പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെയുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ.

മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു. ക്രൂരനായ ആ മനുഷ്യൻ മരിച്ചതിൽ ഒരുതുള്ളി കണ്ണുനീര്‍ പോലും ആരും പൊഴിക്കേണ്ടതില്ല. അതിന് അയാൾ അർഹനല്ല. അത്രയ്ക്ക് നീചനാണ് അയാൾ. ഈ പാപമൊക്കെ നരകത്തിൽ വച്ച് പൊറുക്കപ്പെടട്ടെ’– മുറെ പറഞ്ഞു.
മരണത്തിനു ശേഷം നടന്ന പരിശോധനയിൽ കടുത്ത വേദനാ സംഹാരികൾ മുറെ ജാക്സന് നൽകിയതായി കണ്ടെത്തി. റൂമിൽ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതിൽ അനസ്തേഷ്യക്കുള്ള മരുന്നുകൾ ഉണ്ടായിരുന്നു.

രാത്രിയിൽ ഉറക്കമില്ലാത്തതിനാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്സൺ അറിയിച്ചപ്പോഴാണ് ഈ മരുന്നുകൾ നൽകിയിരുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും ഡോസുള്ള മരുന്നുകൾ ജാക്സണ് നൽകിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്സൺ മുറെയ്ക്കെതിരായ കേസ് പിൻവലിക്കുകയായിരുന്നു.

പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോ ജാക്സൺ ജൂൺ 27 2018 ലാണ് മരിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്സൺ അന്തരിച്ചത്.

1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.