുക മാത്രമല്ല, കണ്ണിലും ജനനേന്ദ്രിയ ഭാഗത്തും മുളകരച്ച് തേയ്ക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ദയാരഹിതമായാണ് ഇയാളെ തല്ലുന്നത്.

സദാചാര പൊലീസിംഗിന്റെ മാതൃകയിലാണ് ക്രൂരമര്‍ദ്ദനം. വീടിന്റെ അകമെന്ന് തോന്നിക്കുന്ന വീഡിയോ പ്രചരിക്കുന്നത് യുവതിയെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയതിന്റെ പേരിൽ വീട്ടില്‍ വിളിച്ചു വരുത്തി യുവാവിനെ മര്‍ദ്ദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്. എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ആള്‍ക്കൂട്ട നീതിയിലേക്ക് കുറ്റകൃത്യങ്ങളുടെ ശിക്ഷ എത്തിപ്പെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാകുന്നുണ്ട് ഈ സംഭവം. ശക്തമായ നിയമസംവിധാനങ്ങള്‍ നിലവിലിരിക്കെ ഇത്തരം നീതി നടപ്പാക്കുന്നത് തെറ്റാണെന്ന കമന്റുകളും ഈ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിക്കുന്നവരുടെയും മര്‍ദ്ദനമേല്‍ക്കുന്ന വ്യക്തിയുടെയും മുഖങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

https://www.facebook.com/Cantankerorz/videos/2250432215184185/?t=4