വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.

കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.

മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.